
അഹമ്മദാബാദിൽ നിരവധിയാളുകളുടെ മരണത്തിനു കാരണമായ വിമാനാപകടത്തിന്റെ ഞെട്ടലിൽ നിന്ന് ഇന്നും ആരും മോചിതരായിട്ടില്ല. ഒരു യാത്രക്കാരൻ ഒഴികെ ബാക്കി എല്ലാവരെയും തീ വിഴുങ്ങിയ വാർത്ത ഞെട്ടലോടെ ആണ് ആളുകൾ കേട്ടത്. 11എ സീറ്റിൽ യാത്ര ചെയ്ത വിശ്വാസ് കുമാര്‍ രമേഷ് ആണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇപ്പോഴിതാ വിശ്വാസ് യാത്ര ചെയ്ത സീറ്റ് ബുക്ക് ചെയ്യാൻ ആളുകൾ തിരക്ക് കൂട്ടുന്നതായി റിപ്പോർട്ട്. എമര്‍ജന്‍സി എക്സിറ്റ് സമീപമുള്ള സീറ്റാണിത്. വിശ്വാസ് കുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടതിനാല്‍ ഈ സീറ്റ് ‘ലക്കി’ സീറ്റായാണ് പല യാത്രക്കാരും ഇപ്പോള്‍ കരുതുന്നത്. അതിനാൽ തന്നെ ഈ സീറ്റിനായി പലരും മുറവിളി കൂട്ടുന്നുണ്ട്.
യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരില്‍ ചിലര്‍ ഇതോടെ 11എ സീറ്റ് ബുക്ക് ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഈ സീറ്റ് തന്നെ ലഭിക്കാനായി അധിക തുക നല്‍കാനും തയ്യാറാകുന്ന യാത്രക്കാരുണ്ടെന്നാണ് ട്രാവല്‍ ഏജന്‍റുമാര്‍ പറയുന്നത്. അടുത്ത ആഴ്ച ഇന്ത്യയിലേക്ക് പോകാനിരിക്കുന്ന നമിത താക്കര്‍ എന്ന യുഎഇ പ്രവാസി തന്‍റെ ദുബൈ-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ 11എ സീറ്റ് കിട്ടുമോയെന്ന് നോക്കുകയാണ്. മകനുമായി യാത്ര ചെയ്യുകയാണെന്നും മകനായി 11എ സീറ്റ് ബുക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായും നമിത ‘ഖലീജ് ടൈംസി’നോട് പറഞ്ഞു. അന്ധവിശ്വാസം കൊണ്ടല്ല, മറിച്ച് ഹൃദയഭേദകമായ ദുരന്തത്തിലും ആ സീറ്റ് നല്‍കിയ പ്രതീക്ഷയാണ് തനിക്ക് 11എ സീറ്റിനോടുള്ള താല്‍പ്പര്യമെന്നും അവര്‍ പറഞ്ഞു.
ഭാഗ്യത്തെക്കാൾ ഉപരി, ഇത് സുരക്ഷിതമായ സീറ്റാണെന്നാണ് യാത്രക്കാര്‍ വിശ്വസിക്കുന്നതെന്നും ഇന്ത്യൻ യാത്രക്കാരുടെ ഭാഗത്ത് നിന്നും ഈ സീറ്റ് വേണമെന്ന അന്വേഷണങ്ങള്‍ വരാറുണ്ടെന്നും ട്രാവൽ ഏജന്റുകളിൽ ഒരാൾ പറഞ്ഞു. സാധാരണയായി വിമാന കമ്പനികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഈ സീറ്റ് കുട്ടികള്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, പ്രായമായ യാത്രക്കാര്‍ എന്നിവര്‍ക്ക് നല്‍കാറില്ല.
വിമാനത്തിലെ ഏത് സീറ്റാണ് സുരക്ഷിതമെന്ന് പറയാനാകില്ലെന്നും എന്നാല്‍ വിമാനത്തിലെ പിന്‍ഭാഗത്തുള്ള ടെയില്‍ എന്‍ഡ് സീറ്റുകള്‍ സുരക്ഷിതമാണെന്ന് പൊതുവായി വിശ്വസിക്കപ്പെടുന്നെന്നും ദുബൈയിലെ എയര്‍ ട്രാവല്‍ എന്‍റര്‍പ്രൈസസ് ജനറല്‍ മാനേജരായ റീന ഫിലിപ്പ് പറയുന്നു. എയര്‍ക്രാഫ്റ്റിന്‍റെ പിന്‍ഭാഗത്തെ സീറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് കരുതപ്പെടുന്നതായി ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ട്രാറ്റജിക്ഏറോ റിസര്‍ച്ച് ചീഫ് അനലിസ്റ്റ് സാജ് അഹ്മദ് പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here