കടിയേല്‍ക്കുന്ന ഭാഗത്തെ മാംസം ഉരുകിയൊലിക്കും; മരണം അരമണിക്കൂറില്‍; കൊടിയ വിഷമുള്ള ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് വസിക്കുന്ന ദ്വീപ്

പാമ്പുകളെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. പലതരത്തിലുള്ള പാമ്പുകളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വ്ളോഗുകളും സജീവമാണ്. എന്നാല്‍ പാമ്പുകള്‍ വാസമുറപ്പിച്ചിരിക്കുന്ന അവരുടേതുമാത്രമായ ഒരു മേഖലയെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. ബ്രസീലിലെ ഇല ഡാ ക്വയ്മഡ ഗ്രാന്‍ഡെ അഥവാ സ്നേക് ഐലന്‍ഡാണ് ആ പറഞ്ഞ സ്ഥലം.

ബ്രസീലിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ സാവോ പോളോയില്‍ നിന്ന് 120 കിലോമീറ്ററോളം അകലെയാണ് ഈ ദ്വീപ്. ഏകദേശം 110 ഏക്കര്‍ വിസ്തീര്‍ണത്തില്‍ ഇത് ചുറ്റപ്പെട്ടു കിടക്കുന്നു. കൊടിയ വിഷമുള്ളതും വംശനാശ ഭീഷണി നേരിടുന്നതുമായ ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് എന്ന അപൂര്‍വയിനത്തില്‍പ്പെട്ട ആയിരക്കണക്കിന് പാമ്പുകളാണ് ഇവിടെയുള്ളത്.

ലൈറ്റ് മഞ്ഞയും ബ്രൗണും ഇടകലര്‍ന്നതാണ് ഗോള്‍ഡന്‍ ലാന്‍സ്ഹെഡിന്റെ നിറം. കുന്തത്തിന്റെ ആകൃതിയിലാണ് തല. ബൊത്രോപ്സ് ഇന്‍സുലാരിസ് എന്നാണ് ഇതിന്റെ ബൈനോമിയല്‍ നാമം. ലാറ്റിന്‍ അമേരിക്കയിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പായാണ് ഗോള്‍ഡന്‍ ലാന്‍സ്ഹെഡിനെ വിലയിരുത്തുന്നത്. ഒറ്റക്കടിയില്‍ അരമണിക്കൂറിനുള്ളില്‍ ഒരു മനുഷ്യനെ കൊല്ലാന്‍ ഈ പാമ്പുകള്‍ക്ക് സാധിക്കും.

11000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ ആദിമ ഹിമയുഗ കാലങ്ങളോടനുബന്ധിച്ച് ജലനിരപ്പുയര്‍ന്നതോടെയാണ് ഈ പാമ്പുകള്‍ ദ്വീപില്‍ അകപ്പെട്ടത്. ദ്വീപിലേക്ക് അധികമാരും എത്തിപ്പെടാത്തതുകൊണ്ട് ഈ പാമ്പുകള്‍ പെറ്റുപെരുകി. ഇതോടെ സ്വാഭാവികമായ ഇരകളും ഇവയ്ക്ക് ലഭിക്കാതെയായി.

ദ്വീപിലെക്കെത്തുന്ന ദേശാടനപക്ഷികളായിരുന്നു ഇവരുടെ പ്രധാന ഇരകള്‍. പക്ഷികളെ പിടിക്കണമെങ്കില്‍ കടിക്ക് ശേഷം ഉടനെ അവ വീഴണമെന്ന ആവശ്യമുയര്‍ന്നു. ദ്വീപിലെ പാമ്പുകളുടെ പരിണാമദശയില്‍ ഈ ആവശ്യം സ്വാധീനം ചെലുത്തുകയും മറ്റ് വന്‍കരകളിലെ പാമ്പുകളെ അപേക്ഷിച്ച് ഇവയുടെ വിഷത്തിന് ആറ് മടങ്ങ് വീര്യം ലഭിക്കുകയും ചെയ്തു. ഗോള്‍ഡന്‍ ലാന്‍സ്ഹെഡിന്റെ കടിയേല്‍ക്കുന്ന ഭാഗത്തെ മാംസം ഉരുകാറുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

1909 മുതല്‍ 1920 വരെയുള്ള കാലയളവില്‍ ഇവിടെ ചെറിയ തോതില്‍ മനുഷ്യവാസമുണ്ടായിരുന്നു. ദ്വീപില്‍ സ്ഥാപിച്ചിരുന്ന ഒരു ലൈറ്റ് ഹൗസിന്റെ നിയന്ത്രണത്തിനായുള്ള ആളുകളായിരുന്നു ഇവര്‍. ലൈറ്റ് ഹൗസ് ഓട്ടോമാറ്റിക് സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ഇവിടെ നിന്ന് വിട്ടകന്നു. നിലവില്‍ ഈ ദ്വീപിലേക്ക് ആളുകള്‍ പ്രവേശിക്കുന്നതിന് ബ്രസീല്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രസീല്‍ നേവിയുടെ നിയന്ത്രണത്തിലാണ് നിലവില്‍ ദ്വീപുള്ളത്. ഇവരുടെ അനുമതിയോടെ ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഇവിടെ പ്രവേശിക്കാം. എന്നാല്‍ കൂടെ ഒരു ഡോക്ടര്‍ വേണമെന്ന കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News