
കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡ്. തമിഴ്‌നാട് സ്വദേശി താമസിച്ചിരുന്ന മുറിയില്‍ നിന്നും 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഹോസ്റ്റലില്‍ താമസിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു എക്‌സൈസ് സംഘത്തിന്റെ പരിശോധന.
പാളയത്തെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്നു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹോസ്റ്റലിലെ രണ്ടാം ബ്ലോക്കിലെ 455 നമ്പര്‍ മുറിയില്‍ നിന്നും നാലു പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
അടച്ചിട്ട മുറി ചവിട്ടി തുറന്നായിരുന്നു എക്‌സൈസ് സംഘത്തിന്റെ പരിശോധന. മുറിയില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ത്ഥി കടന്നുകളഞ്ഞിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോളേജില്‍ നിന്നും തേടാനാണ് എക്‌സൈസ് സംഘത്തിന്റെ നീക്കം. ലഹരിക്കെതിരെ ശക്തമായ പോരാട്ടമാണ് എസ്എഫ്‌ഐ നടത്തുന്നതെന്നും കഴിഞ്ഞദിവസവും രണ്ടുപേരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നതായും ജില്ലാ സെക്രട്ടറി എസ് കെ ആദര്‍ശ് പറഞ്ഞു.
എക്‌സൈസ് തിരുവനന്തപുരം സിറ്റി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. പ്രതിയെന്ന സംശയിക്കുന്നയാള്‍ നേരത്തെയും ലഹരി ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here