എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ഗഡുക്കളായാണ് പണം ലഭിക്കുക. ആദ്യ ഗഡുവായ അഞ്ച് ലക്ഷം നാളെ ലഭിക്കുമെന്നും ബാക്കി അഞ്ച് ലക്ഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നല്‍കുമെന്നും കോട്ടയം കളക്ടര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

ജനവാസ മേഖലയില്‍വെച്ചാണ് ആക്രമണം നടന്നത് എന്നതുകൊണ്ട് മരിച്ചവരുടെ കുടുംബത്തിന് കൂടുതല്‍ ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ ഇക്കാര്യം മന്ത്രിസഭ ചേര്‍ന്നാണ് തീരുമാനിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കളക്ടറേറ്റില്‍ നിന്ന് സര്‍ക്കാരിന് ഉടന്‍ നല്‍കുമെന്നും കളക്ടര്‍ വിശദീകരിച്ചു. ആക്രമണം നടന്ന മേഖലയില്‍ ഫോറസ്റ്റ് ബീറ്റ് വേണമെന്ന ആവശ്യം ജനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം പരിഗണിക്കും. ആക്രമണം നടത്തിയ കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് കയറി പോയിട്ടുണ്ട്. ഇത് വീണ്ടും ജനവാസ മേഖലയിലേക്ക് എത്തിയാല്‍ വെടിവെയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കളക്ടര്‍ വീശദീകരിച്ചു.

എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേരാണ് മരിച്ചത്. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ തോമസ് ചികിത്സയിലായിരുന്നു. ഇത് കൂടാതെ കൊല്ലം ഇടമുളക്കലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കൊടിഞ്ഞല്‍ സ്വദേശി സാമുവല്‍ വര്‍ഗീസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയ്ക്കാണ് ആക്രമണം ഉണ്ടായത്. റബ്ബര്‍ വെട്ടുന്ന ആളെ കാണാന്‍ സാമുവല്‍ പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. പാറക്കൂട്ടത്തിന്റെ പുറകില്‍ നിന്ന് കാട്ടുപോത്ത് കുതിച്ചെത്തി വര്‍ഗീസിനെ കുത്തുകയായിയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here