ഉച്ചഭക്ഷണ സമയത്തും ഉറക്കസമയത്തും പീഡിപ്പിച്ചത് മൂന്ന് വയസ്സുള്ള പിഞ്ചുകുട്ടികളെ; ഇരകൾ നൂറിലധികം പേർ, ഫ്രാൻസിനെ നടുക്കി വിദ്യാലയങ്ങളിലെ ബാലപീഡന പരമ്പര

Sex Abuse Allegations Rock Schools and Daycare Centres in France; Over 100 Complaints Under Investigation

ഫ്രാൻസിലെ വിവിധ സ്കൂളുകളിലും ഡേകെയർ സെന്ററുകളിലും കുട്ടികൾക്കുനേരെ വ്യാപകമായ ലൈംഗിക പീഡനങ്ങളും ശാരീരിക അതിക്രമങ്ങളും നടന്നതായി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാരീസ് പോലീസ് നിലവിൽ നൂറിലധികം പീഡന പരാതികളാണ് അന്വേഷിക്കുന്നത്.

സ്കൂളുകളിലെ അധ്യാപകരല്ല, മറിച്ച് കുട്ടികളുടെ ഉച്ചഭക്ഷണ സമയം, ഉറക്കസമയം, സ്കൂളിന് ശേഷമുള്ള പ്രവർത്തനങ്ങൾ എന്നിവയുടെ ചുമതലയുള്ള ‘മോണിറ്റർമാർ’ ആണ് ഈ അതിക്രമങ്ങൾ നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു. ഇവർ പലപ്പോഴും നഗരസഭകളോ പ്രാദേശിക അധികാരികളോ നേരിട്ട് നിയമിക്കുന്നവരാണ്.

മൂന്ന് വയസ്സുള്ള പിഞ്ചുകുട്ടികൾ മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾ വരെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. ബലാത്സംഗം ഉൾപ്പെടെയുള്ള അതിക്രമങ്ങളാണ് പല വിദ്യാലയങ്ങളിലും നടന്നത്. പാരീസിലെ 84 പ്രീ-സ്കൂളുകളിലും, 20 പ്രൈമറി സ്കൂളുകളിലും, 10 ഡേകെയർ സെന്ററുകളിലുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പാരീസ് പ്രോസിക്യൂട്ടർ ലോർ ബെക്വാ സ്ഥിരീകരിച്ചു.

ALSO READ: ഭൂമിക്ക് ചുറ്റും കണ്ട ആ ഓറഞ്ച് വെളിച്ചം, കാരണം നിരത്തി നാസ

മതിയായ പരിശീലനമില്ലാത്തവരെയും പശ്ചാത്തല പരിശോധന നടത്താത്തവരെയുമാണ് ഇത്തരത്തിൽ മോണിറ്റർമാരായി നിയമിച്ചതെന്ന് രക്ഷാകർത്താക്കളുടെ സംഘടനകൾ കുറ്റപ്പെടുത്തുന്നു. പലരും താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കുട്ടികളെ അടിക്കുക, മുടിയിൽ പിടിച്ചു വലിക്കുക, ഭക്ഷണം നൽകാതിരിക്കുക, നിർബന്ധപൂർവ്വം ഭക്ഷണം കഴിപ്പിക്കുക തുടങ്ങിയ ക്രൂരതകളും നടന്നതായി പരാതികളിൽ പറയുന്നു.

ഈ പ്രശ്നം പരിഹരിക്കുന്നതിനായി പാരീസ് മേയർ ഇമ്മാനുവൽ ഗ്രെഗ്വാർ 20 ദശലക്ഷം യൂറോയുടെ പദ്ധതി പ്രഖ്യാപിച്ചു. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ പാരീസ് നഗരസഭ 78 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ഇതിൽ 31 പേർ ലൈംഗിക പീഡനാരോപണം നേരിടുന്നവരാണ്.

വർഷങ്ങളായി തങ്ങളുടെ പരാതികൾ അവഗണിക്കപ്പെട്ടുവെന്നും ഇപ്പോൾ മാത്രമാണ് അധികൃതർ നടപടിയെടുക്കാൻ തയ്യാറായതെന്നും രക്ഷാകർത്താക്കളുടെ കൂട്ടായ്മയായ ‘SOS Périscolaire’ പ്രതികരിച്ചു. സ്കൂളുകൾ കുട്ടികൾക്ക് സുരക്ഷിതമായ ഇടമല്ലെന്ന ആശങ്കയിലാണ് ഇപ്പോൾ ഫ്രാൻസിലെ മാതാപിതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News