‘ഏകാധിപതിയെ വാഴിക്കില്ല, തരിമ്പ് ജനാധിപത്യ ബോധമുണ്ടെങ്കിൽ വി സി സെനറ്റ് കൂടാൻ തയ്യാറാവണം’; ഇടത് സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ

G MURALEEDHARAN

സർവകലാശാലാ ഭരണത്തിൽ വൈസ് ചാൻസലർ ഏകാധിപത്യപരമായ നിലപാടുകൾ സ്വീകരിക്കുന്നതായും ജനാധിപത്യ മര്യാദകൾ ലംഘിക്കുന്നതായും ഇടത് സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ. സർവകലാശാലയുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് വിസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ 98 ദിവസമായി സിൻഡിക്കേറ്റ് യോഗം ചേർന്നിട്ടില്ലെന്നും കൃത്യമായ ഇടവേളകളിൽ നടക്കേണ്ട സെനറ്റ് യോഗങ്ങൾ വിളിച്ചുചേർക്കാൻ വിസി തയ്യാറാകുന്നില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഭരണപരമായ വിഷയങ്ങളിൽ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം യോഗങ്ങളിൽ നിന്ന് ഇറങ്ങിപ്പോകുന്ന നിലപാടാണ് വിസി സ്വീകരിക്കുന്നത്. സെനറ്റിനെ അംഗീകരിക്കാത്ത വിസി എങ്ങനെ സർവകലാശാലയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം ചോദിച്ചു.

ALSO READ: കെ സുധാകരൻ വിളിച്ച ഗുണ്ടകളുടെ യോഗം; പങ്കെടുത്ത ഒരാൾ കൂടി അറസ്റ്റിൽ

യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കൗൺസലിലേക്ക് ആർഎസ്എസ് അഭ്യൂദയകാംക്ഷിയെ നിയമിച്ചതിലൂടെ വിസി  തന്റെ രാഷ്ട്രീയ അജണ്ടകൾ പരസ്യമായി നടപ്പിലാക്കുകയാണെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിക്കുന്നു. സിൻഡിക്കേറ്റിന്റെ അവകാശങ്ങളെ അട്ടിമറിച്ചുകൊണ്ടുള്ള വിസിയുടെ ഈ നീക്കങ്ങൾ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന് സംശയിക്കുന്നതായും ജി. മുരളീധരൻ പറഞ്ഞു.

വിസിക്കൊപ്പമുള്ളത് തനി രാഷ്ട്രീയ അജണ്ടകൾ മാത്രമാണെന്നും ഒരു ഏകാധിപതിയെ വാഴിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിസിക്ക് തരിമ്പെങ്കിലും ജനാധിപത്യ ബോധമുണ്ടെങ്കിൽ ഉടൻ സെനറ്റ് വിളിച്ചുചേർക്കാൻ തയ്യാറാവണം. നിലവിലെ സ്ഥിതി തുടർന്നാൽ വിസിയെ തെരുവിൽ കൈകാര്യം ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News