കുവൈത്തിലേക്ക് സന്ദർശക വിസയിൽ എത്തുന്നവർ രാജ്യത്തെ താമസ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നോർപ്പിച്ച് അധികൃതർ

kuwait visiting

കുവൈത്തിലേക്ക് സന്ദർശക വിസയിൽ എത്തുന്നവർ രാജ്യത്തെ താമസ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. സന്ദർശക വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്ക് പ്രതിദിനം 10 കുവൈത്ത് ദിനാർ വീതം പിഴ ഈടാക്കുന്ന നിയമം കർശനമായി നടപ്പിലാക്കുന്നതായാണ് റിപ്പോർട്ട്.കുടുംബ സന്ദർശക വിസ, ടൂറിസ്റ്റ് വിസ, കൊമേഴ്‌സ്യൽ വിസ, മൾട്ടിപ്പിൾ എൻട്രി ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലായി രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവർക്കും ഈ വ്യവസ്ഥ ബാധകമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. വിസ കാലാവധി അവസാനിച്ച ശേഷം ഒരു ദിവസം പോലും അധികം താമസിച്ചാൽ അത് നിയമലംഘനമായി കണക്കാക്കുമെന്നും അധികൃതർ അറിയിച്ചു. വിസ കാലാവധി കണക്കാക്കുന്നത് വിസ അനുവദിച്ച തീയതി മുതൽ അല്ല, മറിച്ച് കുവൈത്തിൽ പ്രവേശിച്ച തീയതി മുതൽ ആണെന്നും അധികൃതർ വ്യക്തമാക്കി.

അതിനാൽ വിസയിൽ രേഖപ്പെടുത്തിയ തീയതികൾക്കൊപ്പം എൻട്രി തീയതിയും പരിശോധിച്ച് യാത്രാ തീയതി ഉറപ്പാക്കണമെന്ന് സന്ദർശകർക്ക് നിർദ്ദേശം നൽകി.വിസ കാലാവധി തീർന്ന ശേഷം രാജ്യത്ത് തുടരാൻ യാതൊരു ഇളവുകളും അഥവാ ഗ്രേസ്‌പീരിയഡ് അനുവദിക്കില്ലെന്നും വ്യക്തമാക്കി. നിയമലംഘനം തുടരുന്ന ദിവസങ്ങൾക്കനുസരിച്ച് പിഴ കൂട്ടിച്ചേർക്കപ്പെടും. ഇതോടൊപ്പം, ഈ രീതിയിൽ ഈടാക്കുന്ന പിഴയ്ക്ക് പരമാവധി പരിധി 2000 ദിനാർ ആയി നിശ്ചയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.പിഴ അടയ്ക്കാതെ രാജ്യത്ത് നിന്ന് പുറപ്പെടാൻ അനുവദിക്കില്ലെന്നും, വിമാനത്താവളത്തിലെ യാത്രാ നടപടിക്രമങ്ങളിൽ പിഴ തീർപ്പാക്കൽ നിർബന്ധമാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Also read: കുവൈത്തിൽ റമദാൻ മാസത്തിൽ പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ചു

ദീർഘകാല നിയമലംഘന കേസുകളിൽ നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികളും, ഭാവിയിൽ കുവൈത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് പ്രവേശന വിലക്ക് ഏർപ്പെടുത്താനുള്ള സാധ്യതയും നിലനിൽക്കാമെന്നും മുന്നറിയിപ്പ് നൽകി.സാധാരണഗതിയിൽ കുടുംബ സന്ദർശക വിസകൾക്ക് 1 മാസവും, ടൂറിസ്റ്റ് വിസകൾക്ക് 3 മാസവുമാണ് കാലാവധി ലഭിക്കാറുള്ളത്. എന്നാൽ അനുവദിച്ച കാലാവധി കഴിഞ്ഞാൽ ഉടൻ തന്നെ നിയമലംഘനമായി മാറുന്ന സാഹചര്യത്തിൽ, യാത്രാ ക്രമീകരണങ്ങൾ മുൻകൂട്ടി പൂർത്തിയാക്കി സമയബന്ധിതമായി രാജ്യം വിടുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News