പെട്രോൾ സബ്സിഡി നൽകാനുള്ള നീക്കം ഉപേക്ഷിക്കാൻ ഒരുങ്ങി പാക്കിസ്ഥാൻ

കടത്തിൽ കുടുങ്ങിയ പാക്കിസ്ഥാൻ സർക്കാർ പെട്രോളിന് സബ്സിഡി നൽകാനുള്ള നീക്കവും ഉപേക്ഷിച്ചേക്കും. ഐഎംഎഫ് അനുവദിച്ച കടം ലഭിക്കണമെങ്കിൽ സബ്സിഡി നീക്കം ഉപേക്ഷിക്കേണ്ടിവരും. സാധാരണ വണ്ടികൾക്ക് 100 രൂപ സബ്സിഡി നൽകാനായിരുന്നു ഷഹബാസ് ഷെരീഫ് സർക്കാരിൻറെ ലക്ഷ്യം.

കടത്തിൻമേൽ കടവുമായി ബുദ്ധിമുട്ടുന്ന പാക്കിസ്ഥാന് മുന്നോട്ട് പോകണമെങ്കിൽ ഐഎംഎഫ് നൽകുമെന്ന് അറിയിച്ചിട്ടുള്ള 110 കോടി ഡോളർ ലോൺ ഉടൻ ലഭ്യമാക്കണം. അത് കിട്ടണമെങ്കിൽ ജനങ്ങൾക്ക് നൽകാമെന്നേറ്റ ഇന്ധന സബ്സിഡി കൂടി ഉപേക്ഷിക്കേണ്ടിവരും. 350 പാക്കിസ്ഥാനി രൂപയിൽ കൂടുതൽ പെട്രോളിനും ഡീസലിനും വില കയറിയതോടെ ജനങ്ങൾ അസ്വസ്ഥരാണ്.

ആഡംബര കാറുകൾക്ക് പൂർണ്ണമായ വില ചുമത്തുമ്പോൾ സാധാരണക്കാരുടെ വണ്ടികൾക്കും വിലകുറഞ്ഞ കാറുകൾക്കും 100 രൂപ സബ്സിഡി നൽകാനായിരുന്നു ഷഹബാസ് ഷെരീഫ് സർക്കാരിൻറെ നീക്കം. എന്നാൽ ഇതിൻറെ കാരണം കൂടി വിശദീകരിക്കണം എന്നാണ് ഐഎംഎഫിന്റെ ആവശ്യം. നേരത്തെ നികുതിയും വൈദ്യുതി വെള്ളക്കരവും കുത്തനെ വർധിപ്പിക്കേണ്ടിവന്ന സർക്കാരിന് ഐഎംഎഫിന് മുന്നിൽ ഇന്ധന സബ്സിഡിയും പിൻവലിച്ച് മുട്ടുമടക്കേണ്ടി വന്നേക്കും. ഐഎംഎഫിന്റെ ലോൺ പാസായില്ലെങ്കിൽ പാക്കിസ്ഥാൻ സമ്പദ് വ്യവസ്ഥയ്ക്ക് തകരാതെ തുടരുക അസാധ്യമാണ്.

50 വർഷത്തെ ഏറ്റവും കടുത്ത പണപ്പെരുപ്പവുമായി കഷ്ടപ്പെടുന്ന പാക്കിസ്ഥാന് കരുതൽ ശേഖരമായി 460 കോടി ഡോളർ മാത്രമാണുള്ളത്. ഐഎംഎഫിന്റെ കയ്യിൽ നിന്ന് 650 കോടി ഡോളർ കടമായി വാങ്ങാൻ ലക്ഷ്യമിടുന്ന പാക്കിസ്ഥാൻ സ്വന്തം രൂപയുടെ മൂല്യം പോലും മാർക്കറ്റിൽ വിറ്റുതുലച്ചിരിക്കുകയാണ്. ഐഎംഎഫിന്റെ കടുത്ത ഉപാധികൾ എല്ലാം പാലിച്ചിട്ടും ചർച്ചകളിൽ വിജയം കാണാത്തതാണ് ഇന്ന് ഭരണകൂടം നേരിടുന്ന പ്രധാന പ്രതിസന്ധി. വിലക്കയറ്റം കടുത്തതോടെ പട്ടിണിയിൽ നട്ടംതിരിയുന്ന പാകിസ്താനിലെ 22 കോടി ജനങ്ങൾ ശ്രീലങ്കൻ മാതൃകയിൽ തെരുവിലിറങ്ങുമോ എന്നും ഭരണകൂടം ഭയക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News