
13 മാസം മുമ്പ് കാണാതായ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയതോടുകൂടി ഗുജറാത്തിൽ തെളിഞ്ഞത് ദ്യശ്യം മോഡൽ കൊലപാതകം. 35 വയസുകാരിയായ ദയാ സവാലിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹാർദിക് സുഖാദിയ (28) എന്ന യുവാവിനെ ജുനാഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന ആദ്യ ദിവസം മുതൽ പ്രതിയ്ക്ക് പോലീസിനെ കബളിപ്പിക്കാൻ കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. പ്രതിയുമായുള്ള തെളിവെടുപ്പിനിടെ ഗുജറാത്തിലെ ഉൾപ്രദേശത്തുള്ള കിണറ്റിൽ നിന്ന് സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി.
ഗുജറാത്തിലെ രൂപാവതി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ വർഷം ജനുവരി രണ്ടിനാണ് ദയാ സവാലിയയെ കാണാതായത്. പിന്നലെ ഭർത്താവ് വല്ലഭ് ആണ് വിസവദാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 9 ലക്ഷം രൂപയിലധികം പണവും സ്വർണ്ണാഭരണങ്ങളുമായി ഭാര്യ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും ആയിരുന്നു പരാതി. ദമ്പതികൾക്ക് 11 വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ ദയയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ALSO READ: യുഎസ്എഐഡി ഫണ്ട് മരവിപ്പിച്ച് ട്രംപ്; ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ക്ലിനിക്കുകൾ അടച്ചുപൂട്ടി
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, പ്രധാന പ്രതിയായ അതേ ഗ്രാമവാസിയായ ഹാർദിക് സുഖാദിയയുമായി സ്ത്രീക്ക് വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തി. പൊലീസിന്റെ സംശയം സ്വാഭാവികമായും ഹാർദിക്കിലേക്ക് തിരിഞ്ഞു. എന്നാൽ മറ്റൊരു കഥ മെനഞ്ഞ് ഹാർദിക് അവരെ വഴിതെറ്റിച്ചു. ദയക്ക് രാഹുൽ എന്ന് പേരുള്ള മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അയാളോടൊപ്പം ഒളിച്ചോടിയതാണെന്നും ഹാർദിക് അന്വേഷണ സംഘത്തെ വിശ്വസിപ്പിച്ചു. തുടർന്ന് പൊലീസ് നിരീക്ഷണത്തിൽ പെടാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഇയാൾ നിർത്തി.
ഹാർദിക് പൊലീസ് നിരീക്ഷണത്തിലായിരുന്നെങ്കിലും മാസങ്ങളോളം അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ഇയാൾക്ക് കഴിഞ്ഞു. വ്യക്തമായ തെളിവുകളും ദൃക്സാക്ഷികളും ഇല്ലാത്തതിനാൽ കേസ് പൊലീസിന് വെല്ലുവിളിയായിത്തീർന്നു. തുടർന്ന് പൊലീസ് ഇയാളെ ശബ്ദവിശകലന പരിശോധനക്കും വിധേയനാക്കി. കൃത്യമായ തെളിവിന്റെ അഭാവവും സാക്ഷികളില്ലാത്തതും ഹാർദിക്കിന് രക്ഷപ്പെടാൻ വഴിയൊരുക്കി. അതിനിടെ ദയയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സാങ്കേതിക-സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഹാർദിക്കിനെ വീണ്ടും ചോദ്യം ചെയ്തു. ഒടുവിൽ പിടിച്ചുനിൽക്കാനാവാതെ ഹാർദിക് കുറ്റം സമ്മതിക്കുകയായിരുന്നു.
ദയയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ ഹാർദിക്കിന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ ദയ ഇതു വിസമ്മതിച്ചതോടെയാണ് യുവതിയെ ഇല്ലാതാക്കാൻ പ്രതി തീരുമാനിച്ചത്. 2024 ജനുവരി മൂന്നിന് ഹാർദിക് ദയയെ അംറേലി ജില്ലയിലെ ഉൾഭാഗത്തേക്ക് കൊണ്ടുപോയി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപയോഗശൂന്യമായ കിണറ്റിൽ തള്ളുകയും ചെയ്തു. കൊലപാതകത്തിന് ഒരു ദിവസം മുമ്പ്, മുൻ ഭാര്യയുടെ ഐഡി കാർഡ് ഉപയോഗിച്ച് യുവതിയെ ഹോട്ടലിൽ താമസിക്കാൻ ഇയാൾ സഹായിച്ചു. ഭാര്യയെ കാണാതായെന്ന് വിശ്വസിപ്പിക്കാൻ സൗജന്യ കോളിംഗ് ആപ്പുകൾ ഉപയോഗിച്ച് ദയയുടെ ഭർത്താവിനെ വിളിക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

