
ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഒറ്റപ്പെട്ടു പോയ ആന്ധ്ര സ്വദേശിയായ 68 കാരിക്ക് തുണയായത് ഗൂഗിൾ ട്രാൻസ്‍ലേറ്റർ. കുടുംബാംഗങ്ങൾക്കൊപ്പം തീർഥാനടത്തിന് എത്തിയ വയോധിക കേദാർനാഥിലെ തിക്കിലും തിരക്കിലും പെട്ട് ഒറ്റപ്പെട്ടു പോവുകയായിരുന്നു. ഒപ്പം ഉണ്ടായവരെ കാണാതെ വിഷമിച്ച ഇവർ കുഴഞ്ഞുവീണു. ചൊവ്വാഴ്ച രാത്രി ഗൗരികുണ്ഡ് പാർക്കിംഗ് ഏരിയയിൽ പൊലീസ് കണ്ടെത്തുമ്പോൾ അർധബോധാവസ്ഥയിൽ തളർന്ന് കിടക്കുകയായിരുന്നു.
ഇവർക്ക് തെലുങ്കല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാൻ അറിയില്ലായിരുന്നു. പൊലീസുകാർ ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം വയോധികയുമായി ആശയവിനിമയം നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്നും ഒരു ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
തുടർന്ന് ആംഗ്യഭാഷയിലൂടെ വയോധികയെ സമാധാനിപ്പിച്ച പൊലീസ് കുടുംബത്തിനെ കണ്ടുപിടിച്ചുകൊടുക്കാമെന്നും ഉറപ്പ് നൽകി. പിന്നീട് അവർ പറയുന്നത് ഗൂഗിൾ ട്രാൻസ്‍ലേറ്ററിന്റെ സഹായത്തോടെ പൊലീസ് മനസിലാക്കി. വയോധിക തെലുങ്കിൽ പറഞ്ഞ ഫോൺ നമ്പർ മനസിലാക്കി പൊലീസ് അതിൽ ബന്ധപ്പെട്ടു. കുടുംബം സോൻപ്രയാഗിലാണെന്നും വയോധികയെ കാണാത്തത്തിനെ തുടർന്ന് അന്വേഷണത്തിലാണെന്നും അവർ അറിയിച്ചു. പിന്നീട് പൊലീസ് തന്നെ വയോധികക്ക് വാഹനം വിളിച്ച് നൽകുകയും കുടുംബാംഗങ്ങൾക്കൊപ്പം എത്തിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here