
ഗാസ കടുത്ത പട്ടിണിയിലേക്ക്.അടുത്ത രണ്ട് മാസത്തേക്ക് കൂടി പാചകം ചെയ്യാനുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രമെ ഗാസയിലിനി ബാക്കിയുള്ളൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അവശ്യ സാധനങ്ങളുടെ വിതരണം ഇസ്രയേല്‍ തടഞ്ഞതിന് പിന്നാലെയാണിത്.
തെക്കൻ ഗാസയിലാണ് പട്ടിണി രൂക്ഷമാകുന്നത്. നിലവില്‍ യുഎസ് ആസ്ഥാനമായുള്ള മാനുഷിക സംഘടനയായ അമേരിക്കൻ നിയർ ഈസ്റ്റ് റഫ്യൂജി എയ്ഡ് (അനേര) നടത്തുന്ന രണ്ട് കമ്മ്യൂണിറ്റി അടുക്കളകളില്‍ നിന്നാണ് പലയിടത്തേക്കും ഭക്ഷണ വിതരണം നടത്തുന്നത്. ഇവിടെ രണ്ട് മാസത്തേക്ക് കൂടി ഉപയോഗിക്കാനുള്ള സാധനങ്ങള്‍ മാത്രമാണുള്ളതെന്നും അവശ്യസാധനങ്ങള്‍ വാങ്ങിക്കാനായി പണം ഇല്ലെന്നുമാണ് ടീമിനെ നയിക്കുന്ന സാമി മതാർ ബിബിസി ന്യൂസിനോട് പ്രതികരിച്ചത്.
മാർച്ച് 2ന്, ഇസ്രയേൽ ഗാസയിലേക്കുള്ള എല്ലാ വിതരണവും തടഞ്ഞിരുന്നു. ഇതോടെ ഭക്ഷണ സാധനങ്ങള്‍ക്ക് മാത്രമല്ല , ഇന്ധനം, മരുന്നുകൾ എന്നിവയുൾപ്പെടെ എല്ലാ സാധനങ്ങള്‍ക്കും ക്ഷാമം നേരിടുകയാണ്.
ഗാസ മുനമ്പിലേക്കുള്ള ഭക്ഷണവും വെള്ളവും മറ്റ് നിർണായക വിതരണങ്ങളും ഇസ്രയേൽ തുടർച്ചയായി ഉപരോധിക്കുന്നത് മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ, ഗാസയിലെ ആയിരക്കണക്കിന് പലസ്തീൻ കുട്ടികൾ പട്ടിണി ഭീഷണി നേരിടുന്നുവെന്നാണ് ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത്.
വർഷാരംഭം മുതൽ 9,000-ത്തിലധികം കുട്ടികളെ കടുത്ത പോഷകാഹാരക്കുറവിന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ബാലാവകാശ ഏജൻസി (യുണിസെഫ്) വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാൽ മാർച്ച് ആദ്യം ഇസ്രയേൽ പലസ്തീൻ എൻക്ലേവിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതിനുശേഷാമാണ് സ്ഥിതി കൂടുതൽ വഷളായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

