
അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുകയാണ് ഇറാൻ. ഇതിനിടെ അമേരിക്ക ലോകത്തെ ഭയപ്പെടുത്താൻ ഉപയോഗിച്ചിരുന്ന തന്ത്രപ്രധാനമായ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ഇറാൻ തകർത്തത് ട്രംപിന് നാണക്കേടായിരിക്കുകയാണ്.
ഏപ്രിൽ മൂന്നിനാണ് അമേരിക്കയുടെ ഏറ്റവും കരുത്തുറ്റ എഫ് 15ഇ യുദ്ധവിമാനം മധ്യഇറാനിൽവെച്ച് തകർത്തത്. ഇതിൽ രണ്ട് പൈലറ്റുമാരാണ് ഉള്ളത്. ഇവരെ രണ്ടുപേരെയും അമേരിക്കൻ സേന രക്ഷപ്പെടുത്തിയത് യു.എസിന് ആശ്വാസമായി.
ഇതേദിവസം തന്നെ അമേരിക്കയുടെ എ-10 വാർതോഗ് ഹോർമുസ് കടലിടുക്കിന് സമീപത്ത് വെച്ച് ഇറാൻ മിസൈലുകൾ ആക്രമിച്ചു. ഈ വിമാനം പിന്നീട് കുവൈറ്റിൽവെച്ച് തകർന്നുവീണു. പൈലറ്റിനെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയും ചെയ്തു.
അമേരിക്കയുടെ രണ്ട് യുഎച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകളും ഇറാൻ തകർത്തവയിൽ ഉൾപ്പെടുന്നു. തകർന്നുവീണ എഫ് 15ഇ യുദ്ധവിമാനത്തിലെ പൈലറ്റുകളെ രക്ഷപ്പെടുത്തുന്ന ദൌത്യത്തിനിടെയാണ് ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകൾ ഇറാൻ തകർത്തത്.
എഫ്-15 ഇ യുദ്ധവിമാനത്തിന്റെ പ്രത്യേകത
ഒരേസമയം വ്യോമാക്രമണവും കരയിലേക്ക് ആക്രമണവും നടത്താൻ കഴിയുന്ന യുദ്ധവിമാനമാണിത്. രണ്ടു പേരായിരിക്കും ഈ വിമാനത്തിൽ ഉണ്ടാകുക. ഒരു പൈലറ്റും ഒരു വെപ്പൺസ് സിസ്റ്റം ഓഫീസറുമാണ് ഇതിലെ ജീവനക്കാർ. യുദ്ധമുഖത്ത് അമേരിക്കയുടെ ഏറ്റവും കരുത്തുറ്റ യുദ്ധവിമാനമാണിത്. വലിയ അളവിലുള്ള ആയുധങ്ങൾ വഹിക്കാനും ഏറെ ദൂരം പറക്കാനും ഇതിനു കഴിയു. മണിക്കൂറിൽ 1875 മൈൽ വേഗതയിൽ കുതിക്കുന്ന ഈ യുദ്ധവിമാനത്തിന് 24500 പൌണ്ട് ഭാരമുള്ള ആയുധങ്ങൾ വഹിക്കാനാകും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ലക്ഷ്യത്തിലേക്ക് ആക്രമിക്കാൻ ഇതിന് സാധിക്കും. ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയപ്പോൾ ഈ യുദ്ധവിമാനം അമേരിക്ക ഉപയോഗിച്ചിരുന്നു. ശത്രുക്കൾക്ക് പ്രതിരോധിക്കാനാകുംമുമ്പ് ലക്ഷ്യം കാണുന്നുവെന്നതാണ് എഫ്-15നെ എതിരാളികളുടെ പേടിസ്വപ്നമാക്കി മാറ്റുന്നത്.
Also Read- അടിതെറ്റിയാൽ ട്രംപും വീഴും; അടിപതറി അമേരിക്ക, രണ്ട് യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ
വാർതോഗ്: എ-10 തണ്ടർബോൾട്ട് II
കരയിലേക്ക് നടത്തുന്ന ആക്രമണത്തിന് ഉപയോഗിക്കുന്ന തന്ത്രപ്രധാന യുദ്ധവിമാനമാണിത്. പ്രധാനമായി കരയിലെ ടാങ്കുകളും ആയുധവാഹനങ്ങളുമാണ് തണ്ടർബോൾട്ട് ലക്ഷ്യമിടുന്നത്. മിനിറ്റിൽ 3,900 റൗണ്ട് വരെ വെടിവയ്ക്കാൻ കഴിവുള്ള ശക്തമായ 30mm ഗാറ്റ്ലിംഗ് തോക്ക് ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

UH-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ
യുദ്ധമുഖത്ത് ഗതാഗതത്തിനും, രക്ഷാ ദൗത്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് UH-60 ബ്ലാക്ക് ഹോക്ക്. സാധാരണയായി മൂന്ന് പേരായിരിക്കും ഇത് നിയന്ത്രിക്കുന്നത്. കൂടാതെ 11 സൈനികരെ വരെ വഹിക്കാനും കഴിയും. ഇതിന് പരമാവധി വേഗത മണിക്കൂറിൽ 183 മൈൽ ആണ്.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

