
പൊറോട്ട സത്യം പറഞ്ഞാൽ മലയാളികളുടെ ദേശീയ ഭക്ഷണമായി മാറിക്കൊണ്ടിരിക്കുകയാണ്. ചൂടുപൊറോട്ടയും ബീഫും ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. നല്ല പൊറോട്ട വീശിയടിക്കുന്ന തട്ടുകടയിലും ഹോട്ടലിലും ക്യൂ ആണ് ആളുകളുടേത്. പഞ്ഞിപോലത്തെ സോഫ്റ്റ് പൊറോട്ട നമുക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം. എങ്ങനെ ആണെന്ന് പറഞ്ഞു തരട്ടെ ?
അവശ്യ ചേരുവകൾ
മൈദപ്പൊടി- 2 കപ്പ്
ചോറ്- 1 1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
പഞ്ചസാര- 1 ടീസ്പൂൺ
നെയ്യ് അല്ലെങ്കിൽ വെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ മൈദപ്പൊടിയിലേയ്ക്ക് ചോറ് ചേർക്കാം. ഇതിലേയ്ക്ക് ഉപ്പും പഞ്ചസാരയും കൂടി ചേർക്കാം. ഇനി ഇത് ഇളക്കി യോജിപ്പിക്കാം. ഇനി മിക്സിയുടെ ഉള്ളിൽ നെയ്യ് പുരട്ടി അതിലേയ്ക്ക് തയ്യാറാക്കിയ മാവ് ചേർത്ത് നന്നായി അരച്ചെടുക്കാം. ആവശ്യത്തിന് വെള്ളം ഒഴിക്കാം. ഒഴിക്കുന്ന വെള്ളം കൂടിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി അരച്ചെടുത്ത മാവ് ഒരു ബൗളിലേയ്ക്കു മാറ്റാമം. ഇത് കൈ ഉപയോഗിച്ച് കുഴയ്ക്കാം. ഇനി മുകളിൽ കുറച്ച് നെയ്യ് പുരട്ടി അര മണിക്കൂറെങ്കിലും അടച്ചു വയ്ക്കാം. ശേഷം അത് ചെറിയ ഉരുളകളാക്കി കൈ ഉപയോഗിച്ച് പരത്താം.
കട്ടി കുറച്ച് പരത്തിയ മാവ് നീളത്തിൽ കീറാം. അവ ചേർത്ത് വീണ്ടും ഉരുളകളാക്കി മുകളിൽ നെയ്യ് പുരട്ടി 15 മിനിറ്റെങ്കിലും മാറ്റി വയ്ക്കാം. വീണ്ടും കൈ ഉപയോഗിച്ച് അത് പരത്താം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിൽ കുറച്ച് നെയ്യ് പുരട്ടാം. പരത്തിയെടുത്ത മാവ് അതിലേയ്ക്കു വച്ച് ഇരുവശവും വേവിച്ചെടുക്കാം. ഇടയ്ക്ക് മുകളിൽ നെയ്യോ എണ്ണയോ കുറച്ച് പുരട്ടി കൊടുക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


