എന്തുകൊണ്ട് ഈ വീഡിയോ ഇത്ര വൈറലായി? ഉത്തരം സ്വയം കണ്ടെത്തി ഗ്രാൻഡ് മാസ്റ്റർ

basil-joseph-aswamedham-gs-pradeep

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആകെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കൊച്ച് ബേസിലിന്റെ വീഡിയോ. വർഷങ്ങൾക്ക് മുൻപ് കൈരളി ടി വി യുടെ അശ്വമേധം പരിപാടിയിൽ പങ്കെടുത്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ട് തന്നെ പതിനായിരങ്ങളാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. പല സെലിബ്രിറ്റി താരങ്ങൾ വരെ ആ വീഡിയോയ്ക്ക് താഴെ കമന്റ് പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ ആ വീഡിയോ വൈറലായതോടെ ഗ്രാൻഡ് മാസ്റ്ററായ ജി എസ് പ്രദീപ് തന്നെ ബേസിലിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വയനാട്ടിൽ വെച്ച് നടന്ന അശ്വമേധം ഷോയിലാണ് അന്ന് ബേസിൽ പങ്കെടുത്തത്.

Also read: ‘ഒരു സ്ത്രീയുടെ അടി കൊള്ളുന്ന സീൻ മാത്രമാണ് സിനിമയിൽ ഉള്ളുവെങ്കിലും ആ നടൻ ചെയ്യും’: ഉർവശി

അന്നാണ് ഞാനാ കുട്ടിയെ ആദ്യമായി കാണുന്നത്. എണ്ണ തേച്ചു കോതിയ തലമുടിയും, നിറഞ്ഞ ചിരിയും, ആകാംക്ഷ കൊണ്ട് വിടർന്ന കണ്ണുകളും ഉള്ള മിടുക്കനായ ഒരു ബാലൻ. ഭാരതീയ നൃത്ത കലയുടെ ജീവിച്ചിരുന്ന പരമശിവനായ സാക്ഷാൽ ഉദയശങ്കറിനെ മനസ്സിൽ ഓർമിച്ച് അന്ന് അശ്വമേധത്തിൽ ഏർപ്പെട്ട ആ കുട്ടി പിന്നീട് കേരളത്തിൻ്റെ സെല്ലുലോയിഡിൽ അയത്നലാളിത്യത്തിന്റെയും അടങ്ങാത്ത നർമ്മബോധത്തിന്റെയും ആൾരൂപമായി മാറി. വിപരീത അഭിപ്രായങ്ങൾ ആർക്കുമില്ലാത്ത മികച്ച മനുഷ്യൻ കൂടിയാണ് ആ കലാകാരൻ എന്ന് ബേസിലിനെ കുറിച്ച് ജി എസ് പ്രദീപ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

മൂന്നു സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്ന ഒരേയൊരു താലൂക്ക് ഏതാണ് എന്ന ചോദ്യത്തിന് മലയാളിക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ..അത് ,ടിപ്പുസുൽത്താന്റെ സൈനിക താവളമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട സുൽത്താൻബത്തേരി ആണ്. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് അടച്ചിട്ട സ്റ്റുഡിയോയുടെ പരിമിതികളെ അതിജീവിച്ച് മുന്നിൽ നിറഞ്ഞിരിക്കുന്ന ആയിരങ്ങളുടെ മനസ്സിൽ ഒളിച്ചുവെച്ച പേരുകൾ കണ്ടെത്തി അശ്വമേധം തുറന്ന വേദികളിലേക്ക് സഞ്ചരിച്ചു. .കാസർഗോടും തലശ്ശേരിയും മഞ്ചേരിയും ഒക്കെ അടങ്ങുന്ന അറിവാഹ്ളാദത്തിൽ പകലിരവുകളെ ആഘോഷമാക്കിയ ആയിരക്കണക്കിനാളുകൾ…..
അടുത്ത വേദി ബത്തേരിയിൽ ആയിരുന്നു
മൂന്ന് ദിനങ്ങളിൽ ഇടതടവില്ലാത്ത അശ്വമേധപ്പകലുകൾ….
നിരവധി വ്യത്യസ്ത മത്സരാർത്ഥികളും മനസ്സിൽ ഓർമിച്ച വേറിട്ട പേരുകളും….
അന്നാണ് ഞാനാ കുട്ടിയെ ആദ്യമായി കാണുന്നത് ‘
എണ്ണ തേച്ചു കോതിയ തലമുടിയും, നിറഞ്ഞ ചിരിയും, ആകാംക്ഷ കൊണ്ട് വിടർന്ന കണ്ണുകളും ഉള്ള മിടുക്കനായ ഒരു ബാലൻ’…
ഭാരതീയ നൃത്ത കലയുടെ ജീവിച്ചിരുന്ന പരമശിവനായ സാക്ഷാൽ ഉദയശങ്കറിനെ മനസ്സിൽ ഓർമിച്ച് അന്ന് അശ്വമേധത്തിൽ ഏർപ്പെട്ട ആ കുട്ടി പിന്നീട് കേരളത്തിൻ്റെ
സെല്ലുലോയിഡിൽ അയത്നലാളിത്യത്തിന്റെയും അടങ്ങാത്ത നർമ്മബോധത്തിന്റെയും ആൾരൂപമായി മാറി.
വിപരീത അഭിപ്രായങ്ങൾ ആർക്കുമില്ലാത്ത
മികച്ച മനുഷ്യൻ കൂടിയാണ് ആ കലാകാരൻ’….
ആരാധകഹൃദയങ്ങളിൽ ആഴത്തിൽ ഇടംപിടിച്ച പ്രിയപ്പെട്ട ബേസിൽ ജോസഫ്,….
ഇന്നിതാ നമ്മുടെ ആ പഴയ നല്ല നിമിഷങ്ങൾ കുത്തിപ്പൊക്കപ്പെട്ടിരിക്കുന്നു.നിമിഷ നേരം കൊണ്ട് ദശലക്ഷക്കണക്കിന് പ്രേക്ഷകർ അത് ആസ്വദിക്കുകയും ചെയ്യുന്നു…
വ്യക്തിപരമായി ഞാനും അതിൽ ആഹ്ലാദിക്കുന്നു.
എന്നോട് ഞാൻ ചോദിച്ചു ,എന്തുകൊണ്ട് ഈ വീഡിയോ ഇത്ര പെട്ടെന്ന് വൈറലായി എന്ന്…
ഉത്തരവും ഞാൻ തന്നെ പറയട്ടെ….
പ്രിയപ്പെട്ട ബേസിൽ,…
മലയാളി നിങ്ങളുടെ ചിത്രം വരച്ചിരിക്കുന്നത് ക്യാൻവാസുകളിൽ അല്ല,
അവരുടെ ഹൃദയങ്ങളിലെ ഏറ്റവും നിഷ്കളങ്കമായ ഫ്രെയിമുകളിലാണ്….
അതിനവർ ഉപയോഗിച്ചിരിക്കുന്ന മഷിക്ക് പേര് “നിരുപാധികമായ സ്നേഹം” എന്നാണ്…
നിറത്തിനാകട്ടെ “ബേസിൽ “എന്ന് പേരും…..
സ്നേഹാഭിവാദ്യങ്ങളോടെ.
സ്വന്തം
ജി എസ് പ്രദീപ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News