
സംസ്ഥാനത്ത് വേനൽ കടുത്തതോടെ പാമ്പ് കടിയേറ്റുള്ള മരണങ്ങളും വർദ്ധിക്കുകയാണ്. ഇപ്പോഴിതാ കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്. തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂരിലാണ് സംഭവം. സോഡ വാങ്ങിച്ച യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വഴിയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. സ്ഥാപനത്തിന്റെ പേര് ഉള്‍പ്പെടെ പ്രസിദ്ധപ്പെടുത്തിയാണ് വീഡിയോ.
റിലാക്‌സ് എന്ന പേരില്‍ വിപണിയിലെത്തുന്ന ജീരക സോഡയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. കുടിക്കാനായി കുപ്പി തുറന്നപ്പോള്‍ കണ്ടത് പാമ്പിനെയായിരുന്നു, ദൈവത്തെ ഓര്‍ത്ത് ആരും ഈ സാധനം വാങ്ങി കുടിക്കരുതെന്നും വിഷ്ണുരാജ് എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ പങ്കുവെച്ച വീഡിയോയില്‍ യുവാക്കള്‍ പറയുന്നു.
പാമ്പിന്റെ ദൃശ്യങ്ങള്‍ കൃത്യമായി കാണിച്ചുകൊണ്ടായിരുന്നു വെളിപ്പെടുത്തല്‍. പച്ചനിറത്തിലുള്ള കുപ്പിയുടെ പുറത്തുനിന്ന് പാമ്പിനെ കാണില്ല, തുറന്നുനോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്, ഇതോടെ കടയുടമയും ഞെട്ടി. കേരളത്തില്‍ പാമ്പുകടിയേറ്റ് നിരന്തരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണിത് എന്നതാണ് ശ്രദ്ധേയം.
സംഭവത്തെത്തുടർന്ന് സോഡാ നിർമാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. ശനി രാവിലെ മനയ്ക്കലപടിയിലുള്ള ഇന്ത്യൻ ഫാസ്റ്റ് ഫുഡ് എന്ന കടയിലാണ് സംഭവം. സമീപത്ത് സോളാർ ജോലിക്കായി എത്തിയ ആലുവ സ്വദേശികൾ വാങ്ങിയ കുപ്പിയിലാണ് ചത്ത പാമ്പിനെ കണ്ടത്. ഉടൻ ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതി നൽകുകയായിരുന്നു. കൊടുങ്ങല്ലൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. എം ബർഷാനയുടെ നേതൃത്വത്തിൽ കോണത്തുകുന്ന് ചിരട്ടകുന്നിൽ പ്രവർത്തിക്കുന്ന റിലാക്‌സ് എന്ന സോഡാ നിർമാണ യൂണിറ്റിൽ പരിശോധന നടത്തി.
യൂണിറ്റിലെ അശാസ്ത്രീയ സാഹചര്യങ്ങളാണ് പാമ്പ് കുപ്പിക്കുള്ളിൽ കടക്കാൻ കാരണമായതെന്ന് പരിശോധനയിൽ കണ്ടെത്തി. തുറസ്സായ സ്ഥലത്താണ് കുപ്പികൾ കഴുകി സൂക്ഷിച്ചിരുന്നത്. നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരുവശം തുറന്നിട്ടിരുന്നു. യൂണിറ്റ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. ഇവിടെ നിന്നും വിതരണം ചെയ്ത മുഴുവൻ സോഡകളും തിരിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

