കുമാരനാശാന് ആദരവുമായി കെ പി കുമാരന്‍; നൂറാം ചരമ വാര്‍ഷികത്തിന് വീണ്ടും ഗ്രാമവൃക്ഷത്തിലെ കുയില്‍

സംസ്ഥാന സര്‍ക്കാര്‍ ജെ സി ഡാനിയേല്‍ പുരസ്കാരം നല്‍കി ആദരിച്ച കെ പി കുമാരന്‍റെ സിനിമ ഗ്രാമവൃക്ഷത്തിലെ കുയില്‍ കുമാരനാശാന്‍റെ നൂറാം ചരമ വാര്‍ഷികത്തിന് വീണ്ടും തീയേറ്ററുകളിലെത്തും. ക‍ഴിഞ്ഞ ഏപ്രിലില്‍ റിലീസ് ചെയ്ത സിനിമ 2024 ജനുവരി 16,17,18 തീയതികളിലാണ് വീണ്ടും പ്രമുഖ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

മഹാകവി കുമാരനാശാന്‍റെ ജീവിതം പ്രമേയമായിട്ടുള്ള ആദ്യത്തെ കഥാ സിനിമയാണ് ഗ്രാമവൃക്ഷത്തിലെ കുയില്‍. ആശാന്‍റെ ആത്മകഥാകാവ്യത്തിന്‍റെ പേരില്‍ അവതരിക്കുന്ന സിനിമ ഇതുവരെ അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത ആ അതുല്യ കവിയുടെ ജീവിതവ‍ഴികള്‍ പിന്തുടരുന്നു.

Also Read: നവകേരള സദസ് പ്രഭാതയോഗത്തിൽ ഹിന്ദു ഐക്യവേദി നേതാവും

കുമാരനാശാന്‍റെ ജീവിത സംഘര്‍ഷങ്ങളും ആശാന്‍ കവിതയുടെ മനോഹരമായ ആവിഷ്കാരവും നിറഞ്ഞു നില്‍ക്കുന്ന ഗ്രാമവൃക്ഷത്തിലെ കുയില്‍ ആ നവോത്ഥാന ചരിത്രഘട്ടത്തെയും കുറിക്കുന്ന സിനിമയാണ്. സിനിമ കാണുവാനുള്ള താല്‍പര്യം വിവിധ സംഘടനകളും സ്ഥാപനങ്ങളും സാംസ്കാരിക പ്രവര്‍ത്തകരും അധ്യാപകരും വിദ്യാര്‍ത്ഥികളും ധാരാളമായി അറിയിച്ചതിനെത്തുടര്‍ന്നാണ് ആശാന്‍റെ നൂറാം ചരമവാര്‍ഷികത്തിന് സിനിമ തീയറ്ററിലെത്തിക്കാന്‍ തീരുമാനിച്ചതെന്ന് കെ പി കുമാരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

”ഈ പ്രായത്തില്‍ വലിയ സാമ്പത്തിക ബാധ്യത വഹിച്ച് സിനിമയെടുത്തിന് പിന്നാലെ വീണ്ടുമൊരു ബാധ്യത കൂടി ഏറ്റെടുക്കുന്നത് ഈ സിനിമയെ അതിന്‍റെ യഥാര്‍ത്ഥ കാ‍ഴ്ച്ചക്കാരിലെത്തിക്കാന്‍ ക‍ഴിഞ്ഞിട്ടില്ലെന്ന് തോന്നിയതിനെ തുടര്‍ന്നാണ്. കുമാരനാശാനെക്കുറിച്ചുള്ള സിനിമയെ കേരളത്തിലെ പ്രബുദ്ധ സമൂഹത്തിന് അവഗണിക്കാനാവില്ലെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. വിമര്‍ശിക്കാന്‍ വേണ്ടിയാണെങ്കിലും സിനിമ തീയറ്ററിലെത്തി കണണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.” കെ പി കുമാരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

സംഗീതജ്ഞന്‍ ശ്രീവത്സന്‍ ജെ മേനോനാണ് സിനിമയില്‍ കുമാരനാശാനായി അഭിനയിക്കുന്നത്. കുമാരനാശാന്‍റെ ഭാര്യ ഭാനുമതി അമ്മയുടെ വേഷത്തില്‍ ഗാര്‍ഗ്ഗി അനന്തനും സുഹൃത്ത് മൂര്‍ക്കോത്ത് കുമാരന്‍റെ വേഷത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമനും അഭിനയിക്കുന്നു. ശ്രീവത്സന്‍ ജെ മേനോനും കഥകളി ഗായിക മീരാ രാം മോഹനും ആലപിച്ചിരിക്കുന്ന ആശാന്‍ കവിതകളാണ് ചിത്രത്തിന്‍റെ മറ്റൊരു ആകര്‍ഷണം. കെ പി കുമാരന്‍റെ ജീവിത പങ്കാളി എം ശാന്തമ്മ പി‍ള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Also Read: നവകേരള സദസിന് ലഭിക്കുന്ന പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നു: മുഖ്യമന്ത്രി

നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കെ പി കുമാരന്‍ എ‍ഴുപതുകളില്‍ മലയാള സിനിമയിലെ നവതരംഗത്തിന് അടിത്തറയിട്ട സംവിധായകരിലൊരാളാണ്. 1975-ല്‍ അദ്ദേഹം സംവിധാനം ചെയ്ത ‘അതിഥി’ മലയാള സിനിമയിലെ ഒരു നാ‍ഴികക്കല്ലാണ്.

72-ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ സ്വയംവര’ത്തിന്‍റെ തിരക്കഥാപങ്കാളിയായിരുന്ന കെ പി കുമാരന്‍ അടൂരിനൊപ്പം ചിത്രലേഖ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‍റെ നെടുന്തൂണായിരുന്നു. 75-ല്‍ അദ്ദേഹം സംവിധാനം ചെയ്ത ‘റോക്ക്’ ദില്ലിയില്‍ നടന്ന ഏഷ്യാ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള സ്വര്‍ണ്ണമെഡല്‍ നേടിയിരുന്നു. 1988-ല്‍ ‘രുഗ്മിണി’ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടി.

2017ല്‍ കേരളത്തിന്റെ 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കെപി കുമാരനോടുള്ള ആദരമായി ‘അതിഥി’ തൊട്ട് ‘ആകാശഗോപുരം’ വരെയുള്ള ചിത്രങ്ങളുടെ റിട്രോസ്പക്ടീവ് ഒരുക്കിയിരുന്നു. 2022-ല്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരം നല്‍കിയും അദ്ദേഹത്തെ ആദരിച്ചു.

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ ജനിച്ച കെ പി കുമാരന്‍ തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലാണ് താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News