പൂജയ്ക്ക് വൻ ഡിമാൻഡ്: ഒരു ദിവസത്തെ ഫീസ് 2.51 ലക്ഷമാക്കി ആൾദൈവം

ആശ്രമത്തിൽ പൂജയ്‌ക്കെത്തുന്നവർക്കുള്ള ഫീസ് കുത്തനെ ഉയർത്തി യുപിയിലെ വിവാദ ആൾദൈവമായ കരൗലി ബാബ. ഏകദിന പൂജയിൽ പങ്കെടുക്കുന്നവർ അടയ്‌ക്കേണ്ട ഫീസ് 1.51 ലക്ഷത്തിൽ നിന്ന് 2.51 ലക്ഷമാക്കിയാണ് ഉയർത്തിയാണ് കരൗലി ബാബ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് സിംഗ് ഭദോറിയ വാർത്തകളിൽ ഇടംപിടിക്കുന്നത്.

ആശ്രമത്തിൽ നടത്തുന്ന പൂജയിലൂടെ മാരകമായ അസുഖങ്ങൾ പോലും ഭേദമാകും എന്നാണ് ആൾദൈവം പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ എത്തുന്നവർ കുറഞ്ഞത് ഒൻപത് തവണയെങ്കിലും പൂജയ്‌ക്കെത്തണം. എന്നാൽ തിരക്കേറിയ തന്റെ ഭക്തർക്ക് അതിന് സാധിക്കാത്തതിനാൽ അതിവേഗ പൂജയും ചെയ്തുകൊടുക്കാറുണ്ട്. ഇവർക്കുള്ള ഫീസാണ് ഒരു ലക്ഷം വർദ്ധിപ്പിച്ച് ഇപ്പോൾ 2.51 ലക്ഷം ആക്കിയിരിക്കുന്നത്. ഈ മാസം 31 വരെ പൂജകളെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞു. ഏപ്രിൽ ഒന്ന് മുതലാണ് പുതിയ ഫീസ് നടപ്പിലാക്കുന്നത്.

അടുത്തിടെ കരൗലി ബാബയുടെ പൂജയിൽ പങ്കെടുത്തിട്ടും പ്രയോജനം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് ഒരാൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതെല്ലാം തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ബാബ ആരോപിക്കുന്നത്. താൻ ഇടപെട്ടാൽ ഇന്ത്യ- പാക് തർക്കം പരിഹരിക്കാൻ കഴിയുമെന്ന് മുൻപ് കരൗലി ബാബ പറഞ്ഞിരുന്നു. കൊവിഡ് വ്യാപനമുണ്ടായപ്പോഴും തന്റെ ഭക്തരാരും രോഗം ബാധിച്ച് മരണപ്പെട്ടില്ലെന്ന് ബാബ അവകാശപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here