
ആലപ്പുഴ: വാർത്താസമ്മേളനത്തിനിടെ കൈരളി റിപ്പോർട്ടറോട് തട്ടിക്കയറി ജി സുധാകരൻ. സർക്കാരെന്ന് പറഞ്ഞാൽ താനും തന്‍റെ ഭാര്യയുമാണോയെന്നാണ് ജി സുധാകരൻ മാധ്യമപ്രവർത്തകനോട് ചോദിച്ചത്. മാധ്യമപ്രവർത്തകരോട് പഴയ അടുപ്പമില്ലല്ലോ, ശത്രുപക്ഷത്ത് നിർത്തിയിരിക്കുകയാണോ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് സുധാകരൻ ക്ഷുഭിതനായി സംസാരിച്ചത്.
നിങ്ങൾ സഞ്ചരിക്കുന്ന റോഡെല്ലാം, താൻ ഉണ്ടാക്കിയതാണെന്നായിരുന്നു ധാർഷ്ട്യത്തോടെ സുധാകരൻ നടത്തിയ ഒരു പ്രസ്താവന. അത് സർക്കാരിന്‍റെയല്ലേ, എന്ന ചോദ്യത്തിന് സർക്കാരോ, സർക്കാരെന്ന് പറഞ്ഞാൽ താനും തന്‍റെ ഭാര്യയുമാണോയെന്നായിരുന്നു സുധാകരൻ ധാർഷ്ട്യത്തോടെ നൽകിയ മറുപടി. പി.ഡബ്ല്യൂഡി മന്ത്രി എന്ന നിലയിൽ തനിക്കാണ് അതിന്‍റെ ഉത്തരവാദിത്തമെന്നും സുധാകരൻ പറഞ്ഞു. സർക്കാരെന്ന് പറഞ്ഞാൽ തന്നെ ഞാൻ പഠിപ്പക്കണോ, സർക്കാരിന്‍റെയല്ലേ എല്ലാം. താൻ സംസാരിക്കുന്ന തടസപ്പെടുത്തുകയാണ് മാധ്യമപ്രവർത്തകൻ ചെയ്യുന്നതെന്നും, ഇത് വ്യാമോഹമാണെന്നും, അബദ്ധമാണെന്നും സുധാകരൻ പറഞ്ഞു.
Also Read- ‘ആദ്യം അവനെ നിങ്ങള് ജേണലിസം പഠിപ്പിക്ക്’; മാധ്യമപ്രവർത്തകരോട് തട്ടിക്കയറി ജി സുധാകരൻ
വീട്ടിൽ അനുമതിയില്ലാതെ കയറി രഹസ്യസംഭാഷണം കേൾക്കുന്നയാളാണെന്ന് ഒരു മാധ്യമപ്രവർത്തകയെ സുധാകരൻ അധിക്ഷേപിച്ചു. തന്‍റെ വീട്ടിൽ കയറാൻ അനുവാദം വേണമെന്ന് ജി സുധാകരൻ പറഞ്ഞു. അനുവാദം ഇല്ലാതെ തന്‍റെ വീട്ടിൽ വരാൻ പാടില്ലെന്നും സുധാകരൻ ആവർത്തിച്ച് പറഞ്ഞു. നിങ്ങൾ വരാൻ പാടില്ലെന്ന് വനിതാമാധ്യമപ്രവർത്തകയോട് സുധാകരൻ പറയുന്നുണ്ട്. ജി സുധാകരൻ എന്ന നേതാവായതുകൊണ്ടാണ് തങ്ങൾ വരുന്നതെന്ന് മാധ്യമപ്രവർത്തകർ വിശദീകരിച്ചെങ്കിലും അത് കേൾക്കാൻ തയ്യാറാകാതെയാണ് സുധാകരൻ സംസാരിച്ചത്. ആദ്യം നിങ്ങള് അവനെ ജേണലിസം പഠിപ്പിക്കണമെന്നും ചോദ്യങ്ങൾ ചോദിച്ച ഒരു മാധ്യമപ്രവർത്തകനെ ചൂണ്ടി സുധാകരൻ പറഞ്ഞു.
വിളിച്ചപ്പോൾ ഫോൺ എടുത്തില്ലല്ലോ എന്ന് വനിതാ മാധ്യമപ്രവർത്തക ചോദിച്ചപ്പോൾ എന്ത് തോന്നിവാസമാണ് നിങ്ങൾ പറയുന്നതെന്നായിരുന്നു സുധാകരന്‍റെ ചോദ്യം. മാധ്യമപ്രവർത്തകർ പച്ചക്കള്ളം പറയുന്നുവെന്നും കയർത്തുകൊണ്ട് സുധാകരൻ പറഞ്ഞു. താൻ വിളിച്ചിരുന്നുവെന്ന് മാധ്യമപ്രവർത്തക ആവർത്തിച്ചപ്പോൾ, ബാത്ത് റൂമിൽ ആയിരുന്നതുകൊണ്ട് എടുക്കാതിരുന്നതാകാമെന്ന് പറഞ്ഞ് സുധാകരൻ ന്യായീകരിക്കാൻ ശ്രമിച്ചു. വേറെ എങ്ങും പോയി ഇത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്ന് മാധ്യമപ്രവർത്തകരെ സുധാകരൻ ‘താക്കീത്’ ചെയ്യുകയും ചെയ്തു.
നിങ്ങള് സംസാരിക്കേണ്ടെന്നും നിങ്ങളെപ്പറ്റിയാണ് ആക്ഷേപമുള്ളതെന്നും സുധാകരൻ തട്ടിക്കയി പറഞ്ഞു. പ്രതികരണം തേടാൻ വന്നത് തൊഴിലിന്‍റെ ഭാഗമല്ലെന്നും, അഹങ്കാരത്തിന്‍റെ ഭാഗമാണെന്നും സുധാകരൻ ക്ഷുഭിതനായി പറഞ്ഞു. രാഷ്ട്രീയനേതാവാണെന്ന് കരുത് എപ്പോഴും കയറിവരാമോയെന്നും സുധാകരൻ ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

