പട്ടുടുത്ത് മുല്ലപ്പു ചൂടി വധു, കസവ് മുണ്ടില്‍ സുന്ദരനായി വരന്‍; കൊട്ടും കുരവയും വാദ്യമേളങ്ങളുമായി കോവളത്ത് ഡൊമനികിനും കാമിലയ്ക്കും മാംഗല്യം

foreigners wedding kovalam

പട്ടുസാരിയുടുത്തും തലയില്‍ മുല്ലപ്പൂ ചൂടി സുന്ദരിയായ വധുവും വെള്ള കസവ് മുണ്ടും ഷര്‍ട്ടും ധരിച്ച വരനും മനോഹരമായ ഒരു ചിത്രം തന്നെയാണ്. വരനും വധുവും വിദേശികളാണെങ്കില്‍ ആ ചിത്രത്തിന് മധുരം കുറച്ച് കൂടും. അത്തരത്തില്‍ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കോവളം.

കൊട്ടും കുരവയും വാദ്യമേളങ്ങളുമായി തിരുവനന്തപുരം കോവളം വിഴിഞ്ഞം പിറവിളാകം ക്ഷേത്രത്തില്‍ ഹിന്ദു ആചാരപ്രകാരം വിദേശികള്‍ വിവാഹം കഴിച്ചു. കേരള രീതിയില്‍ വിവാഹ ക്ഷണക്കത്ത് അടിച്ച് കേരളത്തിലെ സുഹൃത്തുക്കളെ ഉള്‍പ്പെടെ ക്ഷണിച്ചായിരുന്നു വിവാഹം.

ക്ഷണം സ്വീകരിച്ചെത്തിയ സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധിപേര്‍ വിവാഹത്തില്‍ പങ്കെടുത്തു. ക്ഷേത്ര സന്നിധിയിലെ കതിര്‍മണ്ഡപത്തില്‍ വെച്ചായിരുന്നു കല്ല്യാണം.

ബുധനാഴ്ച രാവിലെ 10നും 10.25നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു അമേരിക്കക്കാരന്‍ ഡൊമനിക് കാമില്ലോ വോളിനി, ഡെന്‍മാര്‍ക്കുകാരി കാമില ലൂയിസ് ബെല്‍ മദാനിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹശേഷം സദ്യയും ഒരുക്കിയിരുന്നു.

കേരളത്തില്‍ വച്ച് തന്നെയായിരുന്നു ഇരുവരും പ്രണയത്തിലായത്. കേരളത്തെ കുറിച്ച് പഠിക്കാനെത്തിയ ഡൊമനികിനാണ് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉണ്ടായത്. തുടര്‍ന്ന് കാമിലയും ഇതിന് സമ്മതം അറിയിച്ചു.

കേരളീയ സംസ്‌കാരത്തെ അറിയാനും അതില്‍ പങ്കാളികളാകാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. ഡൊമിനിക്കിനെ കാമിലയുടെ മാതാപിതാക്കളും സുഹൃത്തുക്കളും ബൊക്കെയും ഹാരവുമണിയിച്ച് സ്വീകരിച്ചു. രണ്ടര വര്‍ഷമായി കോവളത്ത് കളരി അഭ്യസിക്കുകയാണ് ഡൊമനികും കാമിലയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News