‘ശബരിമലകേസിലെ എല്ലാ രേഖകളും പരിശോധിച്ച ശേഷമുള്ള രാജിയാണോ ഇത്?’ പി രാജീവ് മാധ്യമങ്ങളോട് സംസാരിച്ചതിന്‍റെ പൂർണരൂപം

p-rajeev-defends-kerala-health-sector-and-health-minister

തിരുവനന്തപുരം: ദേവസ്വം ബോർഡ് ഗവൺമെന്‍റ് പ്ലീഡറുടെ രാജി ആസൂത്രിത നീക്കവും ഗൂഢാലോചനയുമാണോയെന്ന സംശയം ബലപ്പെടുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെയാണ് ദേവസ്വം ബോർഡ് സ്പെഷ്യൽ പ്ലീഡറായി നിയമിച്ചത്. പ്രതിഭാഗം വക്കീലിന് ലഭിക്കാത്ത കേസിന്‍റെ ഫയലുകൾ ദേവസ്വംബോർഡിൽനിന്ന് ലഭിക്കാൻ സർക്കാർ അവസരമൊരുക്കുകയാണോ, ഇത്തരമൊരു നിയമനത്തിലൂടെ വഴിയൊരുക്കിയതെന്ന ആരോപണമാണ് ശക്തമാക്കുന്നത്. ഇതിലേക്ക് വിരൽചൂണ്ടുന്നതാണ് മുൻ നിയമവകുപ്പ് മന്ത്രി പി രാജീവ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണം വ്യക്തമാക്കുന്നത്.

ദേവസ്വം ബോർഡ് ഗവൺമെന്‍റ് പ്ലീഡറുടെ രാജി വിവാദം മാത്രമല്ല, വളരെ ആസൂത്രിതമായ ഒരു നീക്കമാണെന്ന് പി രാജീവ് ചൂണ്ടിക്കാണിക്കുന്നു. ഒരു രാജി കൊണ്ട് അവസാനിക്കാൻ പോകുന്ന ഒരു പ്രശ്നമായിട്ട് കാണേണ്ടതില്ല. യഥാർത്ഥത്തിൽ രാജി എന്ന് പറയുമ്പോൾ തന്നെ ഒന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. ചാർജ് എടുത്തിട്ടില്ലെങ്കിൽ പിന്നെ ഉത്തരവ് റദ്ദാക്കിയാൽ മതിയായിരുന്നു. പക്ഷേ ചാർജ് എടുത്തതുകൊണ്ടാണ് രാജി വെക്കേണ്ടി വന്നത് എന്നാണ് താൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചാർജ് എടുത്തു കഴിഞ്ഞാൽ സ്വാഭാവികമായി എല്ലാ ഫയലുകളും ചാർജ് എടുത്ത വക്കീലിന്റെ അടുത്ത് എത്തിയിട്ടുണ്ടാവും. അപ്പോൾ വക്കീലിന്റെ ആവശ്യം കഴിഞ്ഞിട്ടുള്ള രാജിയാണോ? എല്ലാ ഫയലുകളും പരിശോധിക്കാനുള്ള സന്ദർഭം ഉപയോഗിച്ചതിനു ശേഷമുള്ള രാജിയാണോ എന്ന് പ്രത്യേകം തന്നെ പരിശോധിക്കേണ്ടതുണ്ട്. ഇവിടെ നാം കാണേണ്ടത്, ഈ അഭിഭാഷകൻ പരസ്യമായി മാധ്യമങ്ങളുടെ മുൻപിൽ ഇത്തരം കാര്യങ്ങളിൽ ശബരിമല കൊള്ളയെ ന്യായീകരിച്ചുകൊണ്ടുള്ള ആ കമ്പനിയുടെ വാദമുഖങ്ങൾ നിരത്തിയിട്ടുള്ള ആൾ കൂടിയാണ്. കോടതിക്കകത്ത് വാദിച്ചു എന്ന് മാത്രമല്ല മാധ്യമങ്ങളുടെ മുൻപിൽ വരെ വിശദീകരിച്ച ഒരു അഭിഭാഷകനെയാണ് ഇപ്പോൾ ഗവൺമെന്റ് ദേവസ്വത്തിന്റെ സ്പെഷ്യൽ പ്ലീഡർ ആയിട്ട് വെയ്ക്കുന്നത്. ദേവസ്വത്തിനെ കഴിഞ്ഞ ഗവൺമെന്റുകളുടെ കാലത്തൊന്നും പ്രത്യേകമായ പ്ലീഡർ ഉണ്ടായിരുന്നില്ല. അത് ഗവൺമെന്റ് എന്ന കാര്യങ്ങൾ വരുമ്പോൾ ജിപിയോ അല്ലെങ്കിൽ ക്രിമിനൽ കാര്യങ്ങളാണെങ്കിൽ ഡിജിപിയോ ഒക്കെ വാദിക്കുകയാണ് സാധാരണ ചെയ്യാറുള്ളതെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.

Also Read- യുഡിഎഫ് സർക്കാരിന്റെ പ്ലീഡർ നിയമനം; എല്ലാ ഫയലുകളും പരിശോധിക്കാനുള്ള സന്ദർഭം ഉപയോഗിച്ചതിനുശേഷമാണോ പ്രദീപ് രാജിവച്ചതെന്ന് പി രാജീവ്

ആർക്കാണ് ഇതിനകത്ത് പ്രധാന ഉത്തരവാദിത്വം? ഒരു നിയമനപ്രക്രിയ സ്പെഷ്യൽ പ്ലീഡർ ആകുമ്പോൾ അഡ്വക്കറ്റ് ജനറൽ പേര് നിർദ്ദേശിക്കണം. നിർദ്ദേശിച്ച പേര് നിയമവകുപ്പിൽ എത്തിയിട്ടുണ്ടോ? നിയമ സെക്രട്ടറി ആ കാര്യങ്ങൾ പരിശോധിച്ച് നിയമമന്ത്രിക്ക് സമർപ്പിക്കണം. നിയമമന്ത്രിക്ക് സമർപ്പിച്ചു കഴിഞ്ഞാൽ ആ ഫയലിൽ നിന്ന് ഇന്ന ഇന്ന ആളുകളെ നിയമിക്കാനുള്ള ശുപാർശയോടുകൂടി മന്ത്രിസഭയുടെ അംഗീകാരത്തിന് നൽകാൻ മുഖ്യമന്ത്രിക്ക് നൽകണം. ഇവിടെ നിയമമന്ത്രിയും മുഖ്യമന്ത്രിയും ഒരാൾ തന്നെയാണ്. അങ്ങനെ മുഖ്യമന്ത്രി ക്യാബിനറ്റിൽ വയ്ക്കാൻ അംഗീകാരം നൽകി കഴിഞ്ഞാൽ, അത് മന്ത്രിസഭയുടെ മുൻപിൽ വരും. മന്ത്രിസഭയുടെ മുൻപിൽ വരുമ്പോൾ എല്ലാ മന്ത്രിമാർക്കും നേരത്തെ തന്നെ നിയമനം നടത്തേണ്ടവരുടെ പട്ടിക ലഭിക്കും. അപ്പോ ഈ പ്രക്രിയ നടന്നിട്ടുണ്ടോ? ആ പ്രക്രിയ അല്ലാതെ ആരുടെയെങ്കിലും താല്പര്യത്തിന്റെ ഭാഗമായി മാത്രം വന്നിട്ടുള്ളതാണോ? അപ്പോ ഒരു രാജികൊണ്ട് അവസാനിക്കുന്നല്ല. വളരെ ഗൗരവമായ പ്രശ്നങ്ങളുണ്ടെന്ന് പി രാജീവ് പറഞ്ഞു.

ഇത് സംബന്ധിച്ച് എല്ലാ രേഖകളും വക്കീൽ വഴി കമ്പനിക്ക് ലഭിച്ചു കഴിഞ്ഞിട്ടുണ്ടോ? എസ്ഐടിയുടെ റിപ്പോർട്ട് ഉൾപ്പെടെയുള്ള എന്തെല്ലാം കാര്യങ്ങളാണ് കക്ഷിയുടെ കയ്യിലേക്ക് കക്ഷിയുടെ ഭാഗം എന്ന നിലയിൽ ഈ ഗവൺമെന്റിന്റെ വക്കീലിന്റെ ചുമതല എടുത്തിട്ടുണ്ടെങ്കിൽ ആ സന്ദർഭത്തിൽ ലഭിച്ചിട്ടുണ്ട്? ഇതെല്ലാം തന്നെ പരിശോധിക്കേണ്ടതാണ്. ഈ ഗവൺമെന്റ് ഇപ്പോ അധികാരത്തിൽ വന്ന് അധിക ദിവസം ആയിട്ടില്ല. അപ്പോഴേക്ക് ഒരാൾ ബന്ധു നിയമനത്തിന്റെ പേരിൽ രാജി വെച്ചു. പി.എസ്.സി നിയമനങ്ങളുടെ തീരുമാനം എടുത്തത് റദ്ദാക്കേണ്ടി വന്നു. തെറ്റായ ഒരു പാതയിലൂടെയാണ് ഗവൺമെന്റ് പോകുന്നതെന്ന് പി രാജീവ് ആരോപിച്ചു.

ഇത് അതീവ ഗൗരവമായ പ്രശ്നമാണ്. ഈ ഭാഗങ്ങൾ എല്ലാം തന്നെ വളരെ വിശദമായി തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്. അങ്ങേയറ്റം ആസൂത്രിതമായ ഗൂഢാലോചന ഈ കേസ് അട്ടിമറിക്കാൻ വേണ്ടി നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് രാജി. രാജിയിലേക്ക് എത്തിയത് ഇതെല്ലാം കയ്യിൽ കിട്ടിയതിനു ശേഷമാണോ എന്നുകൂടി പരിശോധന നടത്തേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്നും പി രാജീവ് ആവശ്യപ്പെട്ടു.

Also Read- ‘ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രി പ്രദീപിന്റെ രാജി എഴുതി വാങ്ങിയത്’; പ്രതികരണവുമായി വി എൻ വാസവൻ

ആസൂത്രിതമായ ഒരു ഗൂഢാലോചനയാണ് ഇതിനകത്ത് ഉണ്ടായിട്ടുള്ളത്. എന്തെല്ലാം കാര്യങ്ങൾ ഇപ്പോൾ തന്നെ വക്കീലിന്റെ കയ്യിൽ എത്തിയിട്ടുണ്ട്? കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നത് സംബന്ധിച്ച് അതീവ ഗൗരവമായ ഒരു പരിശോധന ആവശ്യമാണ്. സാധാരണഗതി രാജി വയക്കണമെങ്കിൽ ചാർജ് എടുത്തതിനുശേഷമാണ്. ചാർജ് എടുത്തിട്ടില്ലെങ്കിൽ ഗവൺമെന്റിന് ഒറ്റയടിക്ക് ഉത്തരവ് റദ്ദാക്കാം. പ്രത്യേകം ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടേണ്ട കാര്യമില്ല. ഉത്തരവ് റദ്ദാക്കികൊണ്ട് തന്നെ ഗവൺമെന്റിന് തീരുമാനം എടുക്കാവുന്നതാണ്. അപ്പോ ആവശ്യത്തിന് സമയം നൽകി എല്ലാ കാര്യങ്ങളും പ്രതിക്ക് സഹായകരമാകുന്ന രൂപത്തിൽ മാറ്റാൻ അട്ടിമറിനീക്കം നടത്തിയതിനു ശേഷമുള്ള രാജിയാണിത്. ഇക്കാര്യം കേരളം വളരെ ഗൗരവമായി തന്നെ കാണേണ്ട പ്രശ്നമാണെന്നും പി രാജീവ് ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News