പണം വാങ്ങിയവർ സതീശൻ മന്ത്രിസഭയിൽ; സിഎംആർഎൽ കേസിലെ വെളിപ്പെടുത്തലുകളും മന്ത്രിമാരുടെ പങ്കാളിത്തവും, പോസ്റ്റ് ചർച്ചയാകുന്നു

Enforcement Directorate

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡുകളെക്കുറിച്ചും അതിന് പിന്നിലെ രാഷ്ട്രീയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള ഗോപകുമാർ മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മുഖ്യമന്ത്രിയുടെ വീടുകളിലെ റെയ്ഡ് വലിയ വാർത്തയാണെങ്കിലും, ഏത് കേസിലാണ് ഈ നടപടിയെന്ന് ഭൂരിഭാഗം പേർക്കും കൃത്യമായ ധാരണയില്ലെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു.

വി.ഡി. സതീശൻ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്ക് നേരിട്ട് സാമ്പത്തിക ബന്ധമുള്ള ഒരു കള്ളപ്പണം വെളുപ്പിക്കൽ കേസാണിതെന്ന് അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയുടെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊല്യൂഷൻസ്’ എന്ന കമ്പനിക്ക് സിഎംആർഎൽ (CMRL) കമ്പനിയുമായി ഉണ്ടായിരുന്ന ബിസിനസ് ബന്ധം ‘മാസപ്പടി’ എന്ന നിലയിൽ പൊതുബോധത്തിൽ ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഇഡി റെയ്ഡ് ഈ കേസുമായി ബന്ധപ്പെട്ടതാണെന്ന് വാർത്തകൾ വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കുറിക്കുന്നു.

സിഎംആർഎൽ കമ്പനി തങ്ങളുടെ വരുമാനം മറച്ചുവെച്ച് നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ടാണ് നിലവിലെ ഇഡി കേസ് ഉടലെടുത്തതെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു. കമ്പനി തങ്ങളുടെ ബിസിനസ് പ്രമോഷൻ ചെലവുകളായി കാണിച്ച 73.38 കോടി രൂപയിൽ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കും ക്ഷേത്രങ്ങൾക്കും നൽകിയ പണം ഉൾപ്പെടുന്നുണ്ടെന്ന് കമ്പനി തന്നെ ഇൻകം ടാക്സ് സെറ്റിൽമെന്റ് ബോർഡിനെ അറിയിച്ചിട്ടുണ്ട്. വീണയുടെ കമ്പനിക്ക് നൽകിയത് സർവീസ് കരാറിനുള്ള പ്രതിഫലമാണെന്നും അത് ബാങ്ക് വഴി നികുതി വിധേയമായി നൽകിയതാണെന്നുമാണ് സിഎംആർഎൽ പറയുന്നത്.

ALSO READ: ‘പിണറായി വിജയനെതിരെയല്ല, കേരളത്തിലെ സിപിഐഎമ്മിനെതിരെയാണ് കേസ്’; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഡയറിയിലെ ചുരുക്കെഴുത്തുകളെക്കുറിച്ചും പോസ്റ്റിൽ പരാമർശമുണ്ട്. ഇതിൽ ‘PV’ എന്നത് പിണറായി വിജയനാണെന്ന് പ്രചരിപ്പിക്കപ്പെട്ടെങ്കിലും താൻ പണം വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ‘RC’ എന്നത് രമേശ് ചെന്നിത്തലയും ‘KK’ എന്നത് കുഞ്ഞാലിക്കുട്ടിയുമാണെന്നും, അവർ പണം വാങ്ങിയ കാര്യം സമ്മതിച്ചതായും ഗോപകുമാർ മുകുന്ദൻ പറയുന്നു. കൂടാതെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ ഇപ്പോൾ മന്ത്രിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംശയമുനയിലുള്ള പണവുമായി വി.ഡി. സതീശൻ മന്ത്രിസഭയിലെ ആഭ്യന്തര, വ്യവസായ, ഫിഷറീസ് മന്ത്രിമാർക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് ഈ പോസ്റ്റിൽ നിന്നും വ്യക്തമാക്കാൻ കഴിയുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

സഖാവ് പിണറായി വിജയൻ്റെ വീടുകൾ ED റെയ്ഡ് ചെയ്യുന്നു എന്നത് വലിയ വാർത്ത തന്നെയാണ്. സംശയമില്ല. പിണറായിയുടെ വീടുകളിൽ ED റെയ്‌ഡ് എന്ന വാർത്ത പ്രകമ്പനം കൊള്ളിക്കുമ്പോൾ ഏതാണ് കേസ് എന്നു തന്നെ മനസിലാകാത്തവരായിരിക്കും മഹാ ഭൂരിപക്ഷം .
വി . ഡി . സതീശൻ മന്ത്രിസഭയിലെ മൂന്നു മന്ത്രിമാർക്ക് നേരിട്ടു സാമ്പത്തി ബന്ധമുള്ള മണിലോണ്ടറിങ്ങ് കേസാണിത്.
എക്സാ ലോജിക് സൊലൂഷൻസ് എന്നത് വീണ തൈക്കണ്ടിയുടെ dormant ആയ കമ്പനിയാണ്. അവർ പിണറായി വിജയൻ്റെ മകളാണ് എന്നതും പൊതു ബോധത്തിലുണ്ട്. ഈ എക്സാ ലോജിക് സൊലൂഷൻസിന് കരിമണൽ കർത്താവിൻ്റെ CMRL കമ്പനിയുമായി ഉണ്ടായിരുന്ന ബിസിനസ് ബന്ധം മനോരമ മാസപ്പടിയാക്കി ഭൂമി മലയാളം നിലനിൽക്കുവോളം കാലം തെല്ലു പോലും മായാത്ത വിധം പൊതുബോധമാക്കിയിട്ടുണ്ട്. അപ്പോൾ എന്തിലാണ് ED റെയ്ഡ് എന്നതിന് സൗകര്യപ്രദമായ വാർത്താ വിന്യാസം CMRL- എക്സാലോജിക് കേസ് എന്നതാകുന്നതും സ്വാഭാവികം.
CMRL എന്ന കമ്പനി തങ്ങളുടെ വരുമാനം മറച്ചു വെച്ച് നികുതി വെട്ടിച്ച കേസ് പരിണമിച്ചുണ്ടായതാണ് ഇപ്പോഴത്തെ ED കേസ്.
സപ്രസ് ചെയ്ത തുക 135.4 കോടി രൂപയിൽ 73.38 കോടി രൂപ CMRL ൻ്റെ ബിസിനസ് പ്രമോഷൻ ചെലവുകളാണ് എന്നും അത് Tax liability യിൽ നിന്നും ഒഴിവാക്കണം എന്നും കാണിച്ച് CMRL income Tax Interim Settlement Board നെ സമീപിച്ചു. ആ ചെലവുകൾ എന്തൊക്കെ എന്നും പറഞ്ഞിട്ടുണ്ട്.
മീഡിയയ്ക്ക് നൽകിയ പണം, ചില രാഷ്ട്രീയ നേതാക്കൾക്ക് നൽകിയ പണം, ക്ഷേത്രങ്ങൾക്ക് നൽകിയ പണം.
വീണയുടെ കമ്പനിയ്ക്കു കൊടുത്തത് ഒരു സർവ്വീസ് കരാറിനുള്ള പ്രതിഫലമാണ്. അത് ബാങ്ക് വഴി നികുതി വിധേയമായി കൊടുത്തതാണ് എന്നും CMRL പറഞ്ഞു.
അതൊക്കെ വീണ പറയട്ടെ.
എന്നാൽ ബിസിനസ് പ്രമോഷനായി രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയത് പിടിച്ചെടുത്ത ഡയറിയിൽ ചുരുക്കെഴുത്തുകളായി പുറത്തു വന്നു.
ഒരു ചുരുക്കെഴുത്ത് PV എന്നായിരുന്നു. അതു പിണറായി വിജയൻ ആണ് എന്നു പ്രചരിപ്പിക്കപ്പെട്ടു. താൻ പണം വാങ്ങിയിട്ടില്ല എന്നു സ. പിണറായി സംശയരഹിതമായി വ്യക്തമാക്കി.
മറ്റൊന്ന് RC എന്നായിരുന്നു.
താൻ പണം വാങ്ങിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല അഡ്മിറ്റ് ചെയ്തു.
KK എന്നതു കുഞ്ഞാലിക്കുട്ടിയും അഡ്മിറ്റ് ചെയ്തു.
ഇബ്രാഹിം കുഞ്ഞും OC യുഠ ജീവിച്ചിരിപ്പില്ല.
ഇബ്രാഹിം കുഞ്ഞിൻ്റെ മകൻ ഇപ്പോൾ മന്ത്രിയാണ്.
അതായത് സംശയമുനയിലുള്ള പണവുമായി VD സതീശൻ മന്ത്രി സഭയിലെ ആഭ്യന്തര മന്ത്രിയ്ക്കും വ്യവസായ മന്ത്രിയ്ക്കും ഫിഷറീസ് മന്ത്രിയ്ക്കും നേരിട്ട് ബന്ധമുണ്ട്.
അതാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News