
സന്തോഷ് ട്രോഫിയുടെ കലാശപ്പോരാട്ടത്തിൽ ഞായറാഴ്ച കേരളവും സർവീസസും ഏറ്റുമുട്ടും. ആസാമിലെ ധക്വാഖാന ഫുട്ബോൾ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന പോരാട്ടം ആരാണ് ഇന്ത്യയുടെ ഫുട്ബോൾ രാജാക്കന്മാരെന്ന ചോദ്യത്തിനുത്തരം നൽകും.
നിലവിലെ ഫോമും മത്സരഫലങ്ങളും പരിശോധിച്ചാൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ്-അപ്പ് ആയ കേരളത്തിനാണ് മുൻതൂക്കം. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചിൽ മൂന്നു മത്സരങ്ങളും ജയിച്ച കേരളം തോൽവി അറിഞ്ഞത് അപ്രധാനമായിരുന്ന ഒരു മത്സരത്തിൽ മാത്രമാണ്. എന്നാൽ ആ തോൽവി സംഭവിച്ചത് ഫൈനലിലെ എതിരാളികളായ സർവീസസിനെതിരെ ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ആസാമിനെ 3–0 ന് തോൽപ്പിച്ചതിനു ശേഷം സെമി ഫൈനലിൽ പഞ്ചാബിനെ 4–0 ന് കീഴടക്കിയാണ് കേരളം തുടർച്ചയായി രണ്ടാമത്തെ ഫൈനലിൽ എത്തിയത്.
അതേസമയം പ്രീലിമിനറി ഘട്ടത്തിൽ നിന്ന് തുടങ്ങിയ യാത്രയിലൂടെയാണ് സർവീസസിന് ഫൈനലിൽ എത്താനായത്. ഗോവ, കര്‍ണാടക, ലക്ഷദ്വീപ് എന്നിവരെ തകര്‍ത്തു ഗ്രൂപ്പ് ഘട്ടത്തിലെത്തിയ പട്ടാളക്കാർ നിർണ്ണായക മത്സരത്തിൽ കേരളത്തെ 1–0 ന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് എത്തി. ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ബംഗാളിനെ പെനാൽറ്റി വഴി അട്ടിമറിച്ച അവർ സെമിഫൈനലിൽ റെയിൽവേയെ 2–0 ന് തോൽപ്പിച്ചു. .
Also Read: സന്തോഷ് ട്രോഫി: സെമിഫൈനലിൽ പഞ്ചാബി കരുത്തിനെ മുട്ടികുത്തിക്കാനൊരുങ്ങി കേരളം
കേരളത്തിന്റെ ശക്തമായ പ്രതിരോധവും അച്ചടക്കമുള്ള മധ്യനിരയും വേഗതയേറിയ ആക്രമണനിറയും കേരളത്തിന് മുൻതൂക്കം നൽകും അതേസമയം, കേരളത്തിന്റെ സാങ്കേതിക മികവിനെ തങ്ങളുടെ വേഗതയും ശാരീരിക ശക്തിയും ഏകോപിപ്പിച്ച് തകർക്കാനുള്ള ശ്രമമായിരിക്കും സർവീസസ് നടത്തുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

