
ആഗോള വിപണിയിൽ ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരിക്കുകയാണ്. പവന് 520 രൂപ കുറഞ്ഞ് 1,14,560 രൂപയിലെത്തിയിരിക്കുകയാണ്. ഇത് സ്വർണം വാങ്ങാൻ കാത്തുനിന്നവർക്ക് നേരിയ പ്രതീക്ഷ നൽകിയിരിക്കുകയാണ്. സ്വർണത്തെ വെറും ആഭരണമായി കാണാതെ പലരും ഒരു നിക്ഷേപമാർഗമായി കണ്ടുതുടങ്ങിയിരിക്കുകയാണ്.
എന്നാൽ എങ്ങനെയാണ് സ്വർണത്തിൽ നിക്ഷേപം നടത്തേണ്ടതെന്ന് ഇപ്പോഴും പലർക്കും കൃത്യമായ ധാരണയില്ല. ലോകത്ത് നിലവിൽ ഏകദേശം 1.9 ലക്ഷം ടൺ സ്വർണം പ്രചാരത്തിലുണ്ടെന്നാണ് കണക്ക്. ഇതിൽ 50 ശതമാനവും ആഭരണരൂപത്തിലാണ്. കൂടാതെ 17 ശതമാനം കേന്ദ്രബാങ്കുകളും 13 ശതമാനം വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്.
ഇപ്പോൾ ലോകത്തെ ഫിസിക്കൽ ഗോൾഡിന്റെ ഏകദേശം 20 ശതമാനം നിക്ഷേപ രൂപത്തിലാണ് കൈവശം വയ്ക്കുന്നത്. നാണയങ്ങൾ, ബാറുകൾ, ഗോൾഡ് ഇടിഎഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ, ഡിജിറ്റൽ ഗോൾഡ്, ഇലക്ട്രോണിക് ഗോൾഡ് റെസീറ്റ് (ഇജിആർ), സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) എന്നിവയാണ് പ്രധാന നിക്ഷേപ മാർഗങ്ങൾ. സാമ്പത്തിക അനിശ്ചിതത്വങ്ങൾ, പണപ്പെരുപ്പം, ഓഹരി വിപണിയിലെ ഇടിവ് തുടങ്ങിയ ഘട്ടങ്ങളിൽ സ്വർണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഇപ്പോഴും നിലകൊള്ളുകയാണ്.
also read:സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ അറിയാം…
സ്വർണ നിക്ഷേപത്തിന്റെ പ്രധാന ഗുണങ്ങൾ
- പോർട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷൻ: ഓഹരികളിൽ നിന്ന് വ്യത്യസ്തമായി സ്വർണവില മാറുന്നതിനാൽ അപകടസാധ്യത കുറയ്ക്കാം.
- പണപ്പെരുപ്പ പ്രതിരോധം: രൂപയുടെ മൂല്യത്തകർച്ചയിലും സ്വർണം വാങ്ങിശേഷി നിലനിർത്താൻ സഹായിക്കുന്നു.
- വിപണി പ്രതിസന്ധികളിൽ സുരക്ഷ: 2008 സാമ്പത്തിക മാന്ദ്യവും കോവിഡ് കാലവും ഉൾപ്പെടെ പ്രതിസന്ധിക്കാലങ്ങളിൽ സ്വർണം നേട്ടം നൽകി.
- ഉയർന്ന ലിക്വിഡിറ്റി: പല സ്വർണ നിക്ഷേപങ്ങളും എളുപ്പത്തിൽ വിറ്റഴിക്കാനാകും.
- ദീർഘകാല മൂല്യസംരക്ഷണം: ദീർഘകാലത്ത് സമ്പത്ത് സംരക്ഷിക്കുന്ന ആസ്തിയായി സ്വർണം കണക്കാക്കപ്പെടുന്നു.
ഇന്ത്യയിലെ പ്രധാന സ്വർണ നിക്ഷേപ മാർഗങ്ങൾ
- ഫിസിക്കൽ ഗോൾഡ് – ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ എന്നിവയാണ് പ്രധാന രൂപങ്ങൾ. എന്നാൽ നിർമ്മാണച്ചെലവ്, സംഭരണ ചെലവ്, ശുദ്ധത പരിശോധന എന്നിവ വെല്ലുവിളിയാണ്.
- ഡിജിറ്റൽ ഗോൾഡ് – മൊബൈൽ ആപ്പുകൾ വഴി ചെറിയ തുകയ്ക്ക് പോലും വാങ്ങാം. എളുപ്പമാണ്, പക്ഷേ നിയന്ത്രണ സംവിധാനം പരിമിതമാണ്.
- ഗോൾഡ് ഇടിഎഫ് – ഓഹരി വിപണിയിൽ ട്രേഡ് ചെയ്യുന്ന ഫണ്ടുകൾ. ഡീമാറ്റ് അക്കൗണ്ട് നിർബന്ധമാണ്.
- ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ – ഡീമാറ്റ് ഇല്ലാത്തവർക്കും എസ് ഐ പി വഴി നിക്ഷേപിക്കാം.
- ഇലക്ട്രോണിക് ഗോൾഡ് റെസീറ്റ് (ഇജിആർ) – SEBI നിയന്ത്രണത്തിലുള്ള ഡിജിറ്റൽ ഗോൾഡ് സംവിധാനം. സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ വാങ്ങാനും വിൽക്കാനും കഴിയും.
- സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിആർ) – റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ബോണ്ടുകൾ. 2.5 ശതമാനം വാർഷിക പലിശ ലഭിക്കും. 8 വർഷം പൂർത്തിയാക്കി റീഡീം ചെയ്താൽ ക്യാപിറ്റൽ ഗെയിൻസ് നികുതി ഒഴിവാകും. സാമ്പത്തിക വിദഗ്ധർ പറയുന്നത്, മൊത്തം നിക്ഷേപത്തിന്റെ ഒരു ഭാഗം മാത്രം സ്വർണത്തിലാക്കുന്നതാണ് സുരക്ഷിതവും പ്രായോഗികവുമായ സമീപനമെന്നാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

