
രാത്രി ചോറുണ്ണുന്നതിനായി കറി ഉണ്ടാക്കാന്‍ മടിച്ചിരിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ വലിയ ചേരുവകള്‍ ഒന്നും ചേര്‍ക്കാതെ അടുക്കളയിലെ സ്ഥിരം ചേരുവകള്‍ ചേര്‍ത്ത് പച്ചമുളക് കൊണ്ട് എളുപ്പത്തില്‍ ഒരു കറിയുണ്ടാക്കാന്‍ കഴിയുമെന്ന കാര്യം അറിയാമോ?. കുറഞ്ഞ ചേരുവകള്‍ ഉപയോഗിച്ച് വേഗത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന പച്ചമുളക് കറി എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
മുളക് – 10 എണ്ണം, ഉണക്കമുളക് 4 , തൈര്, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, വെളിച്ചെണ്ണ , മഞ്ഞള്‍പ്പൊടി , കായപ്പൊടി , ഉപ്പ് ,കടുക് ,ഉലുവ ,വെള്ളം
Also read – പഴംപൊരിയും ഉഴുന്നുവടയും വില്ലനോ?: പ്രമേഹത്തിന് പ്രധാന കാരണം ഇതെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ പച്ചമുളക് ചെറുതായി വരഞ്ഞെടുക്കുക. ശേഷം അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും അര ടീസ്പൂണ്‍ കായപ്പൊടിയും അര ടീസ്പൂണ്‍ ഉപ്പും, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും നന്നായി ഇളക്കി ഒരു മിശ്രിതം ആക്കുക. നേരത്തെ വരഞ്ഞെടുത്ത മുളകിലേക്ക് ഈ കൂട്ട് നന്നായി പുരട്ടിവയ്ക്കുക. ശേഷം ഒരു കപ്പ് തൈരും ഒരു കപ്പ് വെള്ളവും കൂടി നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക.
ശേഷം ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോള്‍ ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. വെള്ളിച്ചെണ്ണ ചൂടായി വരുമ്പോള്‍ ഇതിലേക്ക് നേരത്തെ പുരട്ടിവച്ച മുളക് ഇട്ട് കുറച്ചുനേരം ഫ്രൈ ചെയ്ത് എടുക്കുക. ശേഷം മുളക് എടുത്ത് മാറ്റി വച്ചതിനുശേഷം ബാക്കി വരുന്ന വെളിച്ചെണ്ണയിലേക്ക്, ഒരു ടീസ്പൂണ്‍ കടുക് ഇട്ട് നന്നായി പൊട്ടിച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ ഉലുവയും കൂടി ഇട്ട് കൊടുക്കാം
ഇതേസമയം ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചതച്ചെടുക്കാം. അതും കൂടി ചട്ടിയിലേക്ക് ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. കൂടെത്തന്നെ ഉണക്കമുളകും കറിവേപ്പിലയും ചേര്‍ത്ത് കുറച്ചു വഴറ്റിയതിനുശേഷം നേരത്തെ അടിച്ചെടുത്ത മോര് ഇതിനകത്തേക്ക് ഒഴിച്ചു കൊടുക്കാം. അല്‍പസമയത്തിന് ശേഷം വറുത്തുവച്ച മുളകും കൂടി ഇട്ടു കൊടുത്ത് എല്ലാം കൂടെ നല്ലപോലെ ഇളക്കി കൊടുത്താല്‍ അടിപൊളി രുചിയില്‍ പച്ചമുളക് കറി തയ്യാര്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

