
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
പ്രിയമുള്ളവരെ,
പതിനഞ്ചാം കേരള നിയമസഭ അതിൻ്റെ അഞ്ച് വർഷത്തെ സംഭവബഹുലവും ചരിത്രപരവുമായ കാലാവധി പൂർത്തീകരിക്കുകയാണ്. കേരളത്തിൻ്റെ ജനാധിപത്യ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതിച്ചേർക്കാൻ ഒട്ടേറെ അധ്യായങ്ങൾ ഈ സഭയ്ക്ക് കഴിഞ്ഞു എന്ന അതിയായ ചാരിതാർത്ഥ്യത്തോടെയാണ് സ്പീക്കർ എന്ന നിലയിൽ ഞാൻ പടിയിറങ്ങുന്നത്. നവകേരള നിർമ്മിതിക്ക് അടിത്തറ പാകിയതും രാജ്യത്തിനുതന്നെ മാതൃകയായതുമായ ഒട്ടേറെ നിയമനിർമ്മാണങ്ങൾക്ക് ഈ കാലയളവിൽ സഭ വേദിയായി. നാല് എഡിഷനുകളിലായി നടന്ന നിയമസഭാ പുസ്തകോത്സവം നിയമസഭയെ ഒരു ജനകീയ ഉത്സവമാക്കി മാറ്റുകയും, നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയാഘോഷ നിറവിൽ പൊതുജനങ്ങൾക്ക് ലൈബ്രറിയിൽ അംഗത്വം നൽകാനും പുസ്തകോത്സവ കാലയളവിൽ സഭയെ ജനങ്ങൾക്കായി തുറന്നുകൊടുക്കാനും നമുക്ക് സാധിച്ചു.
മഹദ് പ്രതിഭകളെ ആദരിക്കാൻ “നിയമസഭാ അവാർഡ്” ഏർപ്പെടുത്തിയതും ഈ കാലയളവിലാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മാതൃകകൾ തീർത്തുകൊണ്ട്, പാർലമെന്റിലേയും വിവിധ സംസ്ഥാനങ്ങളിലേയും വനിതാ ജനപ്രതിനിധികളെ അണിനിരത്തി രാജ്യത്ത് ആദ്യമായി ‘വിമൻസ് ലെജിസ്ലേച്ചേഴ്സ് കോൺഫറൻസ്’ സംഘടിപ്പിച്ചു. സഭ നിയന്ത്രിക്കുന്ന ചെയർപേഴ്സൺമാരുടെ പാനലിൽ മുഴുവൻ പേരും വനിതകളായ ചരിത്ര മുഹൂർത്തത്തിന് ഈ സഭ രണ്ട് വട്ടം സാക്ഷ്യം വഹിക്കുകയും ചെയ്തു.
രാജ്യത്താദ്യമായി ഭരണഘടനാ നിർമ്മാണസമിതിയുടെ സംവാദങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനൊപ്പം സഭാ നടപടികളുടെ പ്രസിദ്ധീകരണത്തിൽ വർഷങ്ങളായി ഉണ്ടായിരുന്ന കുടിശ്ശിക തീർക്കാനും കഴിഞ്ഞു. അമ്പതാണ്ടുകൾ തുടർച്ചയായി സാമാജികനായ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയെ ആദരിക്കുകയും, ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്-ന്റെ സ്മരണയ്ക്കായി മ്യൂസിയത്തിൽ പ്രത്യേക സെഗ്മെന്റ് ഒരുക്കുകയും, മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിയമസഭാ ജീവിതം പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഡിജിറ്റൽ മുന്നേറ്റത്തിന്റെ ഭാഗമായി കടലാസ് രഹിത സഭ എന്ന ലക്ഷ്യത്തോടെയുള്ള ‘ഇ-നിയമസഭ’ പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണ്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം കൈവരിച്ച സഭാ ടി. വിക്ക് സ്വന്തമായി പുതിയ സ്റ്റുഡിയോ വരുന്നു. എം.എൽ.എമാർക്കായി 60 ഫ്ലാറ്റുകളുള്ള പുതിയ സമുച്ചയം, ഊർജ്ജ സ്വയംപര്യാപ്തതയ്ക്കായി 650 കിലോവാട്ട് സൗരോർജ്ജ പാനലുകൾ, നിയമസഭാ സെക്രട്ടേറിയറ്റിൽ ഇ-ഓഫീസ് സംവിധാനം എന്നിവ നടപ്പിലാക്കി.
മുൻ സാമാജികർക്കും നിലവിലെ സാമാജികർക്കും ഒത്തുചേരാൻ ‘പെയ്തിറങ്ങുന്ന ഓർമ്മകൾ’ എന്ന സ്നേഹക്കൂട്ടായ്മ ഒരുക്കിയതിനൊപ്പം, സഭാനടപടികൾ അനിശ്ചിതമായി നീണ്ടുപോകാതെയും പ്രതിപക്ഷാംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും സമയബന്ധിതമായി പൂർത്തീകരിക്കാനും കഴിഞ്ഞു. ഈ നേട്ടങ്ങൾക്ക് പിന്നിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ബഹുമാനപ്പെട്ട എല്ലാ സാമാജികരുടേയും പൂർണ്ണമായ പിന്തുണയുണ്ട്.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും ഔന്നത്യവും കാത്തുസൂക്ഷിക്കാൻ അഹോരാത്രം പ്രയത്നിച്ച നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർ, മികച്ച സേവനം നൽകിയ പൊതുമരാമത്ത്, ആരോഗ്യം, പോലീസ്, ഫയർഫോഴ്സ്, ടെലിക്കോം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സഹായിച്ച, നിയമസഭയുമായി സഹകരിച്ച ഓരോരുത്തരോടുമുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ഈയവസരത്തിൽ രേഖപ്പെടുത്തുന്നു.
കൂടുതൽ കരുത്തുറ്റതും ചലനാത്മകവുമായ ഒരു പുതിയ നിയമസഭയുടെ രൂപീകരണത്തിനായി നമുക്ക് കാത്തിരിക്കാം. ഏവർക്കും സ്നേഹം, നന്ദി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

