
നാളെ യുഡിഎഫ് സർക്കാർ ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഫേസ്ബുക് പോസ്റ്റുമായി മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. നിയമസഭ പാസാക്കിയ ബജറ്റിൽ കേന്ദ്ര ധനസഹായമായി വകയിരുത്തിയിരിക്കുന്നതിൽ 20000 കോടി രൂപയുടെ കുറവുണ്ടെന്നും ഇത് എങ്ങനെ നികത്തുമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു.
നാളെയാണ് വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്. 2026-27-ലേക്കുള്ള പൂർണ്ണ ബജറ്റും ധനവിനിയോഗ ബില്ലും നിയമസഭ പാസാക്കിക്കഴിഞ്ഞതാണ്, അതുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുക ഒരു ഭേദഗതി ബജറ്റ് ആകാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. 2016-ൽ ഇതാണ് ചെയ്തതെന്ന് ഓർക്കുന്നുവെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു. അപ്പോൾ ഏറ്റവും കൗതുകപൂർവ്വം അറിയാൻ കാത്തിരിക്കുന്ന കാര്യം നിയമസഭ പാസാക്കിയ ബജറ്റിൽ കേന്ദ്ര ധനസഹായമായി വകയിരുത്തിയിരിക്കുന്നതിൽ 20000 കോടി രൂപയുടെ കുറവുണ്ട്. ഇത് എങ്ങനെ നികത്തുമെന്ന് അദ്ദേഹം ചോദിച്ചു.
കേന്ദ്ര ബജറ്റ് അവതരണത്തിനു മുമ്പാണ് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോൾ തന്നെ പ്രതീക്ഷിച്ച അത്രയും തുക കേന്ദ്രത്തിൽ നിന്ന് കേരളത്തിനു ലഭിക്കില്ലായെന്ന് ഉറപ്പായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര ബജറ്റിനു ശേഷമാണ് നിയമസഭ സംസ്ഥാന ബജറ്റ് ചർച്ച ചെയ്തു പാസാക്കിയത്. പക്ഷേ, 20000 കോടി രൂപയുടെ വിടവിനെക്കുറിച്ച് ഗൗരവമായ ചർച്ച നിയമസഭയിലോ മാധ്യമങ്ങളിലോ ഉണ്ടായില്ലായെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് വലിയ പ്രചാരം ലഭിച്ച പോഡ്കാസ്റ്റിൽ പറഞ്ഞത് പോലെ, ഏതെങ്കിലും മാർഗ്ഗത്തിലൂടെ അധികവിഭവ സമാഹരണത്തിന് പദ്ധതിയിട്ടിട്ടുണ്ടോ എന്നായിരിക്കും താൻ ആദ്യം അന്വേഷിക്കുക എന്നും അദ്ദേഹം പറഞ്ഞു.
25000 കോടി രൂപയുടെ നികുതി കുടിശിക ഉണ്ടെന്നും അവ പിരിക്കാൻ കുറ്റകരമായ അനാസ്ഥ എൽഡിഎഫ് സർക്കാർ കാണിച്ചെന്നുമായിരുന്നു അന്നത്തെ ആക്ഷേപമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ എത്ര കോടി രൂപ ഈ വർഷം പിരിച്ചെടുക്കുമെന്നും പ്രതിസന്ധി തീർക്കാൻ കുടിശിക മാത്രം പിരിച്ചെടുത്താൽ മതിയെന്നായിരുന്നല്ലോ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ്ണത്തിൽ നിന്ന് ഇപ്പോൾ ജി.എസ്.ടി വരുമാനം ഏതാണ്ട് 600 കോടി രൂപയാണ്. സ്വർണ്ണ വില്പനയുടെ ടേണോവർ വച്ചു നോക്കിയാൽ 15000 കോടി രൂപയെങ്കിലും പിരിച്ചെടുക്കാനാകുമെന്നാണ് അന്ന് വി ഡി സതീശൻ വാദിച്ചത്. അപ്പോൾ, ഈ വർഷം എത്ര കോടി രൂപ സ്വർണ്ണത്തിൽ നിന്നും പിരിച്ചെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമത ഇല്ലാത്തതുകൊണ്ട് 25000 കോടി രൂപ ഐ.ജി.എസ്.ടി കേരളത്തിന് നഷ്ടപ്പെട്ടുവെന്നായിരുന്നു വി ഡി സതീശന്റെ മറ്റൊരു വിമർശനം. ഐ.ജി.എസ്.ടി ഫലപ്രദമായി പിരിച്ചെടുക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്നും അടുത്ത അഞ്ച് വർഷംകൊണ്ട് ഐ.ജി.എസ്.ടി എത്ര കൂടുതൽ പിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
റവന്യു ചെലവുകളെക്കുറിച്ചും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. ഇന്ദിരാ ഗാരന്റി ഏതെല്ലാം നടപ്പാക്കുമെന്നും എത്ര തുക ഓരോന്നിനുമായി നീക്കിവയ്ക്കുന്നുണ്ടെന്നും ഇതിനു പണം കണ്ടെത്തുമ്പോൾ നിലവിലുള്ള സ്കീമുകൾക്കു വകയിരുത്തിയിരിക്കുന്ന തുക എത്ര വെട്ടിക്കുറയ്ക്കുമെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീ സുരക്ഷാ സഹായ പദ്ധതിക്കുള്ള പണം വകയിരുത്തിയിരിക്കുന്നത് തുടരുമോ എന്നും അദ്ദേഹം ചോദിച്ചു.
സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ഡിഎയുടെ കുടിശികയുടെ ഒരു ഭാഗമെങ്കിലും കൊടുക്കുമോയെന്നും ശമ്പള പരിഷ്കരണം ഉണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു. കെഎസ്ആർടിസിക്ക് എത്ര തുക വകയിരുത്തുന്നു എന്നും 800 കോടി രൂപയെങ്കിലും ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ വകയിരുത്തണമല്ലോ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മൂലധനച്ചെലവിൽ എന്തെങ്കിലും വർദ്ധനയുണ്ടോയെന്നും തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു. കിഫ്ബി ഇനി വായ്പയെടുക്കേണ്ട. ബജറ്റിൽ നിന്ന് ബില്ലിനുള്ള പണം കൊടുത്തുകൊള്ളാമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. 45000 കോടി രൂപയുടെ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്. 10000 കോടി രൂപയുടെയെങ്കിലും ബില്ല് ഈ വർഷം വരും. ഈ തുക പ്രത്യേകം വകയിരുത്തിയിട്ടില്ലെങ്കിൽ അതിനർത്ഥം കിഫ്ബി ബില്ലുകൾ കുടിശികയാകും എന്നാണെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണ പ്രവൃത്തികൾ സ്തംഭിക്കുമെന്നും വിമർശിക്കുക എളുപ്പമാണെന്നും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുക പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. കാത്തിരുന്നു കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

