ടിം പെയ്ന്‍ വിരമിച്ചു

മുന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് പെയ്ന്‍ വിരാമമിട്ടത്. ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയാണ് ടിം പെയ്ന്‍. ഷെഫീല്‍ഡ് ഷീല്‍ഡ് ഫസ്റ്റ് ക്ലാസ് പോരാട്ടത്തില്‍ ടാസ്മാനിയക്ക് വേണ്ടി ക്യൂന്‍സ്ലന്‍ഡിനെതിരെ കളിക്കാനിറങ്ങിയതിന് പിന്നാലെയാണ് മുപ്പത്തിയെട്ടുകാരനായ താരം വിരമിക്കുന്നത്.

ഓസ്ട്രേലിയയുടെ 46-ാമത്തെ ടെസ്റ്റ് ക്യാപ്റ്റനായിരുന്നു ടിം പെയ്ന്‍. പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് സ്റ്റീവ് സ്മിത്തിന് നായക സ്ഥാനം നഷ്ടമായപ്പോള്‍ ടിം പെയ്നിനെയാണ് പകരക്കാരനായി ഓസ്ട്രേലിയ അവരോധിച്ചത്. 23 ടെസ്റ്റുകളില്‍ ടിം പെയ്ന്‍ ഓസീസന് ക്യാപ്റ്റനായി. 2018 മുതല്‍ 2021 വരെയായിരുന്നു സ്ഥാനത്തുണ്ടായിരുന്നത്.

ആകെ 35 ടെസ്റ്റുകളാണ് താരം ഓസീസിനായി കളിച്ചത്. ഇത്രയും ഏകദിനങ്ങളിലും താരം ടീമിനായി കളത്തിലെത്തി. 12 ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ ഒന്‍പത് അര്‍ധ സെഞ്ച്വറികളടക്കം 1534 റണ്‍സ്. 92 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും. 890 റണ്‍സാണ് ആകെ സമ്പാദ്യം. 111 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. ട്വന്റി20യില്‍ താരം 82 റണ്‍സാണ് നേടിയത്.

അതേസമയം, 2021ല്‍ ആഷസ് പരമ്പരയ്ക്ക് തൊട്ടുമുന്‍പ് ടിം പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. മറ്റൊരു വിവാദമാണ് സ്മിത്തിന് പിന്നാലെ പെയ്നിന്റേയും ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിച്ചത്.

2017ല്‍ ക്രിക്കറ്റ് ടാസ്മാനിയയിലെ മുന്‍ റിസപ്ഷനിസ്റ്റിന് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതായുള്ള വിവാദം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു രാജി. ഉഭയ സമ്മതത്തോടെയാണ് ഈ സന്ദേശങ്ങള്‍ അയച്ചതെന്നായിരുന്നു 2018ല്‍ ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തിയ ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ താരം വ്യക്തമാക്കിയത്. എന്നാല്‍ ഈ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 2021ലെ ആഷസ് പരമ്പരയ്ക്ക് തൊട്ടുമുന്‍പ് പുറത്തു വന്നതോടെ വിവാദം ഉയര്‍ന്നു. പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച താരം ദേശീയ ടീമില്‍ നിന്നും പിന്‍മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News