
പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു.
ഇന്ന് രാവിലെ മംഗലം ഡാമിന്റെയും ചിമ്മിനി ഡാമിന്റെയും അതിർത്തി പ്രദേശമായ ഒളകരകവയിലായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ഫയർലൈൻ ജോലിക്കായി പോയ ആറംഗ സംഘത്തെ പിടിയാന ആക്രമിക്കുകയായിരുന്നു. ആനയുടെ മുന്നിൽ അകപ്പെട്ട സംഘം പ്രാണരക്ഷയ്ക്കായി പലവഴിക്കായി ഓടി.
ഇവർ പിന്നീട് അരമണിക്കൂറിന് ശേഷം സംഭവസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് കുമാറിനെ കാട്ടാന ആക്രമിച്ചതായി കണ്ടത്. ഉടൻ കാടിന് പുറത്തെത്തിച്ച് വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിന്നി, ശ്രീജിത്ത്, വാച്ചർമാരായ ഫാരിസ്, വിബിൻ, അനീഷ് എന്നിവർ ചേർന്നാണ് കുമാറിനെ കാടിന് പുറത്തെത്തിച്ചത്. അതേസമയം മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.വരന്തരപ്പിള്ളി പൊലീസ് സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

