
ഹരിയാന സീറ്റ് കോഴക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരനായ ഗൗരവ് കുമാർ. കോൺഗ്രസ് പണത്തിന് വേണ്ടി മാത്രം നിൽക്കുന്ന പാർട്ടിയാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മലയാളികൾ ഇവർക്ക് വോട്ട് നൽകരുതെന്നും ഗൗരവ് കുമാർ അഭ്യർത്ഥിച്ചു.
കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ചതിയന്മാരാണ്. തന്റെ ഭാര്യയുടെ പേരിൽ നേതാക്കൾ ഏഴ് കോടി രൂപ വാങ്ങിയതായി അദ്ദേഹം വെളിപ്പെടുത്തി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേരളത്തിന്റെ പേരും അവിടുത്തെ സാഹോദര്യവും നശിപ്പിക്കുമെന്നും പ്രബുദ്ധരായ മലയാളികൾ ഈ ചതി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും പങ്കുണ്ടെന്ന് ആരോപണമുണ്ട്. ഇതിനോടകം തന്നെ കെ സി വേണുഗോപാലിന്റെയും പ്രിയങ്ക ഗാന്ധിയുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗൗരവ് കുമാറിന്റെ പരാതിയിൽ ദില്ലിയിലെ നോർത്ത് അവന്യൂ പോലീസ് സ്റ്റേഷനിൽ 0001/2026 എന്ന നമ്പറിൽ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ഉൾപ്പെടെയുള്ള വ്യക്തമായ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും, ഇതൊരു അതീവ ഗൗരവമുള്ള ഹൈ പ്രൊഫൈൽ കേസായാണ് ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതെന്നും ഉറവിടങ്ങൾ വ്യക്തമാക്കുന്നു.
നേരത്തെ നീതി ലഭിക്കാത്തതിനെത്തുടർന്ന് ഗൗരവ് കുമാർ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നതിനായി ഏപ്രിൽ ഏഴിന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനം വിളിക്കുമെന്നും ഗൗരവ് കുമാർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

