‘അമൽ ജ്യോതിയിലെ നാല് നരകവർഷങ്ങൾ’; അനുഭവങ്ങൾ പങ്കുവെച്ച് എഴുത്തുകാരി

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യക്ക് പിന്നാലെ കോളേജ് പഠനകാലത്തെ അനുഭവക്കൾ വിവരിച്ച് പൂര്‍വ വിദ്യാര്‍ത്ഥിയും എഴുത്തുകാരിയുമായ അനുജാ ഗണേഷ്. ‘അമൽ ജ്യോതിയിലെ നാല് നരകവർഷങ്ങൾ’ എന്ന തലക്കെട്ടോടെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് അനുജ തൻ്റെ അനുഭവങ്ങൾ വിവരിച്ചിരിക്കുന്നത്.

Also Read: ബിനു അടിമാലിയുടെ സർജറി കഴിഞ്ഞു; വിവരങ്ങൾ പങ്കുവെച്ച് അനൂപ്

കോളജിനേക്കാൾ ഹോസ്റ്റലാണ് യഥാർഥ പീഡനശാലയെന്ന് അനുജ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഉറക്കെ സംസാരിക്കാനോ, ഫോൺ ഉപയോഗിക്കാനോ അനുവാദമില്ല, രാത്രി വൈകി ലൈറ്റ് ഉപയോഗിക്കാൻ പാടില്ല, 8:30 കഴിഞ്ഞാൽ ഇടനാഴികളിലൂടെ നടക്കാൻ പാടില്ല എന്നൊക്കെയുള്ള നിബന്ധനകളാണ് ഹോസ്റ്റലിലുള്ളതെന്നും അവർ ഫേസ് ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം
അമൽ ജ്യോതിയിലെ നാല് നരകവർഷങ്ങൾ
ചില കാര്യങ്ങൾ കേൾക്കുമ്പോൾ ആദ്യം ഉണ്ടാകുന്ന മരവിപ്പിൽ നിന്ന് പുറത്തു വരാൻ അല്പസമയം വേണ്ടി വരും. ശ്രദ്ധയുടെ മരണം അതുപോലെയൊന്നാണ്.
അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ അന്തരീക്ഷം നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരു പൂർവവിദ്യാർഥി എന്ന നിലയിൽ, ശ്രദ്ധയുടെ ദാരുണമായ ആത്മഹത്യയിൽ എനിക്ക് അതിയായ ദുഖവും അസ്വസ്ഥതയും ഉണ്ട്. കോളേജിലെ അടിച്ചമർത്തലിന്റെയും , അമിതമായ കർശന നിയമങ്ങളുടെയും ഫലങ്ങൾ നേരിട്ട് അനുഭവിക്കാനും കാണാനും ഇടയായിട്ടുള്ളതിനാൽ തന്നെ ശ്രദ്ധ എനിക്ക് പരിചയം ഉള്ള ഒരാളായി തന്നെ തോന്നുന്നു. ആ തോന്നലുണ്ടാകാൻ കാരണവുമുണ്ട്. ” എനിക്ക് മരിച്ചാൽ മതി ” എന്ന് ശ്രദ്ധ പറഞ്ഞ വാക്കുകൾ എന്റെ സഹപാഠികളും പറയുന്നത് ആ ക്യാമ്പസ്സിൽ ഞാനും കേട്ടിട്ടുണ്ട്. അതിന് ധൈര്യം ഇല്ലാതെ പോയതുകൊണ്ട് മാത്രം ഇന്നും അവർ ജീവിച്ചിരിപ്പുണ്ട്.
മധ്യകേരളത്തിലെ ഒട്ടുമിക്ക ഇടത്തരം കുടുംബങ്ങളും 12 ആം ക്ലാസ്സ്‌ പാസ്സായ സ്വന്തം മക്കളെ നഴ്സിങ്ങിനും എഞ്ചിനീറിങ്ങിനും ഒക്കെ ചേർക്കുന്നത് വിദേശത്തു പോയി ജോലി ചെയ്തു ജീവിക്കുക എന്ന ലക്ഷ്യത്തോടെ ആണ്. അതേ സ്വപ്നഭാരം ചുമന്നുകൊണ്ടാണ്, ഭാഷ മാത്രം പഠിക്കാൻ താല്പര്യവും കഴിവും ഉണ്ടായിരുന്ന ഞാനും എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കുന്നത്.
കോളേജിൽ എത്തിയ ആദ്യ ദിവസം തന്നെ അവിടുത്തെ നിയമാവലി കേട്ട് കലാലയ ജീവിതം കരാഗ്രഹ ജീവിതമാണെന്ന് ഞാൻ മനസിലാക്കി . അടങ്ങിയൊതുങ്ങി ജീവിക്കുക എന്ന ഒറ്റവാക്കിൽ എല്ലാം ഉണ്ടായിരുന്നു. ഇന്റെർണൽ മാർക്ക്‌ എന്നൊന്നുണ്ടെന്നും, നിന്റെയൊക്കെ ഭാവി ഞങ്ങൾ തീരുമാനിക്കുമെന്നും ആക്രോശിക്കുന്ന മാനസികവൈകല്യമുള്ള കുറെ അധ്യാപകർ, സിസ്റ്റേഴ്സ്, പഠനത്തിൽ മോശം ആണെങ്കിൽ സ്വഭാവം മോശമാണെന്നുള്ള സർട്ടിഫിക്കറ്റ് കൂടെ അവർ അവിടെ കൊടുക്കുന്നുണ്ട്.റെക്കോർഡ് ബുക്കുകൾ ലാബിന്റെ വെളിയിലേക്ക് വലിച്ചെറിയുന്നതിലും , ഉള്ളതിനും ഇല്ലാത്തത്തിനും ഒക്കെ ഫൈൻ അടപ്പിക്കുന്നതിലും , ക്ലാസിന് പുറത്തുനിർത്തുന്നതിലും, മറ്റു കുട്ടികളുടെ മുൻപിൽ അപമാനിക്കുന്നതിലും, റെക്കോർഡ് ബുക്കിൽ ഒപ്പ് വാങ്ങിക്കാൻ കാത്തുനിർത്തുന്നതിലും ഒക്കെ സന്തോഷം കണ്ടെത്തുന്ന സാഡിസ്റ്റുകൾ ആണ് പലരും.
കോളേജ് ഒന്നുമല്ല ഹോസ്റ്റൽ ആണ് യഥാർത്ഥ പീഡനശാല.
ഫോൺ ഉപയോഗിക്കാൻ പാടില്ല, ഉറക്കെ സംസാരിക്കാൻ പാടില്ല, 08.30 കഴിഞ്ഞാൽ കോറിഡോറിൽ നടക്കാൻ പാടില്ല, രാത്രി വൈകി ലൈറ്റ് ഉപയോഗിക്കാൻ പാടില്ല,കോളേജിൽ ആൺകുട്ടികളോട് സംസാരിക്കുന്നതാണ് പ്രശ്നമെങ്കിൽ, ഹോസ്റ്റലിൽ രണ്ട് പെൺകുട്ടികൾ തോളിൽ കൈയിട്ട് നടക്കുന്നത് പോലും സംശയദൃഷ്ടിയോടെയാണ് അവർ കാണുന്നത്. കർത്താവിന്റെ മണവാട്ടികൾ എന്ന് ബഹുമാനത്തോടെ നാം വിളിക്കുന്ന പല സിസ്റ്റേഴ്‌സും പറയുന്ന ഭാഷ കേട്ടാൽ അറയ്ക്കുന്നതാണ്.
ഏതൊരാൾക്കും പഠിച്ച കലാലയത്തിനോട് മാനസികമായി ഒരടുപ്പവും സ്നേഹവും ഒക്കെ ഉണ്ടായിരിക്കും.2011 ൽ അവിടെ നിന്നിറങ്ങുമ്പോൾ ഇനിയൊരിക്കലും ഈ നരകത്തിലേക്ക് തിരിച്ചു വരാൻ ഇടവരല്ലേ എന്നാണ് പ്രാർത്ഥിച്ചത്.
എന്റെ ജീവിതത്തിൽ ആ നാലു വർഷങ്ങൾ ഞാനൊരു വരി കവിത എഴുതിയിട്ടില്ല, ഒരു പുസ്തകം വായിച്ചിട്ടില്ല.ജീവനില്ലാതെ നാലു വർഷം ജീവിച്ചു തീർത്ത ഇടമാണ് അമൽ ജ്യോതി.
നിരന്തരമായ നിരീക്ഷണത്തിൽ തടവുകാരെ പോലെയാണ് അവിടെ വിദ്യാർഥികൾ ജീവിക്കുന്നത്.
ശ്രദ്ധയുടെ മരണം ഒരു കുടുംബത്തിന്റെയോ, കോളേജിന്റെയോ, മാത്രം പ്രശ്നമാണ് എന്ന് തോന്നുന്നില്ല. കേരളത്തിൽ ഇത്തരത്തിൽ എത്രയോ സ്കൂളുകളും, കോളേജുകളും പ്രവർത്തിക്കുന്നുണ്ട്. ഒരാളുടെ ബൗദ്ധികവും മാനസികാവുമായ വികാസത്തിന്‌ വഴിയൊരുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. എന്നാൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫാക്റട്ടറികളെ പോലെയാണ് പ്രവർത്തിക്കുന്നത്. ഒരേ അച്ചിൽ എല്ലാ കുട്ടികളെയും വാർത്തെടുക്കാൻ ശ്രമിക്കുകയാണ്. അച്ചടക്കം എന്ന പേരിൽ ആവശ്യമില്ലാത്ത നിയമങ്ങൾ അടിച്ചേല്പിക്കുകയുമാണ്. മുടി നീട്ടി വളർത്താൻ പെൺകുട്ടിക്ക് സാധിക്കുമെങ്കിൽ ആൺകുട്ടികൾക്ക് അത് അച്ചടക്കമില്ലായ്മ ആകുന്നതെങ്ങനെ? കൊച്ചു കുട്ടികൾ സ്നേഹവും അനുകമ്പയും ഒക്കെ പഠിക്കുന്നത് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ഒക്കെ പെരുമാറ്റം കണ്ടിട്ടാണ്. ക്‌ളാസിൽ മറ്റു കുട്ടികളുടെ മുൻപിൽ തന്നെ അപമാനിയ്ക്കുന്ന ഒരു അദ്ധ്യാപകൻ ജീവിതത്തിലേക്ക് എന്ത് സത്സന്ദേശമാണ് ആ വിദ്യാർത്ഥിക്ക് നൽകുന്നത്?
കാലം മാറുന്നതിനനുസരിച്ച് മാറാത്ത ഇത്തരം നിയമങ്ങൾ വിദ്യാർഥികളിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഇനിയും ആത്മഹത്യകൾ ഉണ്ടാകാതിരിക്കാൻ നമ്മൾ പ്രാർത്ഥിച്ചതുകൊണ്ട് മാത്രം യാതൊരു കാര്യവുമില്ല. ഇപ്പോൾ ആ കോളേജിലെ കുട്ടികൾ പ്രതികരിച്ചത് പോലെ വർഷങ്ങൾക് മുൻപ് ഞങ്ങൾ പ്രതികരിച്ചെങ്കിൽ ഒരുപക്ഷെ ശ്രദ്ധയെ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു. ആ കുറ്റബോധം ഒരു കനൽ പോലെ ഓരോ പൂർവവിദ്യാർഥിയുടെ മനസിലും ഏരിയുന്നുണ്ടാവും!!
ഈ സംഭവം ആ കോളേജിൽ മാറ്റത്തിന്റെ അടിയന്തിര ആവശ്യത്തെപറ്റി വേദനജനകമായ ഒരു ഓർമ്മപ്പെടുത്തലാകട്ടെ. അതിലെ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെയും വ്യക്തിഗത വികാസത്തെയും വിലമതിക്കുന്ന കൂടുതൽ പിന്തുണയും അനുകമ്പയും നിറഞ്ഞ സമീപനം ഇനിയെങ്കിലും മാനേജ്മെന്റിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകട്ടെ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here