
കോട്ടയം ഗവമെന്‍റ് നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിന് കൂടുതൽ വിദ്യാർത്ഥികൾ ഇരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഇതിന്‍റെ ഭാഗമായി കോളേജ് ഹോസ്റ്റലിലെ കൂടുതൽ വിദ്യാർത്ഥികളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. വിദ്യാർത്ഥികൾ നിരന്തരമായി റാഗിങ് ഇരായായിട്ടും പുറത്ത് പറയാൻ ആരും തയ്യാറായിരുന്നില്ല. ഇതിൻ്റെ കാരണമാണ് പൊലീസ് അന്വേഷിക്കുന്നത്.
രക്ഷിതാക്കളുടെ പരാതിയാണ് കോളജ് പ്രിൻസിപ്പൾ പൊലീസിന് കൈമാറിയത്. പ്രതികളായ വിദ്യാർത്ഥികളുടെ മൊബൈൽ ഫോണിൽ നിന്നും റാഗിങ് ക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇത് കേസിൽ നിർണ്ണായകമായി. സീനിയർ വിദ്യാർത്ഥികളെ പേടിച്ചിട്ടാണ് പരാതിപ്പെടാഞ്ഞതെന്നാണ് ഇരയായ വിദ്യാർത്ഥികളുടെ മൊഴി.
അതിനാൽ കോളേജിലെ മറ്റ് വിദ്യാർത്ഥികളിൽ ആരെങ്കിലും ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. നിലവിൽ പ്രതികളായ വിദ്യാർത്ഥികൾ റിമാൻഡിലാണ്. ഈ സാഹചര്യത്തിൽ കൂടുതൽ വിദ്യാർത്ഥികൾ റാഗിങ്ങ് സംബന്ധിച്ച് തുറന്ന് പറയുമെന്നാണ് പൊലീസ് കണക്ക്കൂട്ടൽ. കോളേജും, ഹോസ്റ്റലും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം. ഹോസ്റ്റലിലെ അസിസ്റ്റന്‍റ് വാർഡനായ അധ്യാപകനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. അഞ്ച് പ്രതികളുടേയും മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പരാതിക്കാരായ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളുള്ള ഫോണുകൾ ശാസ്ത്രീയ പരിശോധനയക്ക് അയക്കും. പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. സംഭവ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗസമിതിയെ നിയോഗിച്ചു. എത്രയും വേഗം റിപ്പോർട്ട് സർപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

