പറന്നുയര്‍ന്ന ഗ്ലൈഡര്‍ വീടിന് മുകളിലേക്ക് തകര്‍ന്നു വീണു, പതിനാലുകാരനും പൈലറ്റിനും ഗുരുതര പരുക്ക്

ജാര്‍ഖണ്ഡില്‍ പതിനാലുകാരനെയും കൊണ്ട് പറന്നുയര്‍ന്ന ഗ്ലൈഡര്‍ വീടിനു മുകളില്‍ തകര്‍ന്നു വീണു. അപകടത്തില്‍ പൈലറ്റിനും വിദ്യാര്‍ഥിക്കും ഗുരുതരമായിപരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച വൈകുന്നേരം 4.50ഓടെ ധന്‍ബാദിലെ ബിര്‍സ മുണ്ട പാര്‍ക്കിന് സമീപമായിരുന്നു അപകടം. പട്‌ന സ്വദേശിയായ കുഷ് സിങ് എന്ന കുട്ടി ധന്‍ബാദില്‍ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. അവിടെയുള്ള ഒരു ബന്ധുവാണ് സ്വകാര്യ ഏജന്‍സി നടത്തുന്ന ഗ്ലൈഡര്‍ യാത്രയ്ക്കായി കുഷ് സിങ്ങിനെ കൊണ്ടുവന്നത്. പൈലറ്റിനെ കൂടാതെ ഒരാള്‍ക്കു മാത്രം യാത്ര ചെയ്യാനാകുന്നതാണ് ഗ്ലൈഡര്‍. ബര്‍വാദ എയര്‍സ്ട്രിപ്പില്‍ നിന്നു പറന്ന ഗ്ലൈഡര്‍ പെട്ടെന്നു നിയന്ത്രണം വിടുകയും 500 മീറ്റര്‍ അകലെയുള്ള വീട്ടിലെ തൂണില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ ഗ്ലൈഡര്‍ പൂര്‍ണമായും തകര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാം.

നിലേഷ് കുമാര്‍ എന്നയാളുടെ വീട്ടിലേക്കാണ് ഗ്ലൈഡര്‍ ഇടിച്ചുകയറിയത്. അപകടത്തില്‍ തന്റെ കുടുംബത്തിലെ ആര്‍ക്കും പരുക്കില്ലെന്നും മക്കള്‍ രണ്ടുപേരും വീടിനകത്ത് ആയിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായെന്നും നിലേഷ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News