മണിപ്പൂരിനെ മറന്ന് മോദിയുടെ യോഗാഭ്യാസം

കെ സിദ്ധാര്‍ത്ഥ്

ലോകത്തെ ഒരുമിപ്പിക്കുകയാണ് യോഗയുടെ ലക്ഷ്യമെന്ന് യുഎന്‍ ആസ്ഥാനത്തെ സമൂഹയോഗാഭ്യാസത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യത്തിന് വേണ്ടി മാത്രമല്ല, പരസ്പരം അനുകമ്പ ഉണ്ടാകാനാണ് യോഗയെന്നും മോദി പറഞ്ഞു. അതേസമയം, മണിപ്പൂര്‍ സംഘര്‍ഷമടക്കം ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ മറച്ചുവെക്കാനാണ് മോദിയുടെ നീക്കമെന്നാണ് ഉയര്‍ന്നുകേള്‍ക്കുന്ന വിമര്‍ശനം.

ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം 2015 മുതല്‍ അന്താരാഷ്ട്ര യോഗദിനമാചരിക്കുകയാണ് ലോകം. നരേന്ദ്രമോദിയുടെ ആദ്യ യുഎസ് സ്റ്റേറ്റ് വിസിറ്റ് തുടരുന്ന ഘട്ടത്തില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനവും സമൂഹ യോഗാഭ്യാസത്തിലൂടെ യോഗദിനം ആഘോഷിക്കുകയാണ്. ഗുസ്തി താരങ്ങളുടെ സമരങ്ങള്‍ക്കും മണിപ്പൂര്‍ സംഘര്‍ഷത്തിനും ചെവികൊള്ളാതെ അമേരിക്കയില്‍ പറന്നെത്തിയ നരേന്ദ്രമോദി ഉപയോഗിച്ച വാക്കുകള്‍ ഐക്യവും അനുകമ്പയും. ലോകത്തെ ഒരുമിപ്പിക്കാനാണ് ഇന്ത്യ യോഗയെ സംഭാവന ചെയ്തതെന്നും ആരോഗ്യം മാത്രമല്ല അനുകമ്പ കൂടി യോഗയുടെ ലക്ഷ്യമാണെന്നും മോദിയുടെ പ്രഖ്യാപനം.

Also Read: മണിപ്പൂര്‍ കലാപം, കേന്ദ്രസര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ബിജെപി എംഎല്‍എമാര്‍

ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നോര്‍ത്ത് ലോണ്‍ ഗാര്‍ഡന്‍സില്‍ ഗാന്ധി പ്രതിമയെ വണങ്ങിയാണ് നരേന്ദ്ര മോദി ചടങ്ങിനെത്തിയത്. യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത യുഎന്‍ സെക്രട്ടറി ജനറലിന്റെയും യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റിന്റെയും നരേന്ദ്രമോദി അടക്കമുള്ളവരുടെയും പ്രസംഗങ്ങള്‍ക്ക് ശേഷം സമൂഹ യോഗാഭ്യാസം. 185ലധികം രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും യുഎന്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയില്‍ ഹോളിവുഡ് നടന്മാരും ഗായകരും അടക്കം സന്നിഹിതരായി. സമൂഹയോഗാഭ്യാസത്തില്‍ പങ്കെടുത്തവരെയെല്ലാം മോദി അടുത്തെത്തി കണ്ടതിന് ശേഷമാണ് മടങ്ങിയത്.

അതേസമയം, അന്താരാഷ്ട്ര വേദിയില്‍ യോഗയുടെ പ്രകടനപരതയെ മോദി ഉപയോഗിക്കുന്നത് ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനാണ് എന്നാണ് വിമര്‍ശനമുയരുന്നത്. ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരമേറിയതിനു ശേഷം രാജ്യം പിന്നാക്കം പോയതിന്റെ കണക്കുകള്‍ യോഗ മാറ്റിന് കീഴില്‍ മറച്ച് വെക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ ജനത പറയുന്നുണ്ട്. ഒപ്പം, മതസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്ര്യത്തിനും വിലങ്ങണിയിച്ച് വിശ്വ ഗുരുവാകാനുള്ള നെട്ടോട്ടമോടുകയാണ് നരേന്ദ്ര മോദി എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന പരിഹാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News