“കെ.പി കണ്ണനും കൂട്ടരും പ്രചരിപ്പിക്കുന്നതുപോലെ കേരളമല്ല കടംകൊണ്ട് മുടിഞ്ഞ സംസ്ഥാനം”; വസ്‌തുതകള്‍ ചൂണ്ടിക്കാട്ടി ഗോപകുമാര്‍ മുകുന്ദന്‍

സാമ്പത്തിക വിദഗ്‌ധന്‍ പ്രൊഫ. കെ.പി കണ്ണന്‍ മാതൃഭൂമി ആ‍ഴ്‌ചപ്പതിപ്പ് അഭിമുഖത്തിൽ ഉന്നയിച്ച വാദങ്ങള്‍ പൊള്ളയെന്ന് ചൂണ്ടിക്കാട്ടി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സമിതി അംഗം ഗോപകുമാര്‍ മുകുന്ദന്‍. സാമ്പത്തിക പ്രയാസമുണ്ടാകുമ്പോൾ സാധാരണഗതിയിൽ നികുതി വരുമാനം വർധിപ്പിക്കുന്നതിനല്ലേ ശ്രമിക്കേണ്ടതെന്നും അതിനുപകരം കടം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്ന രീതി ശരിയാണോ എന്നുമായിരുന്നു കെ.പി കണ്ണന്‍റെ വാദം. അദ്ദേഹം വസ്‌തുതാവിരുദ്ധതയാണ് മുന്‍പോട്ടുവെക്കുന്നതെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അക്കമിട്ട് വ്യക്തമാക്കുകയാണ് ഗോപകുമാര്‍ മുകുന്ദന്‍.

നികുതി വരുമാനം എന്നത് സംസ്ഥാനം പിരിക്കുന്നതു മാത്രമാണ്. കേന്ദ്രം ചുമത്തി പിരിച്ച് സംസ്ഥാനങ്ങളുമായി പങ്കിടേണ്ട നികുതിയെ സംസ്ഥാനത്തിന്റെ നികുതി വരുമാനo എന്ന ഇനത്തിൽ നിന്നും മാറ്റി നിർത്തുകയാണ് കണ്ണന്‍. കേരളം തോന്നിയ പോലെ വായ്‌പ എടുക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും കണ്ണന്‍ ശ്രമിക്കുന്നുവെന്നും ഗോപകുമാര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്‍റെ 2022-2023ലെ ധനക്കമ്മി 2.2 ശതമാനമാണ്. എന്തോ ഒരു ഗോൾഡൻ റൂൾ പോലെ പറയുന്ന മൂന്ന് ശതമാനം തന്നെയില്ല. കേരളം റവന്യൂച്ചെലവിനു ഇങ്ങനെ കടം വാങ്ങിക്കൂട്ടുന്നുവെന്ന് പ്രൊഫ. കെ.പി കണ്ണന്‍ ധ്വനിപ്പിക്കുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ALSO READ  | ‘പഞ്ചായത്ത് പ്രസിഡന്റുമാർക്കടക്കം ഇന്ന് ഇന്നോവ’, കെ പി കണ്ണന്റെ വാദം പൊളിച്ചടുക്കി കിരൺ തോമസിൻ്റെ ഫേസ്ബുക് കുറിപ്പ്

കണ്ണനും കൂട്ടരും പ്രചരിപ്പിക്കും പോലെ കേരളമല്ല ഇന്ത്യയിലെ കടം കൊണ്ടു മുടിഞ്ഞ സ്ഥലം. 2023 മാർച്ച് മാസത്തെ താത്‌കാലിക കണക്കുകൾ പ്രകാരം കേരളത്തിന്‍റെ റവന്യൂ ക്കമ്മി 0.6 ശതമാനമാണ്. രാജ്യത്തെ തന്നെ കുറഞ്ഞ നിരക്കാണിത്. ഇവിടെ മറ്റൊരു കാര്യം പ്രസക്തമാണ്. റവന്യൂക്കമ്മി തുകക്കണക്കിൽ 6500 കോടി രൂപയായിരുന്നു. 2022-23ൽ സംസ്ഥാന സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുനൽകിയ വിഹിതം 12000 കോടി രൂപയാണ്. ഇതിന്റെ പാതി മൂലധനച്ചെലവാണ് എന്ന മിതമായ കണക്കെടുത്താൽ കേരളം കഴിഞ്ഞ സാമ്പത്തിക വർഷം റവന്യൂക്കമ്മിയില്ലാത്ത സംസ്ഥാനമായിരുന്നു എന്നു കാണണം. വാസ്തവങ്ങൾ ഇതായിരിക്കുമ്പോഴാണ് ഇങ്ങനെയുള്ള ആഖ്യാനങ്ങൾ ആഘോഷിക്കപ്പെടുന്നതെന്നും ഗോപകുമാര്‍ മുകുന്ദന്‍ എഫ്‌.ബി പോസ്റ്റിലൂടെ വിശദീകരിക്കുന്നു.

ഗോപകുമാര്‍ മുകുന്ദന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് – പൂര്‍ണരൂപം

സാമ്പത്തിക പ്രയാസമുണ്ടാകുമ്പോൾ സാധാരണഗതിയിൽ നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിനല്ലേ ശ്രമിക്കേണ്ടത്. അതിനു പകരം കടം വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്ന രീതി ശരിയാണോ എന്നതാണ് പ്രൊഫ. കണ്ണൻ തന്റെ മാതൃഭൂമി ആഴ്ച്ചപതിപ്പ് അഭിമുഖത്തിൽ ഉന്നയിക്കുന്ന മറ്റൊരു വൻ ചോദ്യം . ഇവിടെ പ്രൊഫ. കണ്ണൻ രണ്ടു വാസ്തവ വിരുദ്ധതകൾ ഒളിച്ചു കടത്തുന്നുണ്ട്.ഒന്ന്, നികുതി വരുമാനം എന്നത് സംസ്ഥാനം പിരിക്കുന്നതു മാത്രമാണ്. കേന്ദ്രം ചുമത്തി പിരിച്ച് സംസ്ഥാനങ്ങളുമായി പങ്കിടേണ്ട നികുതിയെ,(levied and collected by the union and shared between union and States) സംസ്ഥാനത്തിന്റെ നികുതി വരുമാനo എന്ന ഇനത്തിൽ നിന്നും നൈസായി മാറ്റി നിർത്തുന്നു. എന്തിനാണിതു ചെയ്യുന്നത് ? സംസ്ഥാന നികുതി വരുമാനത്തിൽ ഇതുമുണ്ട് എന്നു വന്നാൽ അതിൽ വരുന്ന വിവേചനം പറയണം . അതിലേയ്ക്കു കണ്ണൻ പോകില്ല എന്നു മാത്രമല്ല, അതു മറച്ചുപിടിച്ച് ആ വിവേചനത്തിനു കാരണക്കാരായവരെ ജാമ്യത്തിലെടുക്കുകയും വേണം. ഇതാണ് ചെയ്യുന്നത്.

രണ്ടാമത്തെ കാര്യം, കേരളം തോന്നിയ പോലെ വായ്പ എടുക്കുന്നു എന്നു വരുത്തണം. അങ്ങനെയാണോ ? കേരളത്തിന്റെ 2022-2023 ലെ ധനക്കമ്മി 2.2 ശതമാനമാണ്. എന്തോ ഒരു ഗോൾഡൻ റൂൾ പോലെ പറയുന്ന 3 ശതമാനം തന്നെയില്ല. കേരളം റവന്യൂച്ചെലവിനു ഇങ്ങനെ കടം വാങ്ങിക്കൂട്ടുന്നു എന്നു ധ്വനിപ്പിക്കുകയും വേണം. കണ്ണനും കൂട്ടരും പ്രചരിപ്പിക്കും പോലെ കേരളമല്ല ഇന്ത്യയിലെ കടം കൊണ്ടു മുടിഞ്ഞ സ്ഥലം. ( ആ രീതി തന്നെ അർത്ഥ രഹിതമാണ് ) 2023 മാർച്ച് മാസത്തെ താൽകാലിക കണക്കുകൾ പ്രകാരം കേരളത്തിന്റെ റവന്യൂ ക്കമ്മി 0.6 ശതമാനമാണ്. രാജ്യത്തെ തന്നെ കുറഞ്ഞ നിരക്കാണിത്. ഇവിടെ മറ്റൊരു കാര്യം പ്രസക്തമാണ്. റവന്യൂ ക്കമ്മി തുകക്കണക്കിൽ 6500 കോടി രൂപയായിരുന്നു.

2022-23ൽ സംസ്ഥാന സർക്കാർ തദ്ദേശഭരണ സ്ഥാപനങൾക്കു നൽകിയ വിഹിതം 12000 കോടി രൂപയാണ്. ഇതിന്റെ പാതി മൂലധനച്ചെലവാണ് എന്ന മിതമായ കണക്കെടുത്താൽ കേരളം കഴിഞ്ഞ സാമ്പത്തിക വർഷം റവന്യൂ ക്കമ്മിയില്ലാത്ത സംസ്ഥാനമായിരുന്നു എന്നു കാണണം.വാസ്തവങ്ങൾ ഇതായിരിക്കുമ്പോഴാണ് ഇങ്ങനെയുള്ള ആഖ്യാനങ്ങൾ ആഘോഷിക്കപ്പെടുന്നത്. മൂലധനച്ചെലവിന്റെ കാര്യത്തിൽ എത്ര കോൺട്രഡിക്ടറിയായ സമീപനങളാണ് ശ്രീ കണ്ണൻ കൈക്കൊള്ളുന്നത് ? കിഫ്ബി മുതൽമുടക്ക് മുഴുവൻ ദീർഘകാല ആസ്തി നിർമ്മാണത്തിലാണല്ലോ നടക്കുന്നത്. മൂലധനച്ചെലവിനുള്ള ഈ കടമെടുപ്പിനെ എന്തു സാമ്പത്തിക യുക്തി വെച്ചാണ് ഇദ്ദേഹം അടിമുടി എതിർക്കുന്നത് ?

നമ്മുടെ നികുതി വരുമാനത്തിൽ നിന്നും തിരിച്ചടവ് നടത്തുന്നു എന്ന കേന്ദ്ര ആക്ഷേപത്തിൽ തന്നെയാണോ ശ്രീ കണ്ണനും ഊന്നുന്നത് ? കേന്ദ്രം പറയുന്നത് ഇത്തരം സ്ഥാപനങ്ങൾ ടോളും ഫീസുകളും വഴി സ്വയം വരുമാനമുണ്ടാക്കിയാൽ അവ എടുക്കുന്ന കടം സ്വീകാര്യമാണ് എന്നതാണ്. എന്നു പറഞ്ഞാൽ നമ്മുടെ റോഡുകൾ, പാലങ്ങൾ, ROB കൾ എന്നിവയ്ക്കെല്ലാം കനത്ത ടോൾ വേണം. സ്ക്കൂളുകൾക്കും ആശുപത്രികൾക്കും കനത്ത യൂസർ ഫീസ് വേണം. അല്ലെങ്കിൽ അതൊക്കെ അവിടെ കിടക്കട്ടെ, കാശുണ്ടാകുന്ന നല്ല കാലത്ത് ചെയ്യാം. ഇതാണാ വാദം.

ഇതേ സമയം കേരളത്തിന്റെ ആറുപതിറ്റാണ്ടുകാലത്തെ അനുഭവങൾ വെച്ച് നമ്മുടെ പ്രോജക്ട് നടത്തിപ്പിലെ പതിറ്റാണ്ടുകൾ വരുന്ന കാലതാമസം ഒരു spectacular failure ആയിട്ടാണ് അദ്ദേഹം വിലയിരുത്തുന്നത് . ഇറിഗേഷൻ പദ്ധതികൾ, വൈദ്യുത പദ്ധതികൾ, മരാമത്ത് പശ്ചാത്തല നിർമ്മിതികൾ തുടങ്ങി കാൽ നൂറ്റാണ്ട് കൊണ്ടും തീരാത്ത പദ്ധതികളാണ് ഈ failure വിളംബരം ചെയ്തത്. പ്രോജക്ട് നടത്തിപ്പിലെ കാര്യക്ഷമതയില്ലായ്മയുടെ മർമ്മ പ്രധാന കാരണം ” രാമേശ്വരം ക്ഷൗരം ” പോലെ ഉള്ളത് കുറേശേ എല്ലാ പദ്ധതികൾക്കുമായി പ്രസാദം പോലെ വിതരണം ചെയ്യുന്ന രീതിയായിരുന്നു. പണമില്ലായ്മയായിരുന്നു സുപ്രധാന കാരണം. അതാണ് കേരളത്തിന്റെ ഇൻഫ്രാസ്ട്രക്ചർ ഡഫിസിറ്റിനു പ്രധാന കാരണമായത്. ഈ ധനപരിമിതി മറിച്ചു കടക്കുകയാണ് കിഫ്ബി ചെയ്യുന്നത്. ഏതു യുക്തി വെച്ചാണ് കണ്ണൻ കിഫ്ബിയെ ആക്രമിക്കുന്നത് ? കേന്ദ്ര ഏജൻസികൾ ചെയ്യാൻ ശ്രമിക്കുന്ന അതേ പണിയാണ് അദ്ദേഹവും ചെയ്യുന്നത്.

കെ -റെയിലാണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ്. ദാ ഇപ്പോൾ വളവു നിവർത്തി വന്ദേ ഭാരത് യഥേഷ്ടം 110 കി.മീ വേഗത്തിൽ ഓടിച്ച് കേരളത്തിന്റെ റയിൽ യാത്രാ വ്യഥകൾ പരിഹരിക്കും എന്ന നിലപാട് ഉഷാറാണ് . പണം എവിടെ , പ്ലാൻ എവിടെ , പാളം ഇടണ്ടേ , അതിനു ഭൂമി വേണ്ടേ ഇതൊന്നും ചോദിക്കരുത്. മുരളീധരനും സുരേന്ദ്രനും പറയുന്നത് ആവർത്തിക്കുകയാണോ എന്നു തോന്നിക്കും മട്ടിലുള്ള വാദമാണ്. കെ – റയിലിൽ കണ്ണൻ പറഞ്ഞ പ്രധാന വാദം രണ്ടായിരുന്നു. ഒന്ന് സ്റ്റാർഡേർഡ്ഗേജ് എന്ന ടെക്നോളജി ഓപ്ഷൻ ഫണ്ടിങ് ഏജൻസിക്കു വേണ്ടിയാണ്. അന്നു തന്നെ ചോദിച്ച ചോദ്യം വിദേശ വായ്പ എടുക്കുന്നതും അതിന്റെ നിബന്ധനകൾ ഉണ്ടാക്കുന്നതും കേരളമാണോ ? Technology നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരല്ലേ ? റയിൽവേ കേന്ദ്ര വിഷയമല്ലേ ?

ഇവിടെയെല്ലാം ഈ വാദക്കാർ എന്തെങ്കിലും മറുപടി പറഞ്ഞോ ? ഇവിടെ പറയുന്നുണ്ടോ ? പറയില്ല. അതാണ് ദൗത്യം. രണ്ടാമത് പറഞ്ഞത് ഈ പണം പൊതുമേഖലാ വ്യവസായത്തിൽ മുടക്കിയാൽ ഉണ്ടാകുന്ന നേട്ടത്തെക്കുറിച്ചാണ് . അതിവേഗ റയിൽ പാതയ്ക്കു മാത്രമായി കേന്ദ്ര സർക്കാർ അനുവദിക്കുന്ന വായ്പാ പണം സംസ്ഥാനം മറ്റുവഴികളിൽ ഉപയോഗിച്ചാൽ വലിയ നേട്ടം വരും എന്ന വാദത്തെ എന്തു പറയാനാണ്. ഈ വിതണ്ഡ വാദമാണ് അദ്ദേഹം മാതൃഭൂമിയിലും ആവർത്തിക്കുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിൽ ഫീകര പ്രത്യാഘാതം കണ്ടെത്തി എന്നാണ് കണ്ണന്റെ പരാമർശം. ഏതാണാ പഠനം ? പരിഷത്ത് ജനറൽ കൗൺസിലിൽ പോലും വെയ്ക്കാത്ത, അതിന്റെ കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങൾക്ക് അറിയാത്ത ഒരു റിപ്പോർട്ടിനെ കുറിച്ചാണ് കണ്ണൻ പറയുന്നത് .

ആ റിപ്പോർട്ട് ഉണ്ടാക്കാൻ തുനിഞ്ഞ വഴി മനസിലാകുന്നില്ലേ ? കെ പി കണ്ണന്റെ എന്തോ അജണ്ടകൾ വെച്ചുള്ള ദുർവ്യാഖ്യാനങ്ങളും അവാസ്തവ പ്രചരണങ്ങളും ഒരു സംഘടനയെ ഹൈജാക്ക് ചെയ്യുന്നയിടം വരെ എത്തിയ കഥയാണ് കെ – റയിലിലെ KSSP നിലപാട്. കൊണ്ടു നടക്കാനോ കുടഞ്ഞു കളയാനോ പറ്റാത്ത വെട്ടിലിട്ട് ഒരു സംഘടനയെ നാശകോശമാക്കിയ കുടില തന്ത്രം . അതു മറികടക്കാനുള്ള ധൈഷണിക ശേഷി യോ സംഘടനാ ശക്തിയോ രാഷ്ട്രീയ വ്യക്തതയോ ഇല്ലാത്ത ഒരു കൂട്ടമായി ആ സംഘം മാറിപ്പോയി. എങ്ങനെയും കേരള സർക്കാരിനേയും CPM നേയും കൈകാര്യം ചെയ്യും എന്ന വാശിയിലാണ് അദ്ദേഹം.

Thomas Pikety യുടെ പുതിയ പുസ്തകമാണ് Brief History of Equality. അതിന്റെ തുടക്കത്തിലെ ഒരു പരാമർശം പ്രസക്തമാണ്. Financial Crisis of 2008 and Covid 19 Pandemic in 2020-2021 have begun to overturn various certainities that shortly before had been considered irrefutable, …, for example the acceptable level of Public debt….. 2008 ലെ മാന്ദ്യത്തോടുള്ള കേരളത്തിന്റെ പ്രതികരണമായിരുന്നു മാന്ദ്യ വിരുദ്ധ പാക്കേജ്. അതാണ് കിഫ്ബിയായി ക്രിസ്റ്റലൈസ് ചെയ്യപ്പെട്ടത്. 2020 ലെ കോവിഡ് കാലത്ത് കേരളം സ്വീകരിച്ച ചെലവിടൽ രീതിയാണ് നമ്മുടെ വേഗത്തിലുള്ള വീണ്ടെടുപ്പിനാധാരം . ഇവിടെ നേരം വെളുക്കാൻ ഒരുപാടു കാലമെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News