
ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ഒൻപത് വർഷമായി പ്രവർത്തിച്ചുവരുന്ന ഗോത്രബന്ധു പദ്ധതിയിലെ 326 അധ്യാപകരെ പിരിച്ചുവിട്ട സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വയനാട് ജില്ലയിൽ മാത്രം 241 അധ്യാപകർക്കാണ് ജോലി നഷ്ടപ്പെട്ടത്. പാലക്കാട്, മലപ്പുറം ജില്ലകളിലും നിരവധി അധ്യാപകർ ഇതോടെ തൊഴിൽരഹിതരായി.
സർക്കാരിന്റെ പുതിയ വിജ്ഞാപനത്തിലെ നിബന്ധനകൾ തങ്ങളെ പുറത്താക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് അധ്യാപകർ ആരോപിക്കുന്നു. അപേക്ഷിക്കാനുള്ള പ്രായപരിധി 45 വയസ്സായി നിജപ്പെടുത്തിയത് ഒൻപത് വർഷമായി ജോലി ചെയ്യുന്ന പലർക്കും തിരിച്ചടിയായി. ഇവർക്ക് പിഎസ്സി വഴി അപേക്ഷിക്കാനുള്ള പ്രായപരിധിയും ഇതിനോടകം അവസാനിച്ചിട്ടുണ്ട്. കൂടാതെ, മുൻപ് ടിടിസിയും ബിഎഡും യോഗ്യത നിശ്ചയിച്ചിരുന്ന സ്ഥാനത്ത്, പുതിയ വിജ്ഞാപന പ്രകാരം പ്ലസ് ടു മതി എന്നാക്കിയത് രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാനും ഇഷ്ടക്കാരെ തിരുകിക്കയറ്റാനുമാണെന്ന് ഇവർ പരാതിപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് അധ്യാപകർ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങിയത്. ബിജി അഞ്ജലി, പി.ജി. അശ്വതി, കെ.എസ്. ഹിമ, പി.എം. ലത എന്നീ അധ്യാപകരാണ് നിരാഹാര സമരം ആരംഭിച്ചത്. തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളുമായി സമരപ്പന്തലിലെത്തിയ ഗോത്രവർഗ്ഗ അധ്യാപികമാരുടെ ദൃശ്യങ്ങൾ സമരത്തിന്റെ തീവ്രത വെളിവാക്കുന്നു. പിരിച്ചുവിട്ട എല്ലാ അധ്യാപകർക്കും പുനർനിയമനം നൽകണമെന്നും പുതിയ അപേക്ഷകൾ സുതാര്യമായ രീതിയിൽ ക്ഷണിച്ച് ഒഴിവുകൾ നികത്തണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

