
മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടനു വേണ്ടി മുസ്‌ലിം ലീഗ് വെച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ ലീഗുകാർ തന്നെ കത്തിച്ച് കളഞ്ഞു. ലീഗിനെതിരെയുള്ള മാത്യു കുഴൽനാടൻ്റെ പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധം. മൂവാറ്റുപുഴയിൽ ആയവന പഞ്ചായത്തിലെ പുന്നമറ്റത്ത് സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകളാണ് നശിപ്പിച്ചത്.
അതേസമയം, കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ, പ്രത്യേകിച്ച് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന കാര്യത്തിൽ മുസ്ലിം ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്ന് മാത്യു കുഴൽനാടൻ പ്രസ്താവിച്ചതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. മുന്നണി മര്യാദയുടെ ഭാഗമായി ഇരു പാർട്ടികളും തമ്മിൽ പാലിക്കേണ്ട ഒരു ‘ലക്ഷ്മണരേഖ’ ഉണ്ടെന്നും അത് ആരും ലംഘിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും അതേ മര്യാദ തിരിച്ചും ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
കുഴൽനാടന്റെ ഈ പരാമർശത്തിൽ പ്രതിഷേധിച്ച് കണ്ണൂരിലെ ഇരിക്കൂറിൽ യൂത്ത് ലീഗ് രംഗത്തെത്തി. “ലീഗിനെതിരെ കുഴൽനാടന്റെ കുഴലൂത്ത് വേണ്ട” എന്നെഴുതിയ ഫ്ലക്സ് ബോർഡുകൾ അവർ അവിടെ സ്ഥാപിച്ചിരുന്നു. ഫ്ലക്സ് ബോർഡുകൾക്ക് പുറമെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ മാത്യു കുഴൽനാടനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

