
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന (എസ്‌ഇബിസി) പട്ടികജാതി (എസ്‌സി) വിദ്യാർഥികൾക്ക് സരസ്വതി സാധന യോജന പ്രകാരം അനുവദിച്ച സൈക്കിൾ വിതരണത്തിൽ ഗുജറാത്ത് സർക്കാർ അഴിമതി നടത്തിയതായി റിപ്പോർട്ട്. വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള 1,18,071 സൈക്കിളുകൾ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് ഗുജറാത്ത് സർക്കാർ നിയമസഭയിൽ സമ്മതിച്ചു. രാജസ്ഥാൻ 3,857 രൂപയ്ക്ക് വാങ്ങിയ ഒരേ മോഡൽ സൈക്കിളുകൾ അതേ കമ്പനിയിൽ നിന്ന് ഗുജറാത്ത് 4,444 രൂപയ്‌ക്ക് വാങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒരു സൈക്കിളിന് ഇങ്ങനെ 500 രൂപയാണ് അധികമായി ഗുജറാത്ത് സർക്കാർ ചെലവാക്കിയത്.
വ്യാഴാഴ്ച ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസ് എംഎൽഎ അമിത് ചാവ്ദയുടെ ചോദ്യത്തിലൂടെയാണ് കോടികളുടെ അഴിമതി പുറത്തായത്. 1.70 ലക്ഷം സൈക്കിളിന് 8.5 കോടി രൂപയുടെ അധിക ചെലവാണ് ഉണ്ടായത്. ഇതോടെ ഗുജറാത്ത് സർക്കാരിന്റെ വലിയൊരു അഴിമതിയാണ് പുറത്തേക്ക് വന്നതെന്ന് പ്രതിപക്ഷം പറഞ്ഞു.
ALSO READ; ദില്ലി അംബേദ്കർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്; 13 സീറ്റിൽ എതിരില്ലാതെ വിജയിച്ച് എസ്എഫ്ഐ
ഒമ്പതാം ക്ലാസ് പെൺകുട്ടികൾക്ക് സ്‌കൂളിൽ പോകുന്നതിനായി സൈക്കിൾ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് അഴിമതി കാരണം പെരുവഴിയിലായിരിക്കുന്നത്. 2023-ൽ, പട്ടികജാതി (എസ്‌സി) വിദ്യാർത്ഥികൾക്ക് 13,300 സൈക്കിളുകളും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (എസ്ഇബിസി) 98,212 സൈക്കിളുകളും സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഗുജറാത്ത് റൂറൽ ഇൻഡസ്ട്രീസ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡ് പട്ടികജാതി വിദ്യാർഥികൾക്ക് 6,829 സൈക്കിളും എസ്ഇബിസി വിദ്യാർഥികൾക്ക് 77,607 സൈക്കിളും മാത്രമാണ് വിതരണം ചെയ്തത്.
അതിനുശേഷം, 2024-ൽ, സർക്കാർ ഗുജറാത്ത് റൂറൽ ഇൻഡസ്ട്രീസ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് പട്ടികജാതി വിദ്യാർഥികൾക്കായി 12,800 സൈക്കിളും എസ്ഇബിസി വിദ്യാർഥികൾക്കായി 1,05,271 സൈക്കിളും ആവശ്യപ്പെട്ടെങ്കിലും സൈക്കിൾ നൽകിയില്ല എന്നുമാണ് സംഭവത്തിൽ ഗുജറാത്ത് സർക്കാർ പ്രതികരിച്ചത്.
വിൽപ്പനക്കാരിൽ നിന്ന് സപ്ലൈസ് വന്നാൽ ഉടൻ വിതരണം ആരംഭിക്കുമെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ വാദം. വലിയ സൈക്കിൾ കുംഭകോണമാണ് നടന്നിരിക്കുന്നത് എന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ കനത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. ഇലക്‌ട്രോണിക്‌സ് ആൻഡ് ക്വാളിറ്റി ഡെവലപ്‌മെന്റ് സെന്ററിന്റെ ഗുണനിലവാര പരിശോധനയിൽ ഗുജറാത്ത് സർക്കാർ അധികവിലകൊടുത്ത് വാങ്ങിയ സൈക്കിളുകൾ ഐഎസ്ഐ മാനദണ്ഡങ്ങൾക്ക് താഴെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

