
നൈനിറ്റാളില്‍ നിന്നും ദില്ലിയിലേക്ക് മടങ്ങുന്നതിനിടയില്‍ നാലു പേരടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ കണ്ടയ്‌നര്‍ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് പെണ്‍ക്കുട്ടികള്‍ക്ക് ദാരുണാന്ത്യം. ദില്ലി ലക്‌നൗ ഹൈവേയില്‍ ഒരാഴ്ച മുമ്പാണ് അപകടം നടന്നത്. കാറിന്റെ ഡോറുകളെല്ലാം ലോക്കായിരുന്നതിനാല്‍ പൊലീസ് എത്തി രക്ഷപ്പെടുത്തുന്നത് വരെ ഒരു മണിക്കൂറോളം ഇവര്‍ കാറില്‍ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മറ്റ് രണ്ട് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുന്നതിനിടയില്‍ തെറ്റായ ദിശയിലേക്ക് തിരിഞ്ഞതാണ് അപകട കാരണമെന്ന് പൊലീസ് സംശയിക്കുന്നു.
ഹരിയാനയിലെ റോഹത്തക് സ്വദേശികളായ ശിവാനി, സിമ്രന്‍, രാഹുല്‍, സഞ്ജു എന്നിവര്‍ നൈനിറ്റാളില്‍ നീം കരോലി ബാബ ആശ്രമം സന്ദര്‍ശിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ദില്ലിയില്‍ നിന്നും രാംപൂരിലേക്ക് വരികയായിരുന്ന ട്രക്കിലേക്ക് ദില്ലിയിലേക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ബൈപ്പാസ് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു കാര്‍. തുടര്‍ന്ന് ദില്ലിയിലേക്ക് പോകാനായാണ് വാഹനം തിരിച്ചതെന്ന് യുപി മൊറാദാബാദ് എസ്പി രണ്‍വിജയ് സിംഗ് പറഞ്ഞു.
കാറിന്റെ വലതുഭാഗം ട്രക്കിലിടിച്ച് തകര്‍ന്നിട്ടുണ്ട്. അവിടെ നിന്ന് പുക ഉയരുന്ന നിലയിലാണ്. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒരു ഡസനോളം ആളുകളെത്തിയാണ് തീയണച്ചത്. ശിവാനിയും സിമ്രാനും ലോക്കായി പോയ കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടിയിരുന്നു. ട്രക്ക് ഇടിക്കുമ്പോള്‍ കാര്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്നെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. സിമന്റ് പൈപ്പുമായി വന്ന ട്രക്ക് റോഡില്‍ മറിയുകയും ചെയ്തു.
നാലു പേരെയും പുറത്തെടുക്കുമ്പോള്‍ ഡ്രൈവര്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചിരുന്നതായി കാറിനുള്ളിലുണ്ടായിരുന്ന മൊബൈലില്‍ നിന്നും വ്യക്തമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

