
കോളിഫ്ലവർ പലർക്കും ഇഷ്ടമുള്ള ഒന്നായിരിക്കും. മഞ്ചൂരിയനോ ബജ്ജിയോ ആയി കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. എന്നാൽ ഇതൊക്കെ വീട്ടിൽ ഉണ്ടാക്കാനുളള ഏറ്റവും വലിയ മടി അത് വൃത്തിയാക്കുന്നതിലെ പാട് തന്നെ ആയിരിക്കും. അതിനുള്ളിലെ ഒളിച്ചിരിക്കുന്ന പുഴുക്കളും കീടനാശിനിയുടെ അംശവും ഓർക്കുമ്പോൾ വന്ന കൊതിയൊക്കെ താനേ വിഴുങ്ങും നമ്മൾ. എന്നാൽ ഇനി വൃത്തിയാക്കാനുള്ള പാട് കൊണ്ട് ആ കൊതി മാറ്റി വയ്‌ക്കേണ്ട. കോളിഫ്ലവർ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില ട്രിക്‌സ് പറയട്ടെ ?
കോളിഫ്ലവർ ഇപ്പോഴും മുഴുവനായി കഴുകുന്നതിനേക്കാൾ നല്ലത് അത് ചെറിയ കഷ്ണങ്ങളായി മുറിച്ച ശേഷം കഴുകുന്നതാണ്. ഇതിലൂടെ ഉൾഭാഗങ്ങളിൽ ഒളിച്ചിരിക്കുന്ന പുഴുക്കളെയും അഴുക്കിനെയും നമുക്ക് കണ്ടെത്താൻ കഴിയും. എന്നാൽ കഷ്ണങ്ങൾ അധികം ചെറുതായി പോകാതെ ശ്രദ്ധിക്കണം.
ALSO READ: നിങ്ങളെ അലട്ടുന്നത് വെറുമൊരു തലവേദനയാണോ അതോ മൈഗ്രേനോ? തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ
ഒരു വലിയ പാത്രത്തിൽ ചെറുചൂടുവെള്ളം എടുക്കുക (ഇത് തിളച്ച വെള്ളം ആവരുത്). ഇനി അതിലേക്ക് രണ്ട് ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും കൂടി ചേർക്കുക. നമ്മൾ ചേർക്കുന്ന ഉപ്പ് പുഴുക്കളെ പുറത്തു കൊണ്ടുവരാൻ സഹായിക്കുമ്പോൾ, മഞ്ഞൾപ്പൊടി ഒരു സ്വാഭാവിക അണുനാശിനിയായി പ്രവർത്തിക്കുന്നു.
വാങ്ങിയ കോളിഫ്ലവർ കൂടുതൽ അഴുക്കുള്ളതാണെന്ന് തോന്നുന്നുണ്ടെങ്കിൽ വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടി ചേർക്കാം. ഇത് കീടനാശിനികളുടെ അംശം കുറയ്ക്കാൻ ഫലപ്രദമാണ്.
തയ്യാറാക്കി വെച്ചിരിക്കുന്ന ഈ ലായനിയിൽ കോളിഫ്ലവർ കഷ്ണങ്ങൾ ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ മുക്കി വെക്കുക. കുറച്ചു സമയം കഴിയുമ്പോൾ പുഴുക്കളും മറ്റും മുകളിലേക്ക് പൊങ്ങി വരുന്നത് നമുക്ക് കാണാം. ശേഷം ഈ വെള്ളം കളഞ്ഞ് നല്ല തണുത്ത വെള്ളത്തിൽ ഒരിക്കൽ കൂടി കഴുകിയെടുക്കാം.
കഴുകിയെടുത്ത ഈ കോളിഫ്ലവർ ഒരു കോട്ടൺ തുണിയിലോ ടിഷ്യൂ പേപ്പറിലോ നിരത്തി വെച്ച് വെള്ളം പൂർണ്ണമായും കളയാൻ ശ്രദ്ധിക്കണം. വെള്ളം ഉണ്ടെങ്കിൽ വറുക്കുമ്പോഴോ മറ്റോ കോളിഫ്ലവർ അധികം കുഴഞ്ഞു പോകാൻ സാധ്യത കൂടുതൽ ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


