
അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂള്‍ മെയിന്‍ ഗേറ്റിനു മുന്നിലെ കിഴക്കേകോട്ട സൗത്ത് ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. സ്റ്റോപ്പ് മാറ്റാൻ കെഎസ്ആര്‍ടിസി എം.ഡി നടപടി സ്വീകരിക്കേണ്ടതും ജില്ലാ കളക്ടര്‍ ഇത് ഉറപ്പുവരുത്തേണ്ടതുമാണ്. ശുപാര്‍ശയിന്‍മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 60 ദിവസത്തിനകം സമര്‍പ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷന്‍ അംഗം എന്‍.സുനന്ദ നിര്‍ദ്ദേശം നല്‍കി.
2005-ലെ ബാലാവകാശ സംരക്ഷണ കമ്മീഷനുകള്‍ ആക്റ്റിലെ 15-ാം വകുപ്പ് പ്രകാരമാണ് കമ്മിഷന്‍ ശുപാര്‍ശകള്‍ പുറപ്പെടുവിച്ചത്. കമ്മിഷന്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ മനസിലാക്കുകയും കക്ഷികളെ നേരില്‍ കേട്ട് പരാതി ശരിയാണെന്ന് ബോധ്യമാവുകയും ചെയ്തു.
ALSO READ: യുവതിയുടെ ആത്മഹത്യ: സദാചാര ഗുണ്ടായിസം എസ്ഡിപിഐയുടെ ഭീകരമുഖം തുറന്ന് കാട്ടുന്നത്: കെ കെ രാഗേഷ്
സ്ഥലത്ത് സാമൂഹ്യ വിരുദ്ധര്‍ കുട്ടികള്‍ക്ക് ലഹരി മരുന്നുകള്‍ നല്‍കാനും വില്‍ക്കുവാനുമുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. സ്‌കൂള്‍ ഗേറ്റിന്റെ മുന്‍വശത്ത് ബസുകള്‍ പാര്‍ക്ക് ചെയ്ത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും കമ്മിഷന്‍ വിലയിരുത്തി.
സ്ഥലത്ത് അടുത്തിടെ ബാങ്ക് ഉദ്യോഗസ്ഥന്‍ രണ്ട് ബസുകള്‍ക്ക് ഇടയില്‍ ഞെരുങ്ങി മരണപ്പെട്ടിരുന്നു എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ബസ് സ്റ്റോപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് അബ്ദുള്‍കലാം കമ്മിഷന് നല്‍കിയ പരാതിയിന്മേലാണ് ഉത്തരവ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here