
മരണത്തിന്റെ നിഴലിൽ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയ ഒരു കുരുന്നുജീവനെ വിങ്ങുന്ന മനസ്സോടെ യാത്രയാക്കി ജി.എൽ. അരുൺ ഗോപിയും സമിതിയിലെ അമ്മമാരും. വെറും 900 ഗ്രാം മാത്രം തൂക്കവുമായി രണ്ടര വർഷം മുൻപ് സമിതിയുടെ തണലിലെത്തിയ കുഞ്ഞ്, ഇറ്റലിയിലെ പുതിയ അച്ഛനമ്മമാരുടെ സ്നേഹത്തണലിലേക്ക് പറന്നുയരുമ്പോൾ ഒരു പിതാവിന്റെ വാത്സല്യത്തോടെ അരുൺ ഗോപി എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
ആ 900 ഗ്രാം തൂക്കത്തിൽ നിന്ന് ഒരായിരം ഓർമ്മകളുടെ ഭാരത്തിലേക്ക്…
ചില നിമിഷങ്ങൾ ഹൃദയത്തിൽ ഒരു കനലായി അവശേഷിക്കും. വിടപറയാൻ നേരം വാക്കുകൾ തൊണ്ടക്കുഴിയിൽ തടഞ്ഞുനിൽക്കും. ഇന്നലെ എന്റെ മുന്നിൽ നിന്ന് ഒരു കുഞ്ഞുജീവന്റെ ചിറകടി ദൂരേക്ക് മാഞ്ഞു. ഇറ്റലിയുടെ മണ്ണിലേക്ക്, പുതിയൊരു ആകാശത്തിന് താഴേക്ക്.
രണ്ടര വർഷങ്ങൾക്കു മുൻപുള്ള ആ പകൽ ഇന്നും എന്റെ ഓര്‍മയില്‍ ഉണ്ട്. വെറും 900 ഗ്രാം മാത്രം തൂക്കമുള്ള, ഒരു ശ്വാസത്തിന്റെ നൂലിഴയിൽ ജീവിതം തൂങ്ങിനിൽക്കുന്ന ഒരു കുരുന്നു ജീവനായിട്ടാണ് അവൻ സമിതിയുടെ തണലിലേക്ക് എത്തിയത്. ഒരു കരിയിലയുടെ ഭാരം പോലുമില്ലാത്ത ആ കുഞ്ഞുശരീരത്തെ നെഞ്ചോട് ചേർക്കുമ്പോൾ ഉള്ളിലൊരു വിങ്ങലായിരുന്നു. ഓരോ തുള്ളി പാലിലും ഓരോ നിമിഷത്തെ കഠിനമായ പരിചരണത്തിലും ഞങ്ങൾ അവനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു. ജീവിതത്തിന്റെ ചൂടിലേക്ക് അവൻ പിച്ചവെച്ചു കയറുന്നത് നോക്കിനിൽക്കുമ്പോൾ അതൊരു നിയോഗമായി തോന്നിയിരുന്നു.
എന്റെ മുറിയിലെ ആ മിഠായിപ്പാത്രം…
ഓരോ ദിവസവും ജോലിത്തിരക്കുകൾക്കിടയിൽ ഞാൻ കാത്തിരുന്നത് എന്റെ മുറിയിലെ ആ മിഠായിപ്പാത്രം ലക്ഷ്യമാക്കി വരുന്ന അവന്റെ കുഞ്ഞുപാദങ്ങളെയാണ്. ആ പാത്രം സത്യത്തിൽ അവന് വേണ്ടിയുള്ളതായിരുന്നോ. എപ്പോഴെങ്കിലും തിരക്കിനിടയിൽ അവനെ ശ്രദ്ധിക്കാതെ പോയാലോ, ആ പാത്രം തുറന്നു കൊടുക്കാൻ വൈകിയാലോ അവന്റെ മുഖത്ത് വിരിയുന്ന ആ പരിഭവവും കൊച്ചു പിണക്കവും… നാളെ മുതൽ എന്റെ മുറിയിലെ ആ മിഠായിപ്പാത്രം എത്തിപിടിക്കാൻ അവനില്ല. അവന്റെ വിരൽത്തുമ്പുകൾ തൊടാത്ത ആ മിഠായികൾക്ക് ഇനി എന്ത് രുചിയുണ്ടാകാനാണ്?
വേർപിരിയലിന്റെ കയ്പും പ്രത്യാശയുടെ മധുരവും
സമിതിയിലെ എല്ലാ മക്കളും എനിക്ക് ഒരുപോലെയാണ്. എങ്കിലും, ചിലർ മാത്രം നമ്മുടെ ആത്മാവിന്റെ ആഴങ്ങളിലേക്ക് വേരോടി നിൽക്കും. ജീവിതം അങ്ങനെയാണ്, ചില ബന്ധങ്ങൾ നമ്മൾ അറിയാതെ തന്നെ നമ്മുടെ ഹൃദയത്തിന്റെ ഭാഗമായി മാറും. അവനെ യാത്രയാക്കുമ്പോൾ നെഞ്ചു പിടയുന്നുണ്ട്. നാളെ അവൻ ഉണരുന്നത് മറ്റൊരു രാജ്യത്തായിരിക്കും. അവന് അവിടെ പുതിയൊരു അച്ഛനും അമ്മയും ഉണ്ട്. അവരുടെ സ്നേഹവാത്സല്യങ്ങളിൽ അവൻ വളരുമ്പോൾ, അവിടെ വസന്തം വിരിയുമ്പോൾ, ഇവിടെ ഈ സമിതിയുടെ വരാന്തകളിൽ അവന്റെ പാദമുദ്രകൾ മായാതെ കിടപ്പുണ്ടാകും.
ALSO READ : തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങൾക്ക് ഇനി ഓൺലൈൻ അനുമതി മാത്രം; അപേക്ഷകൾ സുവിധ പോർട്ടൽ വഴി
എഴുതിയാൽ തീരില്ല ഈ ബന്ധം. നീ പോകുന്നിടത്ത് നന്മയുടെ വെളിച്ചം മാത്രം നിന്നെ തേടിയെത്തട്ടെ. നിനക്ക് നൽകിയ ഓരോ തുള്ളി കരുതലും നിന്റെ ഓർമ്മകളിൽ എവിടെയെങ്കിലും ഒരു തണലായി ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
SAT ആശുപത്രിയിലെ സൂപ്രണ്ട് ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ അവന്റെ പ്രിയപ്പെട്ട അമ്മമാർ അവരോട് പ്രത്യേക കടപ്പാട്..വിടവാങ്ങലല്ല ഇത്… നീ പുതിയൊരു ജീവിതത്തിലേക്ക് പറന്നുയരുമ്പോൾ, നിന്റെ ഓരോ വിജയത്തിലും അഭിമാനിക്കുന്ന ഒരു പിതാവിന്റെ ഹൃദയം ഇവിടെയിരുന്ന് നിന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ടാകും.
പൊന്നുമോന് ശുഭയാത്ര…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

