
സൗഹൃദവും ബന്ധങ്ങളും ജീവിതത്തെ ഏറ്റവും സുന്ദരമാക്കുന്ന ഘടകങ്ങളിലേറെ പ്രധാനപ്പെട്ടതാണ്. ജീവതത്തിന്റെ പല ഘട്ടങ്ങളിൽ നാം സന്ധിച്ചവർ, പല കാരണങ്ങളാൽ നമ്മൾക്ക് ഏറെ പ്രിയപ്പെട്ടവർ. അങ്ങനെ പല വഴിത്താരകളിൽ ഒന്നിച്ചുചേർന്നവർ ഒത്തൊരുമിച്ച് ചേർന്നു അവർക്ക് പ്രിയങ്കരനായ വ്യക്തിക്ക് വേണ്ടി.
അധ്യാപകർ, സഹപാഠികൾ, സുഹൃത്തുക്കൾ എല്ലാവരും ഒത്തുചേർന്നു അവർക്ക് പ്രിയങ്കരനായ സ്വരാജിന് വേണ്ടി. വിഷയങ്ങളിൽ അവഗാഹത്തോടെ സംസാരിക്കുന്ന, സംവാദങ്ങളിൽ ജനാധിപത്യ മര്യാദ പുലർത്തുന്ന. നിലപാടുകളിൽ കൃത്യതയും പറയുന്ന കാര്യത്തിൽ തീർച്ചയും മൂർച്ചയുമുള്ള അവരുടെ പ്രിയങ്കരനായ എം സ്വരാജിന് വേണ്ടി അവർ ഒത്തുച്ചേർന്നു.
ഒരു വട്ടം കൂടി പ്രിയ സ്വരാജിനൊപ്പം എല്ലാവരും ഒത്തുച്ചേർന്നപ്പോൾ അവർക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ മനുഷ്യപക്ഷത്തു നിന്നുള്ളൊരാൾ തന്നെയായിരിക്കണം നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് എത്തേണ്ടത്.
നിലമ്പൂർ ഗ്രീൻ ആർട്ട് ഓഡിറ്റോറിയത്തിൽ എല്ലാവരും സ്വരാജിനായി ഒത്തു ചേർന്നപ്പോൾ എഴുത്തുകാരി കെ ആർ മീര പറഞ്ഞ വാക്കുകളിലുണ്ട് സ്വരാജ് അവർക്കിടയിൽ സൃഷ്ടിച്ച സ്വാധീനത്തിന്റെ പ്രഭാവം എത്രത്തോളമുണ്ടെന്ന് അറിയാൻ. സ്വരാജിനൊപ്പം അദ്ദേഹത്തിന് ചുറ്റുമുള്ള സമൂഹവും വളരുകയാണ് എന്ന് പറഞ്ഞ കെ ആർ മീര അതിനൊപ്പം കൂട്ടിച്ചേർത്തു. “അമാന്യമായ വാക്കുകള്‍ ഉപയോഗിക്കാതെ ഇക്കാലത്തും രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന് സ്വരാജ് ബോധ്യപ്പെടുത്തുന്നു”.
“ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം…’ അരൂർ എംഎൽഎയും ഗായികയുമായ ദലീമ പാടിയവസാനിപ്പിച്ചപ്പോൾ സ്‌കൂളിലും കോളേജിലും ആവേശമായ ഒരു സുഹൃത്ത്, അക്കാലഘട്ടത്തിലെ അനുഭവങ്ങളെല്ലാം അവിടെ ഒത്തുച്ചേർന്നവരുടെ മനോ മുകളങ്ങിളിൽ വീണ്ടും തളിരിട്ടു.
അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു വീണ്ടും ആ പഴയ കാലത്തിന്റെ രുചി അവർ ഒരുവട്ടം കൂടി നുണഞ്ഞു. ആഹ്ലാദകരമായ അന്തരീക്ഷത്തിൽ സൗഹൃദം കൈമോശംവരാതെ സൂക്ഷിക്കുന്നത് ഇക്കാലത്ത് പ്രധാനമാണെന്ന് എം സ്വരാജ് പറഞ്ഞു .
അങ്ങനെ ഒരു വട്ടം കൂടി പ്രിയ സ്വരാജിനൊപ്പം ഒത്തുച്ചേർന്നവർ. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരും ഇതര ജില്ലകളിൽ താമസിക്കുന്നവരും എല്ലാവരും ഒരേ പ്രതീക്ഷയാൽ പിരിഞ്ഞു. തങ്ങളുടെ പ്രയപ്പെട്ടവനായ എം സ്വരാജിന്റെ ശബ്ദം ഇനി നിയമസഭയിൽ കേൾക്കാം എന്ന ശുഭാപ്തി വിശ്വാസത്തോടെ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

