
ഗവണ്‍മെന്‍റ് പ്ലീഡര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെ അവഗണിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ചും എതിര്‍ത്തും കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നു. അതേസമയം വിവാദമായ ഒരു പ്ലീഡര്‍ നിയമനം നടന്നത് ഒരു യുവ എംപിയുടെ ശുപാര്‍ശ പ്രകാരമാണെന്ന് മുന്‍ മന്ത്രി കെ ബാബു വെളിപ്പെടുത്തി. കെ ബാബു സൂചിപ്പിച്ച എംപി താനാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകയെ ശുപാർശ ചെയ്തതെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
സംഘപരിവാര്‍ അനുഭാവിയെ ഗവണ്‍മെന്‍റ് പ്ലീഡറാക്കി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസു മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കെഎസ്‌യുക്കാരെ തല്ലിച്ചതയ്ക്കുന്നവരുടെ നിയമനത്തില്‍ കെഎസ്‌യുവിന് കാര്യമുണ്ടെന്നും ചരിത്രം മറക്കാന്‍ തയ്യാറല്ലെന്നും ചൂണ്ടിക്കാട്ടി കെഎസ്‌യു എറണാകുളം അസംബ്ലി ഭാരവാഹികളാണ് പോസ്റ്റര്‍ പതിച്ചത്.
എന്നാല്‍ അലോഷ്യസിനെ ശക്തമായി വിമര്‍ശിച്ചും വി ഡി സതീശനെ പിന്തുണച്ചും കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ്ഓടക്കാലി രംഗത്തെത്തുകയായിരുന്നു. ചിലയാളുകള്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കരിവാരിത്തേയ്ക്കുകയാണെന്നും പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും മുബാസ് ആരോപിച്ചു. അതേസമയം വിവാദമായ ഒരു പ്ലീഡര്‍ നിയമനം നടന്നത് ഒരു യുവ എംപിയുടെ ശുപാര്‍ശ പ്രകാരമാണെന്നായിരുന്നു മുന്‍ മന്ത്രി കെ ബാബുവിന്‍റെ വെളിപ്പെടുത്തല്‍. എല്ലായ്പ്പോഴും രാഷ്ട്രീയം മാത്രം നോക്കി നിയമനം നടത്താനാകില്ലെന്നും കെ ബാബു പ്രതികരിച്ചു.
പിന്നാലെ കെ ബാബു സൂചിപ്പിച്ച എംപി താനാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകയെ ശുപാർശ ചെയ്തതെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍സില്‍ ജലീലും അലോഷ്യസ് സേവ്യറിനെ വിമര്‍ശിച്ച് രംഗത്തെത്തിയപ്പോള്‍ കെഎസ്‌യു തൃശ്ശൂര്‍ ജില്ലാപ്രസിഡന്‍റ് ഗോകുല്‍ ഗരുവായൂര്‍ വി ഡി സതീശനെതിരെ സാമൂഹ്യമാധ്യമത്തിലൂടെ ആഞ്ഞടിച്ചു. നിയമനങ്ങളില്‍ ഉണ്ടായ ശ്രദ്ധക്കുറവ് ഓര്‍മ്മപ്പെടുത്തുകയാണ് കെ എസ് യു ചെയ്തതെന്നും ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു കാരണം തനിയക്കു മുകളില്‍ ആരുമില്ലെന്ന ചിലയാളുകളുടെ അഹങ്കാരമാണന്നായുരുന്നു ഗോകുല്‍ ഗുരുവായൂരിന്‍റെ പ്രതികരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

