
തെന്നിന്ത്യൻ സിനിമാ പ്രേമികൾ നാളേറെയായി കാത്തിരിക്കുന്ന സിനിമയാണ് ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ‘ധ്രുവ നച്ചത്തിരം’. കഴിഞ്ഞ ദിവസമാണ് വിക്രം നായകനായ ഈ ചിത്രം റിലീസ് ചെയ്യാൻ അനുവദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. പിന്നാലെ ഗുരുതര ആരോപണവുമായി ഗൗതം മേനോൻ രംഗത്തെത്തി. തന്റെ കരിയർ നശിപ്പിക്കാൻ ചിലർ ശ്രമിച്ചുവെന്നാണ് സംവിധായകന്റെ ആരോപണം.
സിനിമയുടെ റിലീസ് അനുവദിച്ച മദ്രാസ് ഹൈക്കോടതി വിധിക്ക് നന്ദി അറിയിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ഇദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചത്. തനിക്കുവേണ്ടി നിയമ പോരാട്ടം നടത്തിയ മുതിർന്ന അഭിഭാഷകൻ അബ്ദുൽ ഹമീദിനും കേസിൽ വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തിക്കും നന്ദി പറഞ്ഞ അദ്ദേഹം ഇനിയങ്ങോട്ട് ഉയർച്ചയുടെ നാളുകളാണെന്നും കുറിച്ചു.
തന്റെ കരിയർ നശിപ്പിക്കാനും നൂറിലധികം പേരുടെ അധ്വാനമായ തന്റെ സിനിമ പുറത്തിറങ്ങുന്നത് തടയാനും ചിലർ ശ്രമിച്ചുവെന്നാണ് ഗൗതം മേനോൻ പോസ്റ്റിൽ പറയുന്നത്. മറ്റൊരു മനുഷ്യൻ, അബ്ദുൽ ഹമീദ് എന്ന എന്റെ അഭിഭാഷകൻ മുന്നിലൊരു വഴിയുണ്ടെന്ന് ആശ്വസിപ്പിച്ചു. എന്നെ അതിലേക്ക് നയിച്ചു. മറ്റൊരു പ്രധാനപ്പെട്ട മനുഷ്യൻ ബഹുമാനപ്പെട്ട ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തി എനിക്കായി വഴി തെളിയിച്ച്, ഒടുക്കം വെളിച്ചം കാട്ടുകയും ചെയ്തു, സംവിധായകൻ കുറിച്ചു.
വളരെ വിരളമായി മാത്രം സംഘടിതവും ചിട്ടവട്ടങ്ങളുമുള്ളതുമായ ഫണ്ടുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയിൽ, റിലീസ് കാത്തിരിക്കുന്ന ഏതൊരു സിനിമയ്ക്കും ‘ധ്രുവ നച്ചത്തിരംട റിലീസ് ചെയ്യാൻ നിർദേശിച്ചുള്ള സുപ്രധാന ഉത്തരവ് സഹായകമാവുമെന്നും അദ്ദേഹം പോസ്റ്റിൽ എഴുതി. ഇനിയങ്ങോട്ട് ഉയർച്ച മാത്രം’ എന്ന് കുറിച്ചുകൊണ്ടാണ് ഗൗതം മേനോൻ പോസ്റ്റ് അവസാനിപ്പിച്ചത്.
അതേസമയം ജൂൺ 15-ന് മുമ്പ് ചിത്രം തിയേറ്ററിലെത്തിക്കാനാണ് ഹൈക്കോടതി അനുമതി നൽകിയത്. നേരത്തെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നൂലാമാലകളിൽ കുരുങ്ങിയാണ് ‘ധ്രുവ നച്ചത്തിരം’ സിനിമയുടെ റിലീസ് വർഷങ്ങളായി നീണ്ടുപോയത്. ഐശ്വര്യ രാജേഷ്, വിനായകൻ, ഋതുവർമ, പാർഥിപൻ, സിമ്രാൻ, രാധിക ശരത്കുമാർ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

