
മണിപ്പൂരില്‍ ഭരണപ്രതിസന്ധി രൂക്ഷം. പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായമാകാത്തതിനാല്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കും. ഗവര്‍ണര്‍ അജയ് കുമാര്‍ ബല്ലേയുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കുക. മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജി വെച്ച ഒഴിവില്‍ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഇതുവരെയും ബിജെപിക്കായിട്ടില്ല. നിരവധി പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ബിജെപിക്കുളളിലെ ഭിന്നതയെ തുടര്‍ന്ന് സമവായം കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് ദേശീയ നേതൃത്വം. സംസ്ഥാനച്ചുമതലയുളള സംബിത് പത്ര ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഇതോടെ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍, ഗവര്‍ണര്‍ അജയ് കുമാര്‍ ബല്ലെയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഗവര്‍ണറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
യുഎസ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തുന്നതോടെ ക്യാബിനറ്റ് ചേര്‍ന്ന് തീരുമാനം എടുത്തേക്കും. 60 അംഗ നിയമസഭയില്‍ 37 ബിജെപി എംഎല്‍എമാര്‍ ഉണ്ടായിട്ടും തീരുമാനം എടുക്കാനാവാത്തത് സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയാണ് ചൂണ്ടിക്കാട്ടുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസമായി നിയമസഭ പോലും ചേരാനായിട്ടില്ല. സംസ്ഥാന നിയമസഭയുടെ തുടര്‍ച്ചയായ രണ്ട് സെഷനുകള്‍ക്കിടയിലുള്ള പരമാവധി ഇടവേള കാലാവധിയായ ആറ് മാസവും പൂര്‍ത്തിയായി. ബിജെപിയിലെ കുക്കി എംഎല്‍എമാര്‍ രാഷ്ട്രപതി ഭരണത്തിലേക്ക് പോകട്ടെയെന്ന നിലപാടിലാണ്. ഇടഞ്ഞുനില്‍ക്കുന്ന സഖ്യകക്ഷികളുമായി സമവായ ചര്‍ച്ചകള്‍ക്ക് ഒരുങ്ങുമ്പോഴാണ് പാര്‍ട്ടിക്കുളളില്‍ തന്നെ കലഹം രൂക്ഷമായത്. ഇതോടെ ഗത്യന്തരമില്ലാതെ ബീരേന്‍ സിംഗ് മുഖ്യമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

