പള്ളിയിൽ നിന്ന് ക്ഷേത്രത്തിലേക്ക്; കായംകുളം കണ്ടല്ലൂരിൽ മതസൗഹാർദത്തിന്റെ വൈറൽ കാഴ്ച

kayamakulam temple

ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർക്കിടയിൽ ഭരണകർത്താക്കൾ പോലും ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് മതങ്ങൾക്കപ്പുറം മനുഷ്യത്വത്തിന് എന്നും ഊന്നൽ നൽകുന്ന കായംകുളം കണ്ടല്ലൂർ എന്ന ഗ്രാമം മതസൗഹാർദത്തിന് മറ്റൊരു മാതൃക കൂടി കാണിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം വെള്ളിയാഴ്ച കണ്ടല്ലൂർ തെക്ക് മുസ്ലിം ജമാഅത്തിൽ ജുമാ നമസ്കാരത്തിന് ശേഷം വിശ്വാസികൾ പുളിമൂട്ടിൽ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ സ്നേഹവിരുന്നിൽ ഒത്തുകൂടിയത് മറ്റൊരു ഉദാത്ത മാതൃകയാണ് തീർത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കണ്ടില്ലൂർ തെക്ക് മുസ്ലിം ജമാഅത്തിന് സമീപമുള്ള പുളിമൂട്ടിൽ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷികം നടന്നത്. ഇതോടനുബന്ധിച്ച് ഒരുക്കിയ സദ്യയിൽ പങ്കെടുക്കുവാൻ ക്ഷേത്ര ഭാരവാഹികൾ പള്ളി ഭാരവാഹികളെ ക്ഷണിച്ചു. കൂടാതെ വെള്ളിയാഴ്ച പ്രത്യേക ജുമാ നമസ്കാരം കഴിഞ്ഞ ഉടൻ പള്ളിയിലേക്ക് ക്ഷേത്ര ഭാരവാഹികൾ എത്തി വിശ്വാസികളെ ഒന്നടങ്കം സദ്യയിൽ പങ്കെടുക്കുവാൻ ക്ഷണിക്കുകയായിരുന്നു. പള്ളി ഭാരവാഹികളും പള്ളിയിലെ ഉസ്താദ് ഷാജി മുസ്ലിയാരും അടക്കമുള്ള വിശ്വാസികൾ ഒരേ മനസ്സോടെ ക്ഷേത്ര അങ്കണത്തിലേക്ക് എത്തി സ്നേഹ സദ്യയിൽ പങ്കെടുക്കുകയായിരുന്നു. ക്ഷേത്രത്തിലെ വനിതാ കൂട്ടായ്മ ഭാരവാഹികളായ ശ്രീജ, ലേഖ എന്നിവരുടെ നേതൃത്വത്തിലാണ് സ്നേഹ സദ്യ വിളമ്പിയത്.

Also Read: ജബൽപൂർ ബോട്ട് അപകടം; വൈറലായ അമ്മയുടെയും  കുഞ്ഞിന്റെയും ചിത്രം വ്യാജം

പൊതുപ്രവർത്തകൻ ബി ബൈജു അടക്കമുള്ളവർ ഇതിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. കഴിഞ്ഞ നോമ്പുകാലത്ത് ക്ഷേത്ര ഭാരവാഹികളെ കണ്ടല്ലൂർ തെക്ക് മുസ്ലിം ജമാഅത്തിലെ ഭാരവാഹികൾ പള്ളിയിലേക്ക് ക്ഷണിച്ച് നോമ്പുതുറ നടത്തിയിരുന്നു. മതത്തിനും ജാതിക്കും അതീതമായി മനുഷ്യ സൗഹാർദ്ദങ്ങൾക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളാണ് തങ്ങൾ ഒരേ മനസ്സോടെ നടത്തുന്നതെന്ന് ക്ഷേത്ര ഭാരവാഹികളായ സുരേഷ്, അശോകൻ എന്നിവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News