
ഗുജറാത്ത് രാജ്കോട്ട് എയിംസിൽ അവസാന വർഷ എം ബി ബി എസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ച് വിദ്യാർഥികള്‍ അറസ്റ്റിൽ. ഗാന്ധിഗ്രാം പൊലീസാണ് അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥിയെ മാർച്ച് 14-ന് റെയിൽവേ ട്രാക്കിന് സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ 17 പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. താൻ നേരിട്ട ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് വിദ്യാർത്ഥി വിശദമായി വിവരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിരുന്ന സഹപാഠികളെ അറസ്റ്റ് ചെയ്തത്.
2026 ജനുവരി മുതൽ തൻ്റെ സഹപാഠികളിൽ നിന്ന് നേരിട്ടിരുന്ന ക്രൂരതകളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും കുറിപ്പിൽ എഴുതിയിരുന്നു. ഒരു പെൺകുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് പീഡനങ്ങൾക്ക് തുടക്കമിട്ടതെന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥിയുടെ അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു. ജനുവരി 27ന് വിദ്യാർത്ഥിയെ പ്രതികൾ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും കത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ALSO READ: ഒഡീഷയിലെ എസ് സി ബി മെഡിക്കൽ കോളേജിൽ തീപിടുത്തം; 10 രോഗികൾക്ക് ദാരുണാന്ത്യം
ആത്മഹത്യാ പ്രേരണ, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ജനുവരിയിൽ ഈ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ ഇതേ അഞ്ചുപേരുടെ പേര് പറഞ്ഞിരുന്നെങ്കിലും, അന്ന് കുടുംബം പരാതി നൽകാത്തതിനാൽ പൊലീസ് നടപടിയെടുത്തിരുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

