
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വീണ്ടും അട്ടിമറി. കഴിഞ്ഞ ദിവസം പുരുഷ സിംഗിൾസിൽ ഒന്നാം റാങ്കുകാരൻ യാന്നിക് സിന്നെർ രണ്ടാം റൌണ്ടിൽ പുറത്തായതിന് പിന്നാലെ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചും കളിമൺ കോർട്ടിൽ നിന്ന് പുറത്തായി. ഫ്രഞ്ച് ഓപ്പണിൽ സീഡ് ചെയ്യപ്പെടാത്ത ബ്രസീലിന്റെ യുവതാരം ജുവോ ഫൊസേകയാണ് മൂന്നാം സീഡുകാരനായ ജോക്കോവിച്ചിനെ മൂന്നാം റൌണ്ടിൽ 4 മണിക്കൂർ 53 മിനിറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്.
ആദ്യ രണ്ട് സെറ്റുകൾ 6-4, 6-4 എന്ന സ്കോറിന് മുന്നിട്ട് നിന്ന ശേഷമാണ് 6-3, 7-5, 7-5 എന്ന സ്കോറിന് ജോക്കോവിച്ച് ഫൊസേകയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയത്. ഇതോടെ 19 വയസ് മാത്രം പ്രായമുള്ള ജുവോ ഫൊസേക ജോക്കോവിച്ചിനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ഫ്രഞ്ച് ഓപ്പണിലെ തോൽവിയോടെ 25ാം ഗ്രാൻസ്‌ലാം എന്ന ജോക്കോവിച്ചിന്റെ സ്വപ്നമാണ് തൽക്കാലം അവസാനിച്ചത്. 2023ലെ യുഎസ് ഓപ്പൺ വിജയത്തിലൂടെയാണ് കൂടുതൽ ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ എന്ന റെക്കോർഡിൽ മുൻ ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ടിനൊപ്പം ജോക്കോവിച്ച് എത്തിയത്.
എന്നാൽ പിന്നീട് ഒരു ഗ്രാൻസ്‌ലാം കിരീടം പോലും നേടാനാകാതെ രണ്ടു സീസണുകളാണ് ജോക്കോവിച്ചിന്റെ കരിയറിൽ കടന്നുപോയത്. 2026 ഓസ്ട്രേലിയൻ ഓപ്പണിലൂടെ ആ കിരീട വരൾച്ച അവസാനിപ്പിക്കാമെന്ന ജോക്കോവിച്ചിന്റെയും ആരാധകരുടെയും പ്രതീക്ഷയും അന്ന് ഫൈനലിലെ തോൽവിയോടെ അവസാനിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

