
അബുദാബി: 54-ാമത് ഈദ് അൽ ഇത്തിഹാദിന് മുന്നോടിയായി, യുഎഇക്കുള്ള തന്റെ സംഗീതാദരവ് ‘ജമാൽ’ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിൽ സമർപ്പിച്ച് ലോകപ്രശസ്ത സംഗീതജ്ഞൻ എ ആർ റഹ്മാൻ. ബുർജീൽ ഹോൾഡിങ്‌സിന്റെ ആശയത്തിന് റഹ്മാൻ സംഗീതം പകർന്ന് യുഎഇയുടെ മണ്ണിൽ ഒരുങ്ങിയ ‘ജമാൽ’ പ്രത്യാശയുടെ ഗാനമാണ്. സംഗീതമാന്ത്രികൻ ജനസാഗരങ്ങളെ സാക്ഷിയാക്കി ഗാനം സമർപ്പിച്ചപ്പോൾ കരഘോഷത്താലാണ് അവരതിനെ സ്വീകരിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക, പൈതൃക മേളകളിലൊന്നാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ. എ ആർ റഹ്‌മാന് ആദരവർപ്പിച്ച് പരിപാടിയിൽ പ്രത്യേക വെടിക്കെട്ടും നടന്നു. സ്ലംഡോഗ് മില്യണയറിലെ ‘ജയ് ഹോ’ ഗാനത്തിന് അനുസരിച്ചായിരുന്നു വെടിക്കെട്ട്. ജമാലിന്റെ ലോക പ്രീമിയറിൽ റഹ്മാനോടൊപ്പം ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ബോർഡ് മെമ്പർ ഒമ്രാൻ അൽ ഖൂരി, ഫെസ്റ്റിവെൽ സംഘാടകർ എന്നിവരും പങ്കെടുത്തു.
യുഎഇയുടെ മൂല്യങ്ങളിൽ വേരൂന്നിയ പ്രത്യാശാഗാനം
ജമാലിലെ ഓരോ വരിയും പ്രത്യാശയുടേതാണ്. ഐക്യം, സഹവർത്തിത്വം, മാനവികത തുടങ്ങി യുഎഇയുടെ മൂല്യങ്ങളാണ് പാട്ടിന്റെ ഉള്ളടക്കം. രാജ്യത്തിന്റെ ഭൂതകാലത്തിൽ തുടങ്ങി വർത്തമാന, ഭാവി കാലങ്ങളിലൂടെയെല്ലാം പ്രേക്ഷകരെ കൈപിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളടങ്ങുന്ന പ്രത്യേക പതിപ്പും ഗാനത്തിനുണ്ട്. വെല്ലുവിളികളെ മറികടക്കാൻ ദൃഢനിശ്ചയം എങ്ങനെ സഹായിക്കുമെന്നും ജമാൽ ആസ്വാദകരെ ഓർമിപ്പിക്കുന്നു.
യുഎഇയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു ഗാനം സംവിധാനം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്നായിരുന്നു എ ആർ റഹ്മാന്റെ പ്രതികരണം. “ഏറെ കാര്യങ്ങൾ ജീവിതത്തിൽ സമ്മാനിച്ച യുഎഇയ്ക്ക് ആദരവായി ഒരു ഗാനം ഒരുക്കാനുള്ള അഭ്യർത്ഥനയുമായാണ് ഡോ. ഷംഷീർ സമീപിച്ചത്. വെല്ലുവിളികളെ ഒറ്റക്കെട്ടായി മറികടക്കുന്ന യുഎഇയോടെയുള്ള ആദരവായി മനസിൽ ഉടലെടുത്ത ഗാനമാണ് ജമാൽ. ദീർഘകാലമായി യുഎഇയുമായി അടുത്ത് പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സംഘർഷങ്ങൾക്ക് ശേഷം സമാധാനം പുലരുമെന്ന പ്രതീക്ഷകൾക്കിടെ ജമാൽ പുറത്തിറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ‘ജമാൽ’ പറയുന്നതും അതുതന്നെയാണ്, കഷ്ടപ്പാടുകളിൽ പ്രത്യാശയ്ക്ക് വഴികാട്ടിയാകാൻ സാധിക്കും,” റഹ്മാൻ പറഞ്ഞു.
Also Read: ദുബായ് സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം
ബുർജീൽ ഹോൾഡിങ്‌സിന്റെയും എ ആർ റഹ്മാന്റെയും മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ‘ജമാൽ.’സമൂഹത്തെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വർഷങ്ങളായി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ആരോഗ്യ പങ്കാളിയായ ബുർജീൽ ഹോൾഡിങ്‌സ് ‘ജമാൽ’ ഗാനത്തിന് രൂപം നൽകിയത്. ‘ജമാൽ’ അവതരിപ്പിക്കാൻ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനേക്കാൾ വലിയ മറ്റൊരു വേദിയില്ലെന്ന് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും ചൂണ്ടിക്കാട്ടി. “തൊഴിലിനായി എത്തുന്നവർക്ക് ജീവിതം നൽകുന്ന നാടാണ് യുഎഇ. നേതൃത്വത്തിന്റെയും ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയുള്ള ഇടം. ഈ നാടിന് ആദരവേകാനുള്ള ഗാനമെന്ന ആശയത്തിന്റെ പൂർത്തീകരണമാണ് ജമാൽ. യുഎഇയുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്ന ഇത്തരമൊരു പദ്ധതിയൊരുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്,” ഡോ. ഷംഷീർ കൂട്ടിച്ചേർത്തു.
എ ആർ റഹ്മാന്റെ മകളും സംഗീത സംവിധായികയുമായ ഖദീജ റഹ്മാൻ നയിക്കുന്ന റൂഹ്-ഇ-നൂർ ബാൻഡിന്റെ തകർപ്പൻ പ്രകടനവും കാണികളെ ആവേശത്തിലാക്കി. ലെബനീസ് അമേരിക്കൻ സംഗീതജ്ഞ മെയ്സ കാരയുടെ പാട്ടുകളും പിയാനോ-കഥക് ഫ്യൂഷൻ അവതരണവും ആഘോഷ രാവിന് കൂടുതൽ മിഴിവേകി. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി എ ആർ റഹ്മാന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ ‘ജമാൽ’ ലഭ്യമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

