
ദില്ലി ഹരിനഗറിൽ വെച്ച് തൻ്റെ കാർ ആക്രമിക്കപ്പെട്ടതായി ദില്ലി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തൻ്റെ വാഹനം ദില്ലിയിലെ ഹരിനഗറിൽ വെച്ചാണ് ആക്രമിക്കപ്പെട്ടതെന്നും പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആണെന്നും ആരോപിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാൾ.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തനിക്കെതിരെ നിരന്തരമായ ആക്രമണങ്ങളാണ് നടക്കുന്നതെന്നും എതിർ സ്ഥാനാർഥിയുടെ അക്രമികളായ അനുയായികളെ തൻ്റെ പൊതുയോഗത്തിൽ പ്രവേശിക്കാൻ ദില്ലി പൊലീസ് അനുവദിക്കുന്നുണ്ടെന്നും ഇതിനു പിന്നിലും അമിത്ഷായുടെ നിർദ്ദേശം ആണെന്ന് കെജ്രിവാൾ ആരോപിച്ചു.
ബിജെപിയുടെ സ്വകാര്യ സൈന്യമായി ദില്ലി പൊലീസിനെ അമിത് ഷാ മാറ്റിയിരിക്കുകയാണെന്നും കെജ്രിവാൾ എക്സിൽ കുറിച്ചു. ദിവസങ്ങൾക്ക് മുൻപ് അരവിന്ദ് കെജ്രിവാളിൻ്റെ കാർ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ തോൽക്കുമോ എന്ന ഭീതിയിൽ കെജ്രിവാളിനെ ആക്രമിക്കാൻ ബിജെപി ഗുണ്ടകളെ ഇറക്കിയിരിക്കുകയാണെന്നായിരുന്നു എഎപിയുടെ ആരോപണം.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരേയും കെജ്രിവാൾ വിമർശനമുന്നയിച്ചു. ഒരു ദേശീയ പാർട്ടിയുടെ നേതാക്കളും അധ്യക്ഷനും നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കുന്നില്ലല്ലോ എന്ന് കെജ്രിവാൾ ചോദിച്ചു. ഇത് കമ്മീഷനെതിരെ ചോദ്യങ്ങളുയർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

